തിരുവനന്തപുരം: ഇടതു മുന്നണിയുടെ ഇരുരാജ്യസഭ സീറ്റുകളിലും സി പി ഐ എം മത്സരിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. ആര്‍ എസ് പിയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇന്ന് നടന്ന യോഗത്തില്‍ തീരുമാനം ഉണ്ടായത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി അഞ്ചുവട്ടമാണ് രാജ്യസഭ സീറ്റ് പ്രശ്‌നം ചര്‍ച്ച ചെയ്തത്. എന്നാല്‍ ആര്‍ എസ് പിയുടെ പ്രതിഷേധം അങ്ങിനെയങ്ങ് പ്രഖ്യാപിക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണ പിള്ള യോഗത്തിന് ശേഷം പ്രതികരിച്ചു. മുന്നണിയുടെ കൂട്ടായ തീരുമാനമാണിതെന്ന് കരുതിന്നില്ല. എന്നാല്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ മുന്നണി വിടില്ല. മുന്നണി വിടാനുള്ള സാഹചര്യം ഇപ്പോഴില്ല. ബംഗാളിലും കേരളത്തിലും ആര്‍ എസ ്പി ഇടതുമുന്നണിയുടെ ഭാഗമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നിയമസഭയുടെ കാലാവധിയില്‍ ഭരണമുന്നണിക്ക് ആറ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുത്തയയ്ക്കാന്‍ കഴിയുമെന്നും നിയമസഭാംഗങ്ങളുടെ എണ്ണം നോക്കിയാല്‍ ഇതില്‍ അഞ്ച് സീറ്റിനും സി പി ഐ എമ്മിന് അര്‍ഹതയുണ്ടെന്നും പിണറായി വിജയന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇത്തവണ രണ്ട് രാജ്യസഭാംഗങ്ങളെ ലഭിച്ചാലും സി പി ഐ എമ്മിന് കേരളത്തില്‍ നിന്ന് മൊത്തം നാല് രാജ്യസഭാംഗങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്നും പിണറായി യോഗത്തില്‍ വിശദീകരിച്ചു. ഗണിതശാസ്ത്ര യുക്തികളും അംഗസംഖ്യയും കൊണ്ടല്ല രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് വി പി രാമകൃഷ്ണപിള്ള തിരിച്ചടിച്ചു.

ഇരുസീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ സി പി ഐ എമ്മും ഒരു രാജ്യസഭാ സീറ്റ് തങ്ങള്‍ക്കാവണമെന്ന നിലപാടില്‍ ആര്‍ എസ് പി യും ഉറച്ചുനിന്നു. മൂന്ന് വര്‍ഷം വീതം സി പി ഐ എമ്മും ആര്‍ എസ് പിയും സീറ്റ് പങ്കിടണമെന്ന വെളിയത്തിന്റെ നിര്‍ദേശവും സി പി ഐ എം തള്ളി. മറ്റു ഘടകകക്ഷികളായ ജനതാദള്‍ എസും കേരളാ കോണ്‍ഗ്രസ് ജെയും സീറ്റ് വേണമെന്ന ആവശ്യം പിന്‍വലിക്കില്ലെന്ന് എല്‍ ഡി എഫ് യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ സി പി ഐ എം കടുത്ത നിലപാട് എടുത്തപ്പോള്‍ ഇവരും സി പി ഐ എമ്മിന് അനുകൂലമായി തീരുമാനമെടുത്തു. ആര്‍ എസ് പി ദേശീയ സെക്രട്ടറി എന്ന നിലയില്‍ ടി ജെ ചന്ദ്രചൂഡന് സീറ്റ് നല്‍കേണ്ടതല്ലേയെന്ന് വെളിയം ചോദിച്ചത് ഒഴിച്ചാല്‍ സി പി ഐ പൊതുവേ മൗനം പാലിച്ചതും സി പി ഐ എമ്മിന് സഹായകരമായി.