PG alias P Govinda Pillai, പി. ഗോവിന്ദപിള്ള എന്ന പി.ജി.

അരുണ്‍ സി.എസ്

86-ാം വയസ്സിലേക്ക് കടക്കുമ്പോഴും പുസ്തകങ്ങളും വായനയും ജീവോച്ച്വാസമായി നിലനിര്‍ത്തുന്ന അപൂര്‍വ്വ വ്യക്തി പ്രഭാവമാണ് പി. ഗോവിന്ദപിള്ള എന്ന പി.ജി. അതുകൊണ്ടു തന്നെ, മാര്‍ച്ച് 26-ാം തിയ്യതി വൈകുന്നേരം തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിനടുത്ത് ചിന്താ പബ്ലിഷേഴ്‌സ് അങ്കണത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സഖാക്കളുടെയും ഒത്തു ചേരലിന് വഴിയൊരുക്കിയ ‘പി.ജിയുമൊത്ത് ഒരു വൈകുന്നേരം’ ഒരപൂര്‍വ്വ സംഗമമായിരുന്നു. ഇതിനോടനുബന്ധിച്ച് പയ്യന്നൂര്‍ കുഞ്ഞിരാമന്‍ രചിച്ച ‘ഒരേയൊരു പി.ജി. ജീവിതവും എഴുത്തും’ എന്ന പുസ്തക പ്രകാശനവും നടന്നു.

പി.ജിയെപ്പോലെ തന്നെ ലാളിത്യമാര്‍ന്ന അദ്ദേഹത്തോടൊപ്പമുള്ള വൈകുന്നേരത്തില്‍ പങ്കെടുക്കുവാനും സ്മരണകള്‍ പങ്കു വെയ്ക്കാനും ഒ.എന്‍.വി, സുഗതകുമാരി, ബാബു പോള്‍, കഥാകൃത്ത് ഹരികുമാര്‍ തുടങ്ങി അനേകം വ്യക്തിത്വങ്ങളും സഹൃദയരുടെ ഒരു സദസ്സുമുണ്ടായിരുന്നു.

ഒ.എന്‍.വിയുടെ സ്മരണകളില്‍ നിറഞ്ഞു നിന്നത് തനിക്ക് അകാരണമായി എം.എ മലയാള പഠനത്തിനു പ്രവേശനം നിഷേധിച്ചപ്പോള്‍ അത് ചോദിച്ചു മനസ്സിലാക്കുകയും നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്ത അന്നത്തെ തിരുകൊച്ചി നിയസഭാംഗമായിരുന്ന പി.ജിയുമായുള്ള സൗഹൃദമാണ്. സുഗതകുമാരിക്ക് തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനെപ്പറ്റി അധികമൊന്നും പറയുവാന്‍ വാക്കുകളില്ലായിരുന്നു. വാക്കുകളാല്‍ വര്‍ണ്ണിച്ചു തീര്‍ക്കാവുന്നതല്ല ആ വ്യക്തിത്വം.

ബാബുപോളിന് പി.ജി ഒരു മാതൃകാ വ്യക്തിത്വമാണ്. തന്റെ അച്ഛന്‍ ചൂണ്ടിക്കാട്ടിയ മൂന്നു വ്യക്തി പ്രഭാവങ്ങളിലൊരാളാണ്. പക്ഷേ എന്തുകൊണ്ടും മാതൃകാസ്ഥാനത്തുള്ളത് പി.ജി തന്നെ. കഥാകൃത്ത് ഹരികുമാറിനടക്കം മറ്റു വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും പങ്കുവെയ്ക്കാനുണ്ടായിരുന്നത് വായനയുടെ ലോകത്തിലെ പി.ജിയെക്കുറിച്ചുള്ള സ്മരണകളും അദ്ദേഹത്തിന്റെ അഗാധമായ പുസ്തക പ്രേമവും മുഖമുദ്രയായ ലാളിത്യവും വാത്സല്യവുമാണ്.

