ഇട്ടുമൂടാന്‍ പണം തരാമെന്ന് പറഞ്ഞാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് കോളിവുഡ് സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തും കമലഹാസനും. ലക്ഷങ്ങളും കോടികളും വാഗ്ദാനം നല്‍കി നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളും ഇവരുടെ വീടിനു മുന്നില്‍ ക്യൂനില്‍ക്കുന്ന സാഹചര്യത്തിലാണ് താരരാജാക്കന്‍മാരുടെ ഈ പ്രഖ്യാപനം. കോടികള്‍ വാദ്ഗാനം നല്‍കി പരസ്യചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യാന്‍ വേണ്ടിയെത്തുന്നവരെ കാണാന്‍ പോലും ഇവര്‍ തയ്യാറാവുന്നില്ലെന്നാണ് അറിയുന്നത്.

പഴയ കാലത്തെല്ലാം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത് മോഡലുകളായിരുന്നു. എന്നാല്‍ പരസ്യമാര്‍ക്കറ്റില്‍ താരങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, അമിതാഭ് ബച്ചന്‍, അഭിഷേക് തുടങ്ങിയ പ്രമുഖരെല്ലാം കോടികളാണ് ഓരോ വര്‍ഷത്തിലും പരസ്യചിത്രങ്ങളിലൂടെ നേടുന്നത്. പരസ്യങ്ങളുടെ കാര്യത്തില്‍ നടിമാരും ഒട്ടും പിറകിലല്ല. സൂപ്പര്‍ താരങ്ങളെ ലഭിക്കാന്‍ എത്ര പൈസ വേണമെങ്കിലും എറിയാന്‍ കമ്പനികള്‍ തയ്യാറുമാണ്. ഈ സാഹചര്യത്തിലാണ് കമലും രജനിയും ആ പണം വേണ്ടെന്ന് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

Subscribe Us:

വിശ്വാസ്യതയും ധാര്‍മികയും നോക്കാതെ താരങ്ങള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വൈകിട്ടെന്താ പരിപാടിയെന്ന് ചോദിച്ച് മോഹന്‍ലാല്‍ മദ്യക്കമ്പനിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് സുകുമാര്‍ അഴീക്കോട് പരസ്യമായി വിമര്‍ശിച്ചിരുന്നു. ആപ്പില്‍ എ ഡേ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടി ഗായിക ചിത്ര പരസ്യത്തില്‍ അഭിനയിച്ചതും മണിചെയിന്‍ കമ്പനിയായ നാനോ എക്‌സലിനുവേണ്ടി അവതാരിക രഞ്ജിനി ഹരിദാസ് പ്രത്യക്ഷപ്പെട്ടതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സിനിമകളില്‍ നിന്ന് തന്നെ ഓരോ വര്‍ഷവും കോടികള്‍ കൊയ്‌തെടുക്കുന്ന സൂപ്പര്‍താരങ്ങള്‍ മുന്നും പിന്നും നോക്കാതെ പരസ്യചിത്രങ്ങളിലൂടെ പണം കൊയ്യുന്നത് വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ കമലും രജനിയുമാണ് താരം.