കാന്താരി/ പി എസ് റംഷാദ്
മനുഷ്യന്റെ നിറം മാറ്റത്തിനെത്രയാണു നിറങ്ങള്‍? ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. മനുഷ്യനെ സംബന്ധിച്ച മറ്റു പല കാര്യങ്ങളും പോലെതന്നെ ഇതും. ഓന്തിനെപ്പോലെ നിറം മാറുന്നവര്‍ എന്നൊക്കെപ്പറഞ്ഞു പലരെയും പരിഹസിക്കാറുണ്ട്. നിന്നനില്പില്‍ പല സ്വഭാവം കാണിക്കുന്നവരെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. ഏതായാലും ഒന്നുറപ്പാണ്; അടുത്തുനിന്നു ചുമലില്‍ കയ്യിട്ടവനു പോലും പലപ്പോഴും ഈ നിറം മാറ്റം മുന്‍കൂട്ടി അറിയാന്‍ കഴിയണമെന്നില്ല. അതുപോലെതന്നെ മറ്റൊന്നുമുണ്ട്. നേരത്തേ തരംപോലെ നിറംമാറിയും കളംമാറിയും കളിച്ചവരുടെ തനിനിറങ്ങള്‍ കാലക്രമേണ മറ്റുള്ളവര്‍ മറക്കുകയോ മറന്നുവെന്നു നടിക്കുകയോ ചെയ്തുകളയും. സാഹചര്യങ്ങളുടെ സമ്മര്‍ദമാണ് ഇതിനു പ്രേരണ. വെറും സാഹചര്യമില്ല, രാഷ്ട്രീയ സാഹചര്യം. തരം പോലെ അതു മാറും, മറിയും. സാധാരണ മനുഷ്യന്റെ നിറം മാറുന്നതിനെക്കാള്‍ വേഗത്തില്‍ രാഷ്ട്രീയക്കാരന്റെ നിറം മാറുമെന്നതും പ്രപഞ്ചം പോലുള്ള സത്യംതന്നെ.
ഏതായാലും പൊതുമരാമത്തു വകുപ്പിനു വാരിക്കോരി പണം നല്‍കിയ ധനകാര്യമന്ത്രി തോമസ് ഐസക്കിനോടു പോലും ഒരു വാക്കു മിണ്ടാതെ ജോസഫ് ഇടതുമുന്നണി വിട്ടു. നിഴലുപോലെ ഒപ്പം നടന്ന് ജോസഫ് ഗ്രൂപ്പിന് മതേതരമുഖം നല്‍കിപ്പോന്ന വി.സുരേന്ദ്രന്‍ പിള്ളയെ കണ്ടഭാവം നടിച്ചുമില്ല. ഒറ്റപ്പോക്ക്. ഒരുപ്പോക്കാണോ അല്ലയോ എന്ന് പിന്നീടറിയാം. കാരണം ഈ ബന്ധവം വേണ്ടെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആര്യാടനുമടക്കം സകല കോണ്‍ഗ്രസുകാരും മാണിയോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. മാണിസാറാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നുമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എല്ലാ ഗ്രൂപ്പ്‌പോരും മാറ്റിവച്ച് ഏകസ്വരം സ്വീകരിച്ചതുപോലെ, പിണറായിയും വിഎസും അതിലും വലിയ വീറും വാശിയും മാറ്റിവച്ച് സ്വരച്ചേര്‍ച്ചയിലായി. വെറും സ്വരച്ചേര്‍ച്ചയെന്നു പറഞ്ഞാല്‍പോര. വാക്കിലും പ്രവൃത്തിയിലും ഒരേ സ്വരം. വടകരയില്‍ പിണറായി പറഞ്ഞു: ജോസഫിന്റെ നിലപാട് വഞ്ചനാപരമാണ്. അദ്ദേഹത്തെ അടിയന്തരമായി മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം.
ഒട്ടും വൈകിയില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പറയുന്നു: വഞ്ചനാപരമായ നിലപാടു സ്വീകരിച്ച ജോസഫിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കുന്നു.
ഇതില്‍പരം എങ്ങനെയാണു വാക്കിലും പ്രവൃത്തിയിലും ഒന്നാവുക?
ഏതായാലും ജോസഫ് ചെയ്തതു തരവഴിയാണെന്ന കാര്യത്തില്‍ ഇടതുപക്ഷത്ത് ആര്‍ക്കുമില്ല ചില്ലറപോലും ഭിന്നത. വഞ്ചന, രാഷ്ട്രീയ അധാര്‍മികത, നെറികേട് തുടങ്ങിയ പലവിധ വിശേഷണങ്ങളില്‍ അവരുടെ രോഷം ഒഴുകിപ്പരന്നുകൊണ്ടേയിരിക്കുന്നു. അതു കുറച്ചുകാലം നിന്നേക്കും. തച്ചങ്കരിയുടെ ചട്ടലംഘനം, നയപ്രഖ്യാപനത്തിലെ പിഴവ് തുടങ്ങിയ വിവാദങ്ങളില്‍ നിന്നു തലയൂരാനായല്ലോ എന്ന ആശ്വാസവുമുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സി.പി.നാരായണനാകണോ മറ്റാരെങ്കിലുമാകണോ എന്ന് ഇപ്പോള്‍ ആരും ഉത്കണ്ഠപ്പെടുന്നില്ല, പ്രത്യേകിച്ചും മാധ്യമങ്ങള്‍. അതും ആശ്വാസം തന്നെ.
