തിരൂര്‍: കേരളത്തില്‍ അവാര്‍ഡുകളും അംഗീകാരവും ലഭിക്കുന്നത് വര്‍ഗീയ ശക്തികളുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന എഴുത്തുകാര്‍ക്കാണെന്നും സാംസ്‌കാരികരംഗത്തെ ഒളിഞ്ഞിരിക്കുന്ന തീവ്രവാദമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ആപത്തെന്നും എഴുത്തുകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടു. തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് കേരളംവര്‍ത്തമാനകാലത്തിന്റെ ആധികള്‍ സെമിനാറില്‍ ‘മനുഷ്യത്വം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം ബഹുമാനിക്കുന്നവര്‍ തീവ്രവാദത്തോട് പരസ്യമായി സഹകരിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. ഇതിനെ തിളങ്ങുന്ന വാര്‍ത്തകളായി മാധ്യമങ്ങള്‍ കാണിക്കുന്നു.

അതിജീവനത്തിന്റെ സാമര്‍ഥ്യവും വരികള്‍ക്കിടയില്‍ വായിക്കാനുളള ശേഷിയുമില്ലാത്തതിനാല്‍ പുതുതലമുറക്ക് ഇത് തിരിച്ചറിയാനാകുന്നില്ല. മഹാവ്യക്തികളുടെ മതതീവ്രവാദം നിശ്ചിത മേഖലകളില്‍ ഒതുങ്ങി നില്‍ക്കുന്നെന്ന്  മനസിലാക്കാനും അവര്‍ക്ക് സാധിക്കുന്നില്ലെന്ന് സക്കറിയ പറഞ്ഞു. തന്റെ ഗോത്രത്തിന്റെ തീവ്രവാദത്തെ ലഘൂകരിക്കുകയും മറ്റ് ഗോത്രക്കാരുടേത് പെരുപ്പിച്ച് കാണിക്കുകയുമാണ് പലരും ചെയ്യുന്നത്. അജ്ഞതയാല്‍ തീവ്രവാദവഴിയിലത്തെിയ യുവാവിനെ മുഖംമൂടിയണിയിച്ച് പിശാചായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ വര്‍ഗീയവാദിയായ സാംസ്‌കാരിക നായകനെ വീട്ടിലത്തെി ആദരിക്കുന്നു.

മതതീവ്രവാദത്തോട് സഹകരിക്കുകയും അവരുടെ അവാര്‍ഡുകള്‍ വാങ്ങുകയും ചെയ്യുക വഴി എഴുത്തുകാര്‍ തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച സാധാരണക്കാരെ അന്ധതയിലേക്ക് നയിക്കുകയാണ്. തീവ്രവാദ സംഘടനകളെ പരസ്യമായി വാഴ്ത്തുന്നവരായി സാഹിത്യകാരന്‍മാര്‍ മാറുന്നു. സാംസ്‌കാരിക നായകരുടെ സഹകരണത്തിനും ന്യായമില്ല. ഹിറ്റ്‌ലറോടും അടിയന്തരാവസ്ഥയോടും സഹകരിച്ച എഴുത്തുകാരെയും കലാകാരന്‍മാരെയും ഇവര്‍ കുറ്റപ്പെടുത്തുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നും സക്കറിയ ചോദിച്ചു.

രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, മതംജാതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നീ മേഖലകളില്‍ നിന്നാണ് മനുഷ്യത്വത്തിനെതിരെ വെല്ലുവിളികള്‍ ഉയരുന്നത്. സെമിനാറില്‍ എം.എന്‍. കാരശേരി അധ്യക്ഷത വഹിച്ചു. എം.ടി. വാസുദേവന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തി. രാജന്‍ ഗുരുക്കള്‍, ബി. ഇക്ബാല്‍, ഖദീജ മുംതാസ്, വൈശാഖന്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.

Malayalam news

Kerala news in English