എഡിറ്റര്‍
എഡിറ്റര്‍
‘റോജ’ സിനിമയല്ല ഇത് ജീവിതം; ഭര്‍ത്താവിന്റെ തിരിച്ചുവരവ് കാത്ത് ഛത്തീസ്ഗഢ് കലക്ടറുടെ ഭാര്യ
എഡിറ്റര്‍
Wednesday 25th April 2012 1:01am

ചത്തീസ്ഗഡ്: ചിലരുടെ ജീവിതങ്ങള്‍ ചിലപ്പോഴൊക്കെ ഒരു സിനിമാ കഥ പോലെ നമ്മുക്കെല്ലാവര്‍ക്കും തോന്നാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരുടെ ജീവിത കഥകള്‍ തന്നെയാണ് സംവിധായകര്‍ സ്‌ക്രീനില്‍ എത്തിക്കുന്നത്. പറഞ്ഞു വരുന്നത് സിനിമയുണ്ടാക്കുന്നതിനെ കുറിച്ചല്ല. ഒരു സിനിമ കഥയെങ്ങനെ ജീവിതത്തില്‍ എത്തുന്നു എന്നതിനെ കുറിച്ചാണ്.

1992ല്‍ മണിരത്‌നം പുറത്തിറക്കിയ റോജ എന്ന സിനിമ നമ്മളെല്ലാവരും കണ്ടതാണ്. നവദമ്പതികളായ റോജയുടെയും റിഷികുമാറിന്റെയും സ്വപ്‌നങ്ങള്‍ എങ്ങനെയാണ് തട്ടിത്തെറിപ്പിക്കപ്പെട്ടതെന്നും. സമാനമായ സംഭവം തന്നെയാണ് ഇന്നലെ ചത്തീസ്ഗഡില്‍ അരങ്ങേറിയതും. വിവാഹം കഴിഞ്ഞു അഞ്ചു മാസം മാത്രമായ അലക്‌സ് പോള്‍ മേനോന്‍ എന്ന സുക്മ ജില്ലാ കലക്ടറെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോവുകയായിരുന്നു. റോജ എന്ന സിനിമയില്‍ സംവിധായകന്‍ ആസ്വാദകരെ ഏതൊക്കെ വഴിയിലൂടെയാണോ കൊണ്ടുപോവുന്നത് അതേ രീതിയില്‍ തന്നെയാണ് അലക്‌സിന്റെയും ഭാര്യ ആശ അലക്‌സിന്റെയും ജീവിതം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്.

അലക്‌സും ആശയും വിവാഹിതരായിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂ. വീട്ടുക്കാരുടെ താല്‍പര്യപ്രകാരം നടത്തിയ വിവാഹമായതിനാല്‍ തുടക്കത്തില്‍ അവര്‍ക്കിടയില്‍ വലിയ തോതിലുള്ള ഒരു ആത്മബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഒരു ഐ.എ.എസുകാരനെ വിവാഹം കഴിക്കാന്‍ ആശയ്ക്കു തീരെ താല്‍പര്യമില്ലായിരുന്നു. ഐ.എ.എസുകാര്‍ക്കു തിരക്കൊഴിഞ്ഞ സമയം ഉണ്ടാവില്ലെന്ന ധാരണയായിരുന്നു ആശയെ അങ്ങനെ ചിന്തിപ്പിച്ചത്. കാലക്രമേണ അടുത്തു ഇടപഴകാന്‍ തുടങ്ങിയപ്പോഴാണ് രണ്ടു പേരും മനുഷ്യസ്‌നേഹികളാണെന്നു മനസ്സിലായത്. അലക്‌സ് തെറ്റിധാരണകള്‍ തന്റെ ഓരോ പ്രവര്‍ത്തനങ്ങളാല്‍ മാറ്റിയെടുത്തു. രണ്ടു പേരും കൂടുതലായി അടുത്തിയപഴകി പെരുമാറാനും തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയത്.

‘എനിക്കുറപ്പുണ്ട് എന്റെ ഭര്‍ത്താവ് എത്രയും പെട്ടന്ന് തന്നെ തിരിച്ചു വരുമെന്ന്. അദ്ദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങളോ മറ്റോ മാവോയിസ്റ്റുകള്‍ പുറത്തു വിടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ശബ്ദമെങ്കിലും കേള്‍ക്കണമെന്ന് എനിയ്ക്ക് അതിയായ ആഗ്രഹവുമുണ്ട്’. അലക്‌സ് പോള്‍ മേനോന്റെ ഭാര്യ ആശാ അലക്‌സ് പറയുന്നു. അലക്‌സിനെ ഇന്നലെയായിരുന്നു മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയത്.

താനിപ്പോള്‍ നല്ല മാനസികാവസ്ഥയിലല്ലെന്നും താന്‍ പത്രക്കാരുടെ മുന്നില്‍ കരയുന്നത് തന്റെ ഭര്‍ത്താവിനെ കൂടുതല്‍ വിഷമിപ്പിക്കുമെന്നും അവര്‍ പറയുന്നു. വൈകാരികപ്രകടനങ്ങള്‍ തന്റെ ഭര്‍ത്താവിന്റെ മോചനത്തിന് സഹായമാവില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചത്തീസ്ഗഡ് സര്‍ക്കാറിന്റെ നടപടിയില്‍ താന്‍ തൃപ്തയാണെന്നും സര്‍ക്കാര്‍ കഴിവിന്റെ പരമാവധി അലക്‌സിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇന്നലെയും എല്ലാ ദിവസത്തെയും പോലെ അദ്ദേഹം ഗ്രാമാന്തരങ്ങളിലേക്കു ജനസമ്പര്‍ക്കത്തിനായി പോയതായിരുന്നു. അദ്ദേഹം ഇതിനു മുമ്പും ഇത്തരം യാത്രകള്‍ നടത്തിയിട്ടുണ്ട് -ആശ പറഞ്ഞു. അലക്‌സിന് പത്തു വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അമ്മ മരിച്ചത്. പിന്നീട് അദ്ദേഹത്തെ വളര്‍ത്തിയതും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനവാന്‍ എല്ലാ പ്രേരണയും നല്‍കിയത് അലക്‌സിന്റെ പിതാവ് വരദാസ് ആണ്. താന്‍ മാവോയിസ്റ്റുകളുമായി ഇടപഴകാത്തതിനാല്‍ അവരെക്കുറിച്ചു അഭിപ്രായം പറയാന്‍ കഴിയില്ലെന്നും തന്റെ ഭര്‍ത്താവിനെ ഉടന്‍ തന്നെ വിട്ടയക്കണമെന്നും മാവോയിസ്റ്റുകളോട് ആശ അഭ്യര്‍ഥിച്ചു.

Advertisement