ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിയെ തലയറുത്ത് കൊന്ന കേസില്‍ സഹപാഠിയെ പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരിയില്‍ വെച്ചാണ് സഹപാഠിയെ പോലീസ് പിടികൂടിയത്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

ഇന്നലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ ലിജിനെ സ്‌കൂളിന്റെ പിറകിലേക്ക് കൊണ്ടുപോയി കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തില്‍ ആഴത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. പിന്നീട് കരിങ്കല്ലുകൊണ്ട് ലിജിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. ഇതാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. സഹപാഠി കുറ്റംസമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.

മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ലിജിന്‍ മാത്യു(14)വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ കണ്ടെത്തിയത്. പത്തനംതിട്ട ചാത്തങ്കരി വര്‍ഗീസ് മാത്യുവിന്റെ മകനാണ് ലിജിന്‍.

ഈ വിദ്യാര്‍ഥിയെ ഇന്നലെ രാവിലെ 9 മുതല്‍ വീട്ടില്‍ നിന്ന് കാണാതായിരുന്നു. രാത്രി 11.15ഓടെ ബന്ധുക്കള്‍ സ്‌കൂളില്‍ നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന്റെ തെക്കേയറ്റത്തെ ഇടനാഴിയില്‍ കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Malayalam news

Kerala news in English