Categories
boby-chemmannur  

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു

‘നോ ബി.ഓ.ടി നോ ടോള്‍’ എന്ന കൃത്യമായ മുദ്രാവാക്യം വെച്ചാണ് പാലിയേക്കരയില്‍ സമരം നടക്കുന്നത്. കഴിഞ്ഞ പത്തൊന്‍പതു ദിവസമായി നിരാഹാരം തുടര്‍ന്നിട്ടും  സര്‍ക്കാരോ പ്രതിപക്ഷമോ സമരം കണ്ടതായി നടിക്കുന്നില്ല. നൂറു കണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ടോള്‍ പിരിക്കുന്നതിനാല്‍ ഉപരോധിക്കുക എന്നത് ഈ ചെറിയ സംഘടകളെകൊണ്ട് സാധിക്കുന്നതല്ല. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ മുന്നോട്ടു വെച്ച ഒരഭിപ്രായം (ടോള്‍ ഇല്ലാതെ മുഴുനീള സര്‍വീസ് റോഡ് എന്നത് എങ്കിലും) നടപ്പാക്കണം എന്ന ആവശ്യം ഉയര്‍ന്നത്.

എന്നാല്‍ പിന്നീട് മുഖ്യമന്ത്രി തന്നെ അതില്‍ നിന്നും പിറകോട്ടു പോയി. കരാര്‍ ഒപ്പിട്ടു കഴിഞ്ഞതിനാല്‍ ഇനി പിന്മാറാന്‍ ആവില്ല എന്ന് മുഖ്യമന്ത്രി പലവട്ടം ആവര്‍ത്തിച്ചു. ടെണ്ടര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ജി.ഐ.പി.എല്‍ എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നത് കൊണ്ടുതന്നെ അത് നിയമവിധേയമല്ല എന്നും സമരസമിതി ചൂണ്ടിക്കാണിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കും എന്ന് വാഗ്ദാനം നല്‍കിയ കമ്പനി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാത അപകടങ്ങള്‍ പതിയിരിക്കുന്ന അപൂര്‍ണ്ണമായ ഒന്നാണ്. ബി.ഒ.ടി ക്ക് എതിരായ സമരമെന്നത് പലപ്പോഴും അമൂര്‍ത്തമായിട്ടാണ് പൊതുസമൂഹത്തിനു തോന്നിയിട്ടുള്ളത്. ആഗോളഉദാരസ്വകാര്യ വല്‍ക്കരണ നയങ്ങളുടെ ഭാഗമായി എല്ലാ മേഖലകളിലും ടോളും  സെസ്സും സ്വാശ്രയ സ്ഥാപനങ്ങളും വ്യാപകമായ സാഹചര്യത്തില്‍ ബി.ഓ.ടി വിരുദ്ധ മുദ്രാവാക്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ല. എന്നാല്‍ മട്ടാഞ്ചേരി പാലത്തിന്റെ കണക്കു പുറത്തു വന്നപ്പോള്‍ (പതിമൂന്നു കോടി മുടക്കി പാലം നിര്‍മ്മിച്ച കമ്പനി ഇതിനകം 170 കോടി രൂപ പിരിച്ചു കഴിഞ്ഞുവെന്നും ഇനിയും ആറു വര്‍ഷത്തേക്ക് കൂടി പിരിക്കാന്‍ അനുവാദം തേടിയിരിക്കുകയുമാണെന്ന് അറിഞ്ഞപ്പോള്‍ ഇതിലെ കൊള്ള കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞു. എന്നിട്ടും നാല്‍പ്പത്തഞ്ചു  മീറ്ററില്‍ ബി.ഓ.ടിപാത എന്ന സര്‍ക്കാര്‍ നയത്തിനെ എതിര്‍ക്കാന്‍ കുടിയോഴിക്കപ്പെടുന്നവര്‍ മാത്രമേ ഉണ്ടായുള്ളൂ എന്നത് സത്യമാണ്.

