കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും വി.എസ് അനുകൂല ഫഌക്‌സ് ബോര്‍ഡ്. പ്രകാശ് കാരാട്ടും പിണറായി വിജയനും ഇന്ന് കണ്ണൂരില്‍ എത്താനിരിക്കേയാണ് ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.

പാര്‍ട്ടി ശക്തികേന്ദ്രമായ അഞ്ചരക്കണ്ടിക്കു സമീപം എക്കാലില്‍ പുലര്‍ച്ചെയാണു വി.എസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫ്ഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.

കണ്ണൂരിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയോടു ചേര്‍ന്ന സ്ഥലത്തുവച്ച ബോര്‍ഡ് മാറ്റാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയത്. ഇന്നലെ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുയര്‍ന്ന ബോര്‍ഡ്  സി.ഐ.ടി.യു ജില്ലാ പ്രസിഡന്റും സംഘവുമെത്തിയാണ് അഴിച്ചു മാറ്റിയത്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി  പ്രകാശ് കാരാട്ട് കണ്ണൂരില്‍ സന്ദര്‍ശനം നടക്കാനിരിക്കേ ആണ് വി.എസ് അനുകൂല ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

ഇ കെ നായനാര്‍ അനുസ്മരണത്തിനാണ് പ്രകാശ് കാരാട്ട്‌ എത്തുന്നത്. എങ്കില്‍ക്കൂടി ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കാരാട്ടിന്റെ സന്ദര്‍ശനത്തിന് പ്രത്യേകതയുണ്ട്.

കണ്ണൂര്‍ ജില്ലാ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു എന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കാരാട്ടിന്റെ സന്ദര്‍ശനത്തിനു രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനുമായും ,ജില്ലാ സെക്രട്ടറി പി ജയരാജനുമായും പ്രകാശ് കാരാട്ട് ആശയ വിനിമയം നടത്തിയേക്കും.