എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് അമിക്കസ് ക്യൂറി
എഡിറ്റര്‍
Monday 7th May 2012 5:02pm

ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍. കലാപം കൈകാര്യം ചെയ്യുന്നതില്‍ ചില പോലീസുകാരുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇന്ത്യന്‍ പീനല്‍കോഡിലെ പല വകുപ്പുകള്‍ പ്രകാരവും മോഡിക്കെതിരെ കുറ്റംചുമത്താമെന്നും  സുപ്രീംകോടതി  നിയമിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി രാമചന്ദ്രന്‍ കോടതിയെ അറിയിച്ചു.

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും സംശയാസ്പദമാണ് മതപരമായ വിദ്വേഷം വളര്‍ത്തുക, ദേശത്തിന്റെ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക, നിയമലംഘനം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തി മോഡിക്കെതിരെ കേസെടുക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

കലാപം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നതിന് നിരവധി സാഹചര്യ തെളിവുകളുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. 2002 ഫെബ്രുവരി 27ന് രാത്രി 11 മണിക്ക് മോഡിയുടെ വീട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ഒരു മീറ്റിങ് നടന്നിരുന്നതായി എസ്.ഐ.ടിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അന്നത്തെ പോലീസ് ഡെബ്യൂട്ടി കമ്മീഷണറായിരുന്ന സഞ്ജയ് ഭട്ട് ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു എന്ന വാദം തെറ്റാണെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തെന്നതിന് ഭട്ടിന്റെ പക്കല്‍ തെളിവുകളില്ലെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താതെ അദ്ദേഹത്തിന്റെ വാദഗതികള്‍ തള്ളുകയാണ് എസ്.ഐ.ടി ചെയ്തതെന്നും രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഭട്ട് പറയുന്നതുപോലുള്ള യാതൊരു നിര്‍ദേശവും ഈ യോഗത്തില്‍ മോഡി നല്‍കിയിട്ടില്ല. ഹിന്ദുക്കള്‍ക്ക് പകവീട്ടാന്‍ അനുവാദം നല്‍കണമെന്ന തരത്തിലുള്ള ഒരു നിയമവിരുദ്ധ നിര്‍ദേശവും മോഡി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സഞ്ജീവ് ഭട്ട് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കലാപസമയത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നും ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണമെന്നും മുഖ്യമന്ത്രി മോഡി യോഗത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സഞ്ജീവ് ഭട്ട് വിവാദപുരുഷനാണെന്നും സാക്ഷി എന്ന നിലയില്‍ വിശ്വസനീയതയുള്ള ആളല്ലെന്നും ചൂണ്ടിക്കാട്ടി മോഡിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ എസ്.ഐ.ടി. ശുപാര്‍ശ ചെയ്യുകയാണുണ്ടായത്.

ഐ.പി.കലാപവുമായി ബന്ധപ്പെട്ട് സാക്കിയ ജഫ്രി മുഖ്യമന്ത്രി മോഡിക്കും മറ്റ് 61 പേര്‍ക്കുമെതിരെ നല്‍കിയ കേസിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.

കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി. എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി. കേസ് അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേകാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. പിന്നീട് എസ്.ഐ.ടി. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജുരാമചന്ദ്രനെ കോടതി പ്രത്യേകമായി നിയോഗിച്ചിരുന്നു. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് എസ്.ഐ.ടി. ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ തന്റെ റിപ്പോര്‍ട്ടില്‍ ഇതിനോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വിചാരണക്കോടതി അംഗീകരിച്ചാല്‍ മോഡിക്കെതിരെ പ്രോസിക്യൂഷന് കളമൊരുങ്ങും. വിവിധ സമുദായങ്ങള്‍തമ്മില്‍ സ്പര്‍ധ വളര്‍ത്തിയതിനും പൊതു സേവകന്‍ എന്നനിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാത്തതിനും ഐ.പി.സി. യിലെ 153എ, ബി വകുപ്പുകള്‍ പ്രകാരവും 166 വകുപ്പുപ്രകാരവും മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇത് വഴിയൊരുക്കാം.

Malayalam News

Kerala News in English

Advertisement