തിരുവനന്തപുരം: മതകാര്യങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഇത് കേരളത്തിലെ ജനങ്ങളുടെ പൗരാവകാശമാണെന്നും അത് പാടില്ലെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും വി.എസ്. വ്യക്തമാക്കി. മതകാര്യങ്ങളില്‍ പിണറായി വിജയന്റെയും കാന്തപുരത്തിന്റെയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

‘കാന്തപുരം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞെന്നു മാത്രമേ ഉള്ളു. മതകാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഒരു മതത്തേയും വെറുപ്പിക്കാന്‍ സി.പി.ഐ.എമ്മിന് ഉദ്ദേശമില്ല. മത സൗഹാര്‍ദ്ദത്തിന് കോട്ടം വരാത്ത രീതിയില്‍ ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ തീരുമാനിക്കുകയാണ് വേണ്ടത് ‘.- വി.എസ് വ്യക്തമാക്കി. അതേസമയം പ്രതിപക്ഷനേതാവായാലും ഭരണപക്ഷനേതാവായാലും മതത്തില്‍ ഇടപെടേണ്ടെന്ന് കാന്തപുരം പ്രതികരിച്ചു.

മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തുമെന്നും മുടി കത്തില്ലെന്ന് പറയുന്നുവര്‍ പൊതുമണ്ഡലത്തെ ബോധപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമായിരുന്നു പിണറായി പറഞ്ഞത്. എന്നാല്‍ തിരുകേശം കത്തിച്ചാല്‍ കത്തുമെന്ന് പറയാന്‍ പിണറായിയ്ക്ക് അവകാശമില്ലെന്നും  മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നു പറഞ്ഞായിരുന്നു കാന്തപുരം പ്രതികരിച്ചത്.

തിരുകേശവിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ടകാര്യമല്ല. അത് അന്ധവിശ്വാസമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് മതപണ്ഡിതന്‍മാരും, മുസ്‌ലീംകളുമാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റുള്ളവരും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ല. പ്രവാചകന്റെ തിരുകേശം കത്തില്ലെന്നാണ് മുസ് ലീം സമുദായത്തിലുള്ളവരുടെ വിശ്വാസം. അത് പ്രവാചകന്റെ അമാനുഷികതയാണ്. അതിനെക്കുറിച്ച് അറിയാത്തവര്‍ അക്കാര്യം സംസാരിക്കേണ്ടതില്ലെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.

Malayalam News

Kerala News In English