ഈ സാഹചര്യത്തില്‍ ആണ് പാലിയേക്കര സമരം വ്യത്യസ്തമാകുന്നത്. അവിടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്‌നമില്ല. അത് പൂര്‍ത്തിയായി. പ്രാദേശിക ജനതയ്ക്ക് ചില്ലറ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നിട്ടും അവിടെ സമരം ശക്തിപ്പെട്ടത് എന്തുകൊണ്ട് എന്നതാണ് പ്രധാന രാഷ്ട്രീയ പ്രശ്‌നം. കേരളം പോലൊരു സമൂഹത്തില്‍ ഒരു ബി.ഓ.ടി റോഡു എത്രമാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, എന്ന് പ്രായോഗികമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു അവിടെ. അങ്ങനെ ആ ജനങ്ങളാണ് സമരത്തിന് വന്നിട്ടുള്ളത്. പ്രാദേശിക ജനത ഉയര്‍ത്തുന്നത് ദേശീയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇടതുപക്ഷടക്കമുള്ള ‘ദേശീയ’ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്നതോ? അവര്‍ പ്രാദേശിക ഇളവുകള്‍ വേണമെന്ന് മാത്രമാണ്.

പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍  നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

പൊതുപാതയില്‍ പൊതുയോഗ നിരോധനത്തിന് എതിരെ ആഞ്ഞടിക്കുന്നവര്‍ ഇനിമേല്‍ പൊതുപാത തന്നെ ഇല്ലാതായി എന്നത് അറിയാതാകുമോ? അതോ നേതാക്കള്‍ക്കെല്ലാം കാര്‍ (ഇന്നോവയും) ഉള്ളതുകൊണ്ട് വേഗമെത്താന്‍  നല്ല റോഡു ഉണ്ടായാല്‍ മതി, റോഡിനു ഇരുവശവും ഉള്ളവര്‍ എന്ത് ദുരിതം അനുഭവിക്കുന്നു എന്ന് അറിയേണ്ടതില്ല. എന്നാണോ?? ഇന്നോവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടോള്‍ യാത്ര അത്ര അധികമായി തോന്നുകയുമില്ല. അതും പൊതു പണം ആണെങ്കില്‍ ഒരിക്കലും തോന്നാന്‍ വഴിയില്ല.

ഹൈക്കോടതിയില്‍ ടോള്‍ സംബന്ധിച്ച കേസ് നടക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ കേസ് കൊടുക്കാനും അവസാനം വരെ നടത്താനും ആളുകള്‍ തീരെയില്ല. ഒന്നോ രണ്ടോ പേര്‍ രാത്രിയും പകലും കുത്തിയിരുന്ന് രേഖകള്‍ തേടിയെടുത്ത് യുദ്ധം ചെയ്തു കേസ് ജയിച്ചാല്‍ വഴിയോരത്തിലൂടെ പതിറ്റാണ്ടുകള്‍ പോകുന്ന ആളുകള്‍ക്കും പൊതുസമൂഹത്തിനും ആണ് അത് ഉപകരിക്കുക. ദൗര്‍ഭാഗ്യവശാല്‍ കേസ് നടത്താനുള്ള സാമ്പത്തിക സഹായം പോലും തരാന്‍ കോടികള്‍ സ്വന്തമായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോ വ്യക്തികളോ തയ്യാറാവാറില്ല.

അതിനാല്‍ത്തന്നെ ഈ കേസ് വിജയിച്ചാല്‍ കേരളത്തിലെ ആകെ ടോള്‍ റോഡുകള്‍ക്കുള്ള മറുപടിയാകും അത്. ഇടതിന്നും വലതിനും ഉള്ള രാഷ്ട്രീയ പാഠവും.

Tagged with:


വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

ഫ്‌ളോറിഡ: വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവിയായിരുന്നു അദ്ദേഹം. ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ വച്ച് സെപ്തംബര്‍ 29 നായിരുന്നു മരണം. 92 വയസായിരുന്നു. ദീര്‍ഘകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. 1921 നവംബര്‍ 29 നായിരുന്നു അമേരിക്കന്‍ ബിസിനസുകാരനായിരുന്ന ആന്‍ഡേഴ്‌സണിന്റെ ജനനം. 1984 ല്‍ ഭോപ്പാല്‍ ദുരന്തം നടക്കുമ്പോള്‍ അദ്ദേഹമായിരുന്നു കമ്പനിയുടെ സി.ഇ.ഒ. 3787 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടിരുന്നത്. ആയിരക്കണക്കിന് പേരെ ദുരന്തം ബാധിക്കുകയും ചെയ്തിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ആന്‍ഡേഴ്‌സണെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങില്‍ നിന്നുമാണ് ഇദ്ദേഹം മരിച്ച വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1986 ല്‍ വിരമിക്കുന്നതുവരെ അദ്ദേഹമായിരുന്നു യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ സി.ഇ.ഒ. ആന്‍ഡേഴ്‌സണിന്റെ ചിലവ് ചുരുക്കല്‍ നടപടികളാണ് ഭോപ്പാല്‍ ദുരന്തത്തിന് കാരണം എന്ന് വിമര്‍ശനമുണ്ടായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി രാജ്യം വിടുകയായിരുന്നു. അതോടെയാണ് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