പയ്യന്നൂര്‍ കുഞ്ഞിരാമനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ബന്ധം ചെലുത്തിയതിനു ശേഷമാണ് ഈ പുസ്തകം തയ്യാറാക്കുവാനുള്ള സമ്മതം ലഭിച്ചതു തന്നെ. പി.ജിയുടെ വീട്ടിലെ വായനാമുറിയില്‍ നിന്നും എ.കെ.ജി സെന്ററിലെ മുറി വരെയുള്ള പി.ജിയെ കാണിച്ചു തരുവാനാണ് രചയിതാവ് ശ്രമിക്കുന്നത്.

ഈ ചടങ്ങിലും തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ അല്‍പമെങ്കിലും അതിശയോക്തി കലര്‍ന്നിട്ടുണ്ടോ എന്ന സന്ദേഹത്തോടെയാണ് പി.ജി മറുപടി പ്രസംഗം ആരംഭിച്ചത്. ശക്തവും ഊര്‍ജ്ജസ്വലവുമായ അദ്ദേഹത്തിന്റെ വാക്കുകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവും സമരങ്ങളും ജയില്‍വാസ ജീവിതവും പങ്കുവെച്ചു. ജയില്‍പുള്ളികളില്‍ ‘കൊലപാതകികളാണ്’ ഏറ്റവും നിരുപദ്രവകാരികള്‍ എന്നാണ് പി.ജിയുടെ അനുഭവം. കാരണവും മറ്റൊന്നുമല്ല. ബാക്കിയുള്ളവര്‍ സോപ്പും പുസ്തകങ്ങളും കടംമേടിച്ചു കൊണ്ടുപോകുമ്പോള്‍ അവര്‍ അതൊന്നും ചെയ്യില്ല തന്നെ. പുസ്തകങ്ങളെ നഷ്ടപ്പെടുക അതീവ ദുഃഖകരമാണല്ലോ!

‘ദീര്‍ഘായുസ്സ്’ അത്ര നല്ലതാണെന്നു പി.ജി കരുതുന്നില്ല. നാനാവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതായിത്തീരുന്നു പിന്നീടുള്ള ജീവിതം. സുഹൃത്തുക്കളുടെ പലരുടെയും വിയോഗങ്ങളും വളരെ ഖേദകരമാണ്. ഇപ്പോഴുള്ള തന്റെ ചെറിയ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മകളായ പാര്‍വ്വതി ദേവിയോടു പോലും പറയാറില്ലത്രെ. അച്ഛന്റെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന അവര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകും.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അംഗത്വം അതിവിശിഷ്ടമായി കണക്കാക്കുന്ന പി.ജി, തന്റെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പലപ്പോഴും പ്രകടിപ്പിക്കേണ്ടി വന്നപ്പോള്‍ തന്നെ പാര്‍ട്ടിയുടെ കൂട്ടായ അഭിപ്രായത്തെ മാനിക്കുകയും അതിനോട് കൂറ് പുലര്‍ത്തിയിരുന്നതായും അനുസ്മരിക്കുന്നു.

വായനയുടെ ലോകത്തില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കണം തന്റെ ഈ ലോകത്തിനോടുള്ള വിട, അല്ലാതെ അതൊരാശുപത്രി കിടക്കയിലാകരുത് എന്നാഗ്രഹിക്കുന്ന ഈ അപൂര്‍വ്വ വ്യക്തി പ്രഭാവം ഇന്നും വായനയുടെ ലോകത്തിലെ യൗവ്വനമാണ്. ആ യൗവ്വനം അറിഞ്ഞതും പറഞ്ഞതും പറഞ്ഞു കൊണ്ടിരിക്കുന്നതുമായ വൈവിധ്യ വിഷയങ്ങള്‍ മാനവ സമൂഹത്തില്‍ അറിവിന്റെ പ്രകാശം ചൊരിയുന്നു. അദ്ദേഹത്തിന്റെ ജീവിതം സമാനതകളില്ലാത്ത ഒരു വിപ്ലവ പ്രവര്‍ത്തനമാണ്.