ഇതിനിടയില്‍ ഒരു ചെറിയ താരതമ്യത്തിന് പ്രസക്തിയില്ലാതില്ല. ചാനല്‍ ചര്‍ച്ചകളും രാഷ്ട്രീയനേതാക്കളുടെ വാര്‍ത്താസമ്മേളന പെരുമഴയിലും ഇതുവരെ വന്നുതുടങ്ങിയിട്ടില്ലെങ്കിലും സാധാരണ ജനം, ടിവി വാര്‍ത്തകള്‍ കാണുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്യുന്ന വെറും സാധാരണ രാഷ്ട്രീയ നിരീക്ഷകക്കൂട്ടം ചോദിച്ചു തുടങ്ങിയ ഒരുകാര്യത്തെക്കുറിച്ചാണു പറയുന്നത്.
ജോസഫ് വഞ്ചകന്‍തന്നെ സംശയമില്ല. പക്ഷേ, അദ്ദേഹത്തിനൊപ്പം വഞ്ചക വേഷം കെട്ടാന്‍ തയ്യാറല്ലെന്നു പറഞ്ഞ് ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന സാക്ഷാല്‍ പി.സി.തോമസ് മുന്‍കാല പ്രാബല്യത്തോടെ വഞ്ചകനല്ലേ? അദ്ദേഹം മാണിസാറിന്റെ മാനസപുത്രനായി നിന്നിട്ട് പാര്‍ട്ടിവിട്ട കാര്യമല്ല പറയുന്നത്. അത് അനിവാര്യമായിരുന്നുവെന്ന് അന്നത്തെ പത്രങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മനസിലാകും. ഒറ്റരാത്രികൊണ്ടു സംഭവിച്ചതല്ല. ജോസ് മോനെ പാര്‍ട്ടിയില്‍കൊണ്ടുവന്ന് സകലര്‍ക്കും മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചതും തോമസ് ചാഴികാടന്‍ ഉള്‍പ്പെടെയുള്ളവരെ ചവിട്ടിപ്പുറത്താക്കാന്‍ ശ്രമിച്ചതുമൊക്കെ കണ്ടു മനംമടുത്തുതന്നെയാണ് തോമസുകുട്ടി മാണിയെ കൈവിട്ടത്.
എന്നാല്‍ അതുകഴിഞ്ഞ് അദ്ദേഹം പോയപോക്ക് ഓര്‍മ്മയുണ്ടോ? ഐ എഫ് ഡി പി എന്നൊരു പാര്‍ട്ടിയുണ്ടാക്കി. നേരേ ബിജെപി നയിക്കുന്ന എന്‍ ഡി എയില്‍ പ്രവേശനം നേടി. കേന്ദ്ര സഹമന്ത്രിയുമായി. എന്നിട്ടോ? എന്‍ ഡി എയ്ക്കു ഭരണം പോയശേഷം തോമസിനെ കണ്ടതെവിടെയാണ്. ജോസഫിന്റെ വീട്ടില്‍ , പിന്നെ ജോസഫ് ഗ്രൂപ്പിന്റെ ഓഫീസില്‍, അതുംകഴിഞ്ഞ് അവരുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍. അവിടംകൊണ്ടും തീര്‍ന്നില്ല. സാക്ഷാല്‍ എ കെ ജി സെന്ററിലെ ഇടതുമുന്നണി യോഗത്തില്‍ . ബി ജെ പിയുടെ കൂടെപ്പോവുകയും അവരുടെ അധികാരം നഷ്ടപ്പെട്ടപ്പോള്‍ മറുകണ്ടം ചാടുകയും ചെയ്ത തോമസിനെ ഇടതുമുന്നണി വാരിപ്പുണരുന്നതിലെ അനൗചിത്യത്തെക്കുറിച്ച് അന്ന് ആരോ പറഞ്ഞുകേട്ടിരുന്നു. പക്ഷേ, ഒന്നുമുണ്ടായില്ല. തോമസ് ഉള്ളിലായി. ഇപ്പോഴിതാ എല്‍ഡിഎഫില്‍ തുടരുന്ന കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനുമായിരിക്കുന്നു. മതേതരത്വത്തില്‍ വിശ്വസിക്കുന്ന കേരള കോണ്‍ഗ്രസുകാര്‍ തോമസിനൊപ്പം നില്‍ക്കണം എന്ന പിണറായി വിജയന്റെ ആഹ്വാനം കൂടി കേട്ട് ആനന്ദപുളകിതരാകാനും കേരളത്തിനു ഭാഗ്യമുണ്ടായി. ചെറിയകാര്യമല്ല ഇതൊന്നും.