സി.പി.ഐ പെയ്‌മെന്റ് സീറ്റ് വിവാദം: ലോകായുക്ത അമിക്കസ്‌ക്യൂറിയെ നിയമിച്ചു

തിരുവനന്തപുരം: സി.പി.ഐ പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ ലോകായുക്ത അമിക്കസ്‌ക്യൂറിയെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകനായ ജെ.ഹരികുമാറിനെയാണ് അമിക്കസ്‌ക്യൂറിയായി നിയമിച്ചിരിക്കുന്നത്. കേസിലെ നിയമ വശങ്ങളില്‍ കോടതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് അമിക്കസ്‌ക്യൂറിയെ നിയമിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പിലെ പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. ദിവാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. തിരവനന്തപുരം സ്വദേശി ഷംസാദിന്റെ ഹര്‍ജിയിലാണ് പെയ്‌മെന്റ് സീറ്റ് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടിരുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്ന ബെനറ്റ് എബ്രഹാം ഒരു കോടി രൂപ കോഴ നല്‍കിയെന്ന ആരോപണവും മണ്ഡലത്തിലെ തോല്‍വിയും അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. സി. ദിവാകരനെക്കൂടാതെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്ന രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറാമൂട് ശശി എന്നിവര്‍ക്കെതിരെയും നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

മോഹന്‍ലാലിനും മഞ്ജുവിനൊപ്പം റീനു മാത്യൂസ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'ഇമ്മാനുവല്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ റീനു മാത്യൂസ് വളരെ പെട്ടെന്നാണ് മലയാളികളുടെ മനസ്സ് കീഴടക്കിയത്. 'അഞ്ച് സുന്ദരികള്‍', 'പ്രൈസ് ദ ലോര്‍ഡ്', 'സപ്തമ ശ്രീ തസ്‌കര' എന്നിങ്ങനെ റീനു നായികയായ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചു. ഇപ്പോഴിതാ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് റീനു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രവുമായാണ് റീനു എത്തുന്നത്. മഞ്ജു വാര്യരാണ് സിനിമയിലെ നായിക. വളരെ പ്രാധാന്യമേറിയ വേഷമാണ് ചിത്രത്തില്‍ റീനു അവതരിപ്പിക്കുന്നതെന്നും ഡിസംബര്‍ 10 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. നടന്‍ രവീന്ദ്രന്റെ കഥക്ക് രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതുന്ന ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. റഫീഖ് അഹമ്മദ് ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ സംഗീതം നല്‍കുന്നു. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറാണ്. നീണ്ട ഇടവേളക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

അനാഥാലയ വിവാദം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലാണ് കോടതിയുടെ വിധി. സി.ബി.ഐ അന്വേഷണം വേണമെന്നുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന പോലീസ് കേസില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ അറിവോടെയാണ് കൊണ്ടുവന്നത് എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലേക്ക് വ്യാപകമായി കുട്ടികളെ കടത്തുന്നുണ്ടെന്നും വലിയ റാക്കറ്റാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളുടെ പേരില്‍ വിദേശഫണ്ട് തട്ടുന്നുണ്ടെന്നുമാണ് അമിക്കസ്‌ക്യൂറിയായ അപര്‍ണ ഭട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കുട്ടികളെ കടത്തിയിരുന്നത്. അവിടുത്തെ ജനങ്ങളുടെ സാമൂഹിക സമ്പത്തിക സാഹചര്യം ഇടനിലക്കാര്‍ മുതലെടുക്കുന്നതിലൂടെയാണ് കുട്ടികള്‍ കേരളത്തിലേക്ക് എത്തുന്നതെന്നും ഇതിലൂടെ ഇടനിലക്കാര്‍ പണം കൊയ്യുകയാണെന്നും അപര്‍ണ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും താമസസ്ഥലവും ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ കേരളത്തിലേക്ക് അയക്കുന്നത് എ്ന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.