വാഷിങ്ടണ്‍: ഇറാഖില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം പൂര്‍ണമായതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 21-ാം നൂറ്റാണ്ടിലെ മികച്ച നേതൃത്വ ശക്തിയാണ് അമേരിക്ക എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഇറാഖിലെ സൈനിക നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ സേന പിന്മാറ്റത്തെ കുറിച്ച് രാജ്യത്തോട് നടത്തിയ തല്‍സമയ ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാഖിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചു നല്‍കുകയാണ്. രാജ്യസുരക്ഷയടക്കമുള്ള കടമകള്‍ ഇറാഖിലെ പൗരന്മാര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇറാഖിന്റെ ഭരണം അവിടത്തെ സര്‍ക്കാരിനെ തിരിച്ചേല്പിക്കുന്നതിലൂടെ അമേരിക്കന്‍ ജനതയ്ക്കും, ലോകത്തിനും നല്‍കിയ വാക്ക് തന്റെ സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണെന്നും ഒബാമ പറഞ്ഞു. അല്‍ ഖായിദ ഭീകര ശൃംഖലയുടെ ആസ്ഥാനം പാക് അതിര്‍ത്തിയിലാണ്. അല്‍ ഖായിദയെ തുടച്ചു നീക്കുന്നതുവരെ അഫ്ഗാനിലെ ദൗത്യം തുടരേണ്ടത് അനിവാര്യമാണന്നും അതിന് ശേഷം മാത്രമേ അഫ്ഗാനില്‍ നിന്ന് സേനയെ പിന്വലിക്കുകയുള്ളുവെന്നും ഒബാമ വ്യക്തമാക്കി.
ഇറാഖില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനായി ഇറാഖികള്‍ക്ക് സുഹൃത് രാജ്യമെന്ന നിലയില്‍ അമേരിക്ക സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വര: ജൈരാജ് ടിജി
