എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തില്‍ സി.പി.ഐ.എമ്മിനെ വേട്ടയാടാമെന്ന് കരുതണ്ട: പിണറായി
എഡിറ്റര്‍
Friday 18th May 2012 4:39pm

തിരുവനന്തുപുരം: ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ. എമ്മിനെ വേട്ടയാടാമെന്ന് കരുതേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യു.ഡി.എഫും ചില മാധ്യമങ്ങളും സി.പി.ഐ.എമ്മിനെ വേട്ടയാടുകയാണ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” സി.പി.ഐ.എമ്മിന് ചന്ദ്രശേഖരന്‍ വധവുമായി യാതൊരു ബന്ധവുമില്ല. അത് പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയതാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നേരത്തേ തന്നെ പ്രതിഷേധിക്കുകയും ദു: ഖം രേഖപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കേന്ദ്രആഭ്യന്തരസഹമന്ത്രിയും മുഖ്യമന്ത്രിയും പരസ്യമായ നിലപാട് സ്വീകരിച്ചു.

അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കട്ടെ എന്ന നിലപാടാണ് സി.പി.ഐ.എം ആദ്യമേ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന കാര്യം സി.പി.ഐ.എമ്മിലെ പ്രമുഖരായ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന വാര്‍ത്തയാണ്. എന്നാല്‍ അറസ്റ്റിന് തയ്യാറാകാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.

വടകര റൂറല്‍ എസ്.പി രാജ്‌മോഹനാണ് ഇപ്പോള്‍ കേസിന്റെ ചുമതല. യു.ഡി.എഫ് മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ മാനത്ത് കാണുന്ന ആളാണ് രാജ്‌മോഹന്‍. ഇദ്ദേഹമായിരുന്നു മാറാട് ഒന്നാം കൊലപാതകം നടക്കുമ്പോള്‍ അവിടുത്തെ സബ് ഇന്‍സ്‌പെക്ടര്‍. ഇദ്ദേഹത്തിന്റെ അന്വേഷണ മികവുകൊണ്ടു തന്നെ ആ പ്രതികള്‍ ഇന്നും കൈയ്യും വീശി നടക്കുകയാണ്.

യു.ഡി.എഫ് എന്തുപറഞ്ഞാലും അത് അനുസരിക്കാന്‍ സന്നദ്ധതയുള്ള ആളാണ് രാജ്‌മോഹന്‍. ഞങ്ങളുടെ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെയെല്ലാം ഇപ്പോള്‍ അറസ്‌ററ് ചെയ്ത് കൊണ്ടുപോകുകയാണ്. ഇതെല്ലാം ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണ്. ആദ്യം പ്രതികളെ നിശ്ചയിക്കുക, പിന്നീട് കള്ളത്തെളിവുകളും മൊഴികളും ഉണ്ടാക്കുക.

ഇന്ന് കൂത്തുപറമ്പ് ഏരിയാ ഓഫീസ് സെക്രട്ടറി ബാബുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി അദ്ദേഹത്തെ കൊണ്ട് പാര്‍ട്ടിയ്‌ക്കെതിരെ സാക്ഷിപറയിക്കുകയായിരുന്നു ലക്ഷ്യം. സി.പി.ഐ.എമ്മിനെ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ചാല്‍ അതിനോട് യോജിക്കാനാകില്ല. ഈ കേസ് തെളിയിക്കാന്‍ വലിയ ആവേശം മുല്ലപ്പള്ളി രാമചന്ദ്രനാണ്. അദ്ദേഹമാണ് ആദ്യമായി സി.പി.എമ്മിനെതിരെ പ്രസ്താവന ഇറക്കിയത്. അദ്ദേഹത്തിന് പോലീസിലൊക്കെ നല്ല പിടിപാടാണ്.

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പ്രസ്താവനയിറക്കി, സി.പി.ഐ.എമ്മിലെ പരലുകളെ മാത്രമേ ഇപ്പോള്‍ പിടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാന്‍ പോകുന്നതേ ഉള്ളു എന്ന്. അതില്‍ നിന്നു തന്നെയറിയാം ഇതെല്ലാം ആദ്യമേ എഴുതപ്പെട്ട തിരക്കഥയുടെ ഭാഗമായി നടക്കുന്നതാണെന്ന്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ടാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ഇപ്പോള്‍ വടകര അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്. പോലീസിന്റെ സംരക്ഷണത്തോടെ ആളുകള്‍ നോക്കിനില്‍ക്കെ വീടുകള്‍ കയറി ആക്രമിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയുമാണ്. വടകരയിലെ സി.പി.ഐ.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദമായ ഒഞ്ചിയത്ത് ഞങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതുപോലെ തന്നെ നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ സഹായത്തോടെ സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്.

ഞങ്ങളുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ കസ്റ്റഡിയിലെടുത്ത് പ്രതിയാക്കി. എന്നാല്‍ അവരെ കുറ്റവാളികളായി ഞങ്ങള്‍ കാണുന്നില്ല. പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെല്ലാം കുറ്റവാളികളല്ല.  പിടിക്കപ്പെട്ട പാര്‍ട്ടിക്കാര്‍ക്ക് വ്യത്യസ്തമായ നിലപാടുണ്ടോ എന്ന് അന്വേഷിക്കും. ഇവര്‍ക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കും. പോലീസ് ആരോപണത്തില്‍ വസ്തുതയുണ്ടോ എന്ന് ആദ്യം അന്വേഷിക്കും.-പിണറായി വ്യക്തമാക്കി.

Advertisement