പി എസ് റംഷാദ്
വീണ്ടുമൊരു രാജ്യസഭാ സീറ്റു വിവാദകാലം കൂടി കഴിഞ്ഞു. മൂന്നുസീറ്റും ഏഴ് അവകാശികളുമായാണു തുടങ്ങിയതെങ്കിലും ഒടുവില്‍ നേരവകാശികളെ രണ്ടു മുന്നണികളിലെയും മുഖ്യകക്ഷികള്‍ തന്നെ പതിവുപോലെ തീരുമാനിച്ചു. മാര്‍ച്ച് 26നാണു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതാവശ്യമില്ല. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ 19നുതന്നെ തീരുമാനമാകും. എ കെ ആന്റണി, ടി എന്‍ സീമ, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ രാജ്യസഭാംഗങ്ങള്‍ . സി പി ഐ എമ്മിന് അധികമായി ഒന്നു ലഭിക്കുന്നു, മുസ്ലിം ലീഗിന് രാജ്യസഭാ പ്രാതിനിധ്യമില്ല. കാലാവധി കഴിഞ്ഞ മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം യു ഡി എഫിന്റേതും (ആന്റണി, പി വി അബ്ദുള്‍ വഹാബ്) ഒന്ന് എല്‍ ഡി എഫിന്റേതും (എ വിജയരാഘവന് ) ആയിരുന്നെങ്കിലും അവരെ തെരഞ്ഞെടുത്തപ്പോള്‍ ഭരിച്ചിരുന്ന യു ഡി എഫ് അല്ലല്ലോ ഇപ്പോള്‍ ഭരണത്തില്‍ . എം എല്‍ എമാരുടെ എണ്ണം കൂടുതലുള്ളത് എല്‍ ഡി എഫിനാണു താനും. അതുകൊണ്ട് എല്‍ ഡി എഫിനു രണ്ട്, യു ഡി എഫിനു ഒന്ന്.
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സാങ്കേതികക്കുരുക്കിനെക്കുറിച്ചു സംശയമുള്ള വായനക്കാരുണ്ടാകും. ആകെ നിയമസഭാംഗങ്ങളുടെ എണ്ണത്തെ നാലായി ഭാഗിച്ച്, ഓരോ ഭാഗത്തിന്റെയുമൊപ്പം ഒന്നു കൂടി ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന എണ്ണമാണ് ഒരാളെ ജയിപ്പിക്കാന്‍ വേണ്ടത്. അതായത് കേരള നിയമസഭയിലെ എം എല്‍ എമാരുടെ എണ്ണം 141 ( നോമിനേറ്റഡ് അംഗത്തെക്കൂടി ചേര്‍ക്കുമ്പോള്‍ ). 141ന്റെ നാലിലൊന്ന് 35.25. 35.25 + 1 = 36. 25. ഫലത്തില്‍ 36 എം എല്‍ എമാരുടെ വോട്ടു ലഭിച്ചാല്‍ ഒരാള്‍ക്കു രാജ്യസഭാംഗമാകാം. യു ഡി എഫിനു നിലവിലുള്ളത് 41. എല്‍ ഡി എഫ് 99. എല്‍ ഡി എഫിനു രണ്ടു പേരെ ജയിപ്പിച്ച ശേശം 29 വോട്ടുകള്‍ ബാക്കുയുണ്ട്. എന്നാല്‍ മൂന്നാമനെ ജയിപ്പിക്കാന്‍ അതുപോര. യു ഡി എഫിന് ഒരാളെ ജയിപ്പിച്ചു കഴിഞ്ഞ് അഞ്ചു വോട്ടുകള്‍ കൂടിയുണ്ട്. അതുകൊണ്ടുമില്ല കൂടുതല്‍ കാര്യം. മുമ്പ് കോണ്‍ഗ്രസിലെ ഗ്രൂപ്പു പോര് മൂര്‍ധന്യത്തിലായിരുന്ന കാലത്ത് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ കരുണാകരപക്ഷം കോടോത്ത് ഗോവിനദന് നായരെ രംഗത്തിറക്കിയതു പോലുള്ള സന്ദര്‍ഭങ്ങളിലേ തെരഞ്ഞെടുപ്പ് അനിവാര്യമാകാറുള്ളു.
കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ജനതാദള്‍ ഗൗഡ വിഭാഗവും പേരിനൊന്നു ശ്രമിച്ചു പിന്മാറിയെങ്കിലും രണ്ടിലൊന്നു വേണമെന്നു വാദിച്ചുറച്ചു നില്‍ക്കാനാണ് ആര് എസ് പി ശ്രമിച്ചത്. പക്ഷെ, ഫലമുണ്ടായില്ല. എല്‍ ഡി എഫ് ഏകോപന സമിതി യോഗം പലതവണ ചേരുകയും പിരിയുകയും ചെയ്ത് മാരത്തണ്‍ ആലോചന നടത്തിയപ്പോഴും ആര് എസ് പിക്ക് അറിയാമായിരുന്നു ഒന്നും സംഭവിക്കില്ലെന്ന്. കാരണം വാദമൊക്കെ പേരിനായിരുന്നു. എന്തിന്, ആര്‍ക്കുവേണ്ടി സീറ്റ് തരണമെന്നോ അതിന്റെ ന്യായീകരണങ്ങളോ നിരത്താന്‍ മുന്നണി യോഗത്തില്‍ ഇത്തവണയും ആര് എസ് പി സംസ്ഥാന നേതൃത്വം മിനക്കെട്ടില്ല. കിട്ടിയാല്‍ അതു പോകുന്നത് മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവിലെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ടി ജെ ചന്ദ്രചൂഡനു വേണ്ടിയാണെന്നതു തന്നെ കാരണം. സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ളയും ചന്ദ്രചൂഡനും തമ്മിലുള്ള വിഖ്യാതമായ പോര് ആര് എസ് പിയുള്ളിടത്തൊക്കെ പ്രശസ്തമാണല്ലോ. ചവറ, ഇരവിപുരം, പിന്നെ ബംഗാളില്‍ ചവറയുണ്ടെങ്കില് അവിടെ…. ഏതായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50% വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ക്യാബിനറ്റ് തീരുമാനിച്ചപ്പോള്‍ തന്നെ കേരളത്തില്‍ അതിനു നിയമ നിര്‍മാണം നടത്തിയ എല്‍ ഡി എഫ് ( എന്നുവെച്ചാല്‍ സി പി ഐ എം), നിയമനിര്‍മാണ സഭകളില്‍ 33% സംവരണത്തെക്കുറിച്ചു രാജ്യവ്യാപക ചര്‍ച്ച തുടങ്ങുകയും രാജ്യസഭാ ചര്‍ച്ച കഴിയുകയും ചെയ്ത പിന്നാലെ ലഭിച്ച ആദ്യ അവസരം വിനിയോഗിച്ചിരിക്കുന്നു. കുറ്റം പറയാനാകില്ല ആര്‍ക്കും. കൈരളി ചാനല്‍ ചെയര്മാന് മമ്മൂട്ടിയും എംഡി ജോണ്‍ ബ്രിട്ടാസും ഉള്‍പ്പെടെ പല പേരുകള്‍ കേട്ടെങ്കിലും ഒരു മാധ്യമത്തിനും എക്സ്ക്ലൂസീവ് ആയി ബ്രേക്ക് ചെയ്യാന്‍ കഴിയാതിരുന്ന തീരുമാനമെടുത്തിരിക്കുന്നു സി പി ഐ എം. ഒരുപാടു കുഴപ്പങ്ങളുണ്ടെങ്കിലും സി പി എമ്മിനെ നിഷേധിക്കാന്‍ രാജ്യത്തിനു കഴിയാത്തത് ഇത്തരം ചങ്കുറപ്പുള്ള തീരുമാനങ്ങളുടെയും നിലപാടുകളുടെയും പേരിലാണ്.
ആര് എസ് പിയോടു പോയി പണിനോക്കാന്‍ പറഞ്ഞതിന്റെ ഇംപാക്ട് കാര്യമായുണ്ടാകില്ലെന്നു സി പി ഐ എം കരുതുന്നു. പൊടുന്നനെ യു ഡി എഫ് ഘടകകക്ഷിയാവുക എളുപ്പമല്ലെന്ന് അറിയുന്നതുകൊണ്ടുതന്നെയാണത്. ദേശീയതലത്തില്‍ ഇടതുപാര്‍ട്ടികളുടെ നേതൃനിരയില്‍ സി പി ഐ എമ്മിനും സി പി ഐക്കുമൊപ്പം ആര് എസ് പിക്കും ഇടമുണ്ട്, പ്രസക്തിയും. അതുകൊണ്ട് കേരളത്തിലെ പിണക്കം കടുംകൈകള്‍ക്ക് കാരണമാകില്ലെന്നുറപ്പ്. പരിഹരിക്കേണ്ടത് ആര് എസ് പി സംസ്ഥാന സെക്രട്ടറിയും ദേശീയ ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള പടലപ്പിണക്കമാണ്. അതാകട്ടെ സി പി ഐ എമ്മിന്റെ ഉത്കണ്ഠയല്ല താനും.
