[]ന്യൂദല്‍ഹി: വിവാദത്തില്‍ മുങ്ങിയ ഐ.പി.എല്‍ മത്സരത്തിനെതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹരജി. ഐ.പി.എല്‍ ആറാം സീസണില്‍ ഇനി നടക്കാനുള്ള സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നിര്‍ത്തലാക്കണമെന്നാണ് പൊതുതാത്പര്യ ഹരജിയില്‍ പറയുന്നത്.
ദല്‍ഹിയില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് പൊതുതാത്പര്യഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വാതുവെപ്പ് കേസ് തീരുന്നത് വരെ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.[]
ഐ.പി.എല്‍ ആറാം സീസണില്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശ്രീശാന്ത് ഉള്‍പ്പെടെ പതിനേഴ് പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനന്‍ ശ്രീശാന്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന മൊഴി നല്‍കിയെന്നാണ് അറിയുന്നത്.
വാതുവെപ്പുകാരില്‍ നിന്ന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയെന്നും ജിജു പറഞ്ഞു. മുന്‍ രഞ്ജി താരം മനീഷ് ഗുഡോവ, സുനില്‍ ഭാട്ടിയ, കിരണ്‍ ഡോളി എന്നിവരാണ് കേസില്‍ അവസാനമായി അറസ്റ്റിലായവര്‍. മുന്‍ റെയില്‍വെ താരം ബാബു റാവു യാദവിനായുള്ള അന്വേഷണം നടക്കുകയാണ്.
ശ്രീശാന്ത് അടക്കമുള്ള അറസ്റ്റിലായവരെ പ്രത്യേക സെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരുടെ ശബ്ദങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച് ഫോണ്‍ സംഭഷണങ്ങളുമായി ചേരുന്നുണ്ടോയെന്ന് പരിശോധിക്കും.
