പോലീസ് റെയ്ഡില്‍ ശ്രീശാന്ത് താമസിച്ച മുറിയില്‍ നിന്ന് പണവും ലാപ്‌ടോപ്പും ഡയറിയും പിടിച്ചെടുത്തു
DSport
പോലീസ് റെയ്ഡില്‍ ശ്രീശാന്ത് താമസിച്ച മുറിയില്‍ നിന്ന് പണവും ലാപ്‌ടോപ്പും ഡയറിയും പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2013, 10:53 pm

മുംബൈ: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രിക്കറ്റ് താരം ശ്രീശാന്ത് താമസിച്ചിരുന്ന മുംബൈ ബാന്ദ്രയിലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ റെയ്ഡില്‍ പണവും ലാപ്‌ടോപും പിടിച്ചെടുത്തതായി മുംബൈ പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.[]
കൂടാതെ ശ്രീശാന്തിന്റെ ഐ പാഡും, ഡയറിയും പോലീസ് റൈഡില്‍ കണ്ടെടുത്തിട്ടുണ്ട്. ഡയറിയിലെ കുറിപ്പുകള്‍ ഇംഗ്ലീഷിലും മലയാളത്തിലുമാണ്. വാതുവെപ്പില്‍ പിടിയിലായ മറ്റൊരു കളിക്കാരനായ അജിത് ചണ്ഡിലയുടെ വീട്ടിലും പൊലീസ് ശനിയാഴ്ച റെയ്ഡ് നടത്തി.[]

മുംബൈയിലെ ബാന്ദ്ര ഹോട്ടലില്‍ ശ്രീശാന്ത് നേരിട്ട് പോയാണ് ബുക്ക് ചെയ്തത്. ഇത് ടീമിന് അനുവദിച്ച റൂമല്ലായിരുന്നു.
മെയ് 13നാണ് ജിജു ജനാര്‍ദനനും ശ്രീശാന്തും ഹോട്ടലിലെത്തിയത്. ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മുംബൈ പൊലീസ് ജോയിന്റ് കമ്മീഷ്ണര്‍ ഹിമാന്‍ഷു റോയ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

40 ലക്ഷത്തില്‍ 10 ലക്ഷം മാത്രമാണ് ശ്രീശാന്തിന് ലഭിച്ചത്. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് സംസാരിച്ചിട്ടില്ല. ഇടപാടുകള്‍ എല്ലാം ഉറപ്പിച്ചത് ജിജു ജനാര്‍ദ്ദനന്‍ വഴിയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, ഐ.പി.എല്‍ വാതുവെപ്പില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചണ്ഡില എന്നിവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ശനിയാഴ്ച നാലു മണിക്കൂറോളം മൂന്ന് താരങ്ങളെയും ചോദ്യം ചെയ്തു. മിക്ക ചോദ്യങ്ങള്‍ക്കും അതെ, അല്ല എന്നാണ് ശ്രീശാന്ത് ഉത്തരം നല്‍കിയതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ ഹാജരാക്കിയ എഫ്.ഐ.ആറില്‍ ശ്രീശാന്തിന്റെ പേരില്ല. ശ്രീശാന്തിനൊപ്പം അറസ്റ്റിലായ മറ്റ് മൂന്ന് കളിക്കാരുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടില്ല.

മെയ് 9നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സാകേതിലെ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ എഫ്.ഐആറിലാണ് ശ്രീശാന്തിന്റെ പേര് ഉള്‍പ്പെടുത്താത്തത്. ഏപ്രില്‍ ആദ്യ ആഴ്ച ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന് രഹസ്യവിവരം ലഭിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട പ്രഥമിക അന്വേഷണം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയില്‍ വെച്ചാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെയും 11 വാതുവെപ്പുകാരെയും ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരെ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് വ്യാഴാഴ്ച അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
എന്നാല്‍ ശ്രീശാന്തിന്റെ വീട്ടില്‍ റൈഡ് നടത്തുമോ എന്ന  മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യത്തിന് ശ്രീശാന്തിന്റെ വീട്ടില്‍ ഇപ്പോള്‍ അന്വേഷണമോ, റൈഡോ നടത്തേണ്ടതില്ലെന്ന്  മുംബൈ പോലീസ് അറിയിച്ചു.