മുസ്ലിം ലീഗിനു രാജ്യസഭാ പ്രാതിനിധ്യമില്ലാതെ വന്നത് അവരങ്ങു സഹിച്ചത് ലീഗിന്റെ പതിവു പ്രഖ്യാപിത രാഷ്ട്രീയ മാന്യത മൂലമാണ്. മുമ്പ് കെ കരുണാകരനു പകരം മുഖ്യമന്ത്രിയാകാന്‍ ആന്റണിക്ക് വേണ്ടി പി കെ അബ്ദുറബ്ബിനെ രാജിവെപ്പിച്ച് തിരൂരങ്ങാടി നിയമസഭാ സീറ്റ് നല്കി വിജയിപ്പിച്ചെടുത്ത അതേ രാഷ്ട്ീയ മാന്യയുടെ തുടര്‍ച്ച. 2012ല്‍ വരുന്ന ഒഴിവുകളിലൊന്ന് തങ്ങള്‍ക്കു നല്കി കോണ്‍ഗ്രസ് തിരിച്ചു മാന്യത കാണിക്കുമെന്നു ലീഗ് പ്രതീക്ഷിക്കുന്നുമുണ്ട്. അതിനു മുമ്പു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ച് അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷയാണ് മറ്റേ പ്രതീക്ഷയുടെ കാതല്‍ .
മറ്റൊന്നുകൂടിയുണ്ട്. ഒരുപക്ഷേ, അതിലും പ്രധാനപ്പെട്ടത്്. മലപ്പുറത്തു അധികമായി നിലവില്‍ വരുന്ന നിയമസഭാ സീറ്റുകള്‍ നാല്. അതില്‍ മൂന്നെണ്ണത്തില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നാണ് ആര്യാടന്റെയും മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ആഗ്രഹം. സ്വന്തം തട്ടകത്തില്‍ അധികമായി നിലവില്‍ വരുന്ന നാലില്‍ മൂന്ന് വിട്ടുകൊടുത്ത് എക്കാലത്തേക്കുമായി മണ്ടത്തരം കാണിക്കാന്‍ ലീഗ് തയ്യാറല്ല. അതുകൊണ്ട് പകുതി, അതായത് നാലില്‍ രണ്ട് സീറ്റുകള്‍ ലീഗ് ആവശ്യപ്പെടുന്നു. അത് തുറന്ന ചര്‍ച്ചകളിലേക്കു വന്നിട്ടില്ല. അതിനു മുമ്പു ലഭിച്ച വിലപേശല്‍ അവസരമാണ് രാജ്യസഭാ സീറ്റ് ചര്‍ച്ച. അതു വഷളാക്കാതെയും കെ.എം മാണിയപ്പോലെ വെപ്രാളവും പരവേശവും കാട്ടാതെയും കൈകാര്യം ചെയ്തതാണ് ലീഗിന്റെ സാമര്‍ത്ഥ്യം.
മാണിക്ക് സ്ഥിരമായി പറ്റിക്കൊണ്ടിരിക്കുന്ന മണ്ടത്തരം കാണുന്നതാണല്ലോ കേരളം. ഇപ്പോഴെത്ര തവണയായി രാജ്യസഭാ സീറ്റ് ചോദിച്ച് നിരാശ തിരിച്ചുവാങ്ങുന്നു? അതിനിടയില്‍ കോട്ടയം ലോക്സഭാ സീറ്റ് മകനുവേണ്ടി വാങ്ങിയെടുത്തു വിജയിപ്പിക്കാനായത് നേട്ടമായി പറയാം. എങ്കില്‍ പിന്നെ ഈ രാജ്യസഭാ സീറ്റ് ചോദ്യം ഇനിയെങ്കിലും ഒന്നു നിര്‍ത്തിക്കൂടെ.
അതാണു വേണ്ടത്. പക്ഷേ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെയാണു മാണിയുടെയും കണ്ണ്. വിശദാംശങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു. ഡീലിമിറ്റേശനില് ഇല്ലാതായ വാഴൂര്‍ സീറ്റിനു പകരം സീറ്റ് വേണം. കൂടെക്കൂടിയ പി സി ജോര്‍ജ്ജിനെ തൃപ്തിപ്പെടുത്താന്‍ അധികം സീറ്റുകള്‍ വേണം….
അതെ, രാജ്യസഭാ സീറ്റ് തര്‍ക്കം യതാര്‍ത്ഥത്തില്‍ രാജ്യസഭാ സീറ്റിനു വേണ്ടിയായിരുന്നില്ല. യു ഡി എഫിലെങ്കിലും.
