കൊച്ചി: ഗണേഷ് കുമാര്‍ കേരളാ രാഷ്ട്രീയത്തിലെ സന്തോഷ് പണ്ഡിറ്റാണെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിള്ള. കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് നുണ മാത്രമേ പറയൂ. ഗണേഷ് കുമാര്‍ പാര്‍ട്ടിക്കെതിരായുള്ള നീക്കം തുടര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കും. ഇതു സംബന്ധഇച്ച് മൂന്ന് ദിവസത്തിനകം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമെന്നും പിള്ള പറഞ്ഞു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമില്ലാത്ത അവസ്ഥയിലാണ് ഗണേഷ് എം.എല്‍.എ ആയത്. ആര്‍ക്കാണെങ്കിലും തെറ്റു പറ്റും. അന്ന് അടയ്ക്കയായിരുന്നു. ഇന്ന് അടയ്ക്കാ മരമായി. ഗണേഷിനെ പോലൊരു മന്ത്രി പാര്‍ട്ടിയ്ക്ക് ഇല്ലെന്നാണ് കരുതുന്നത്. ഗണേഷിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാര്‍ട്ടി സെക്രട്ടേറിയേറ്റ് തീരുമാനിക്കും. നടപടിയെടുക്കുന്നതില്‍ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഏത് കടുത്ത തീരുമാനത്തിനും മുതിരുമെന്നും പിള്ള ഗണേഷിന് മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടിയുടെ മന്ത്രിയെ തട്ടിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കരുതെന്നും ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കാര്യങ്ങള്‍ യു.ഡി.എഫ് നേതാക്കളെ അറിയിക്കും. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പല ഉന്നതരും എന്‍.എസ്.എസ്സും ശ്രമിച്ചു. യു.ഡി.എഫ് പ്രശ്‌നം പരിഹരിക്കുമെന്നാണു പ്രതീക്ഷ. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ പ്രശ്‌നം ഉന്നയിക്കും. യോഗത്തിലേക്ക് മന്ത്രിയെ അയക്കില്ലെന്നും പിള്ള പറഞ്ഞു.

അതേസമയം, കേരളാ കോണ്‍ഗ്രസ് (ബി) ന്റെ നേതൃയോഗത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മന്ത്രി പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ മന്ത്രി നേരിട്ടു നോമിനേഷനുകള്‍ നടത്തുകയാണെന്നും മന്ത്രിയുടെ ഓഫിസില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ ആട്ടിപ്പായിക്കുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. പലതവണ താക്കീത് ചെയ്തിട്ടും അനുസരിക്കാത്ത ഗണേഷിനെതിരെ നടപടി വേണമെന്നും മന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നും ആവശ്യം ഉയര്‍ന്നു.

വനം മന്ത്രിയുടെ അടുത്തു ശുപാര്‍ശയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകേണ്ടതില്ല. പാര്‍ട്ടിക്ക് അങ്ങനെയൊരു മന്ത്രിയില്ലെന്നു കരുതിയാല്‍ മതിയെന്ന് പിള്ള യോഗത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ സി.പി.ഐ, സി.പി.ഐ.എം പ്രവര്‍ത്തകരാണുള്ളത്. ഗണേഷ് കുമാറിന്റെ പ്രവൃത്തികള്‍ വിശദീകരിക്കുന്നതിനിടെ വയനാട് ജില്ലാ പ്രസിഡന്റ് പൊട്ടിക്കരഞ്ഞു പോയി. അച്ഛനും മകനുമെന്നതല്ല പ്രശ്‌നം. തന്നെ സംബന്ധിച്ച് ഒപ്പം നിന്ന പാര്‍ട്ടിയാണ് പ്രധാനമെന്ന് പിള്ള വ്യക്തമാക്കി.

വി.എസ്.അച്യുതാനന്ദനെ ഇരുത്തി വിമര്‍ശിച്ചാല്‍ പോലും അദ്ദേഹം യോഗങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകാറില്ല, എന്നിട്ടാണ് ഗണേഷ് കുമാര്‍ കഴിഞ്ഞ പാര്‍ട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ഗണേഷ് കുമാറിനു ബുദ്ധിമുട്ടാണെങ്കില്‍ വനം വകുപ്പു തിരിച്ചേല്‍പ്പിക്കട്ടെ. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗണേഷിനൊപ്പമല്ല. മന്ത്രിയേയും എം.എല്‍.എയും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. മുന്നണി വകുപ്പ് മാത്രമാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രി തുടരണോയെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാം. നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയോട് ആത്മാര്‍ഥത കാണിക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.

ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ രണ്ടു തവണ ഗണേഷിന് കത്തു നല്‍കിയിരുന്നു. ഒരു കത്ത് തപാലിലും അയച്ചിട്ടും അദ്ദേഹം യോഗത്തിനെത്തിയില്ലെന്ന് പിള്ള ആരോപിച്ചു. എന്നാല്‍, യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണെന്നും തനിക്ക് പറയാനുള്ളതെല്ലാം പിന്നീട് പറയുമെന്നും ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് ബി സംസ്ഥാന കമ്മിറ്റി, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി. മുല്ലപ്പെരിയാര്‍ സമരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരത്തിനായി ചപ്പാത്തിലേക്ക് പോകാന്‍ തീരുമാനമായി. എല്ലാ കേരളാ കോണ്‍ഗ്രസുകളും ഒരുമിച്ച് സമരം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. അതിനിടെ, ഗണേഷിനെ അനുകൂലിച്ച് പിള്ള താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിനു മുന്നില്‍ രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പിന്നീട് ഇത് നീക്കം ചെയ്തു.

Malayalam News

Kerala News in English