കാഠ്മണ്ഡു: നേപ്പാളിലെ ജോംസോമില്‍ ചെറുവിമാനം തകര്‍ന്ന് 13 ഇന്ത്യക്കാര്‍ അടക്കം 15 പേര്‍ മരിച്ചു. ആറുപേര്‍ രക്ഷപ്പെട്ടു.

നേപ്പാളിലെ ചെറുവിമാനമായ ആഗ്രി എയറിന്റെ വിമാനമാണ് തകര്‍ന്നത്.  മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്നു വിമാനമാണ് തകര്‍ന്നു വീണത്.

ജോംസണ്‍ വിമാനത്താവളത്തിലേക്ക് വിമാനം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. അപകടത്തില്‍പെട്ട ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി നേപ്പാളിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

മരിച്ച 15 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജില്ലാ അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ പൈലറ്റുമാരായ പ്രഭു ശരണ്‍ പതക്ക്, ജെ.ഡി. മഹാരാജന്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടും. യാത്ര തുടങ്ങി 15 മിനുട്ടിന് ശേഷം വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അന്‍പത് കിലോമീറ്റര്‍ മാത്രമാണ് ആകെ യാത്രചെയ്യാനുണ്ടായിരുന്നത്.