മിഠായിത്തെരുവിലെ ടോയ്‌ലെറ്റ് പ്രക്ഷോഭത്തെക്കുറിച്ച്
ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നഗരമാണ് കോഴിക്കോട്. കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥലാണ് മിഠായിത്തെരുവ്. ലോകത്തേറ്റവും കൂടുതല്‍ ജനങ്ങള്‍ സഞ്ചരിക്കുന്ന നഗരവീഥികളിലൊന്ന്. കോഴിക്കോടിന്റെ സാഹിത്യ ഇടങ്ങളിലെല്ലാം എഴുതിവെക്കപ്പെട്ട ഈ തെരുവിലെ സ്ത്രീ തൊഴിലാളികള്‍ ഇപ്പോള്‍ പുതിയൊരു പ്രക്ഷോഭത്തിന്റെ വഴിയിലാണ്. തൊഴിലിടങ്ങളില്‍ തങ്ങള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീതൊഴിലാളികള്‍ രംഗത്തെത്തിയത്. ചരിത്രത്തില്‍ അധികമൊന്നും കേട്ടുകേള്‍വിയില്ലാത്ത സമരത്തിന്റെ ചൂട് മിഠായിത്തെരുവിലെ ഇടനാഴികളില്‍ പുകഞ്ഞ് തുടങ്ങിയിയിട്ടുണ്ട്.
മിഠായിത്തെരവിലെ സ്ത്രീ തൊഴിലാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത കൊണ്ടാണ് പെണ്‍കൂട്ട് രൂപീകൃതമായത്. ഷോപ്പുകളിലെ സ്ത്രീ തൊഴിലാളികള്‍ക്കായി ടോയ്‌ലെറ്റ് സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി പെണ്‍കൂട്ട് രംഗത്തിറങ്ങിയിരിക്കയാണ്. ആവശ്യം അംഗീകരിക്കപ്പെടുന്നത് വരെ സമരവുമായി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് പെണ്‍കൂട്ട് പ്രസിഡന്റ് വിജി പറയുന്നു. വ്യാപാര കേന്ദ്രങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും സ്ത്രീകള്‍ പല തരത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ടെ. ടോയ്‌ലെറ്റോ മറ്റ് സൗകര്യമോ മാന്യമായ വേതനമോ നല്‍കാതെ സ്ത്രീ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. വിജി കേരളഫ്ളാഷ്‌ന്യൂസുമായി സംസാരിക്കുന്നു.
2009 മാര്‍ച്ചിലാണ് ഞങ്ങള്‍ , മിഠായിത്തെരുവിലെ സ്ത്രീ തൊഴിലാളികള്‍ സ്വയം സംഘടിച്ചത്. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ പുറത്ത് പറയാന്‍ സ്ത്രീ തൊഴിലാളികള്‍ തയ്യാറല്ലായിരുന്നു. അത് മനസിലാക്കിയ ഞങ്ങള്‍ ആദ്യം സ്ത്രീകളെ ബോധവത്കരിച്ചു. അടച്ചിട്ട മുറിയിലാണ് ഞങ്ങള്‍ ആദ്യം യോഗം ചേര്‍ന്നത്. വളരെയേറെ വേദനയോടെയാണ് അന്ന് യോഗത്തില്‍ പങ്കെടുത്ത സ്ത്രീ തൊഴിലാളികള്‍ അനുഭവങ്ങള്‍ വിശദീകരിച്ചത്. ടോയ്‌ലെറ്റ് പ്രശ്‌നമാണ് പ്രധാനമായി എല്ലാവരും പറഞ്ഞത്.
മിഠായിത്തെരുവിലെ 90 ശതമാനം ഷോപ്പുകളിലും ടോയ്‌ലെറ്റ് സൗകര്യമില്ല. ഉള്ളവ തന്നെ ഉപയോഗ ശൂന്യമല്ല. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ സ്ത്രീ തൊഴിലാളികള്‍ കഷ്ടത അനുഭവിക്കുകയാണ്. പുരുഷന്‍മാര്‍ക്കാണെങ്കില്‍ പള്ളിയിലോ മറ്റിടങ്ങളിലോ പോയി കാര്യം സാധിക്കാം സ്ത്രീകള്‍ക്ക് അത് കഴിയില്ല. പലരും രാവിലെ ഷോപ്പിലെത്തിയാല്‍ പിന്നീട് വൈകീട്ട് വീട്ടിലെത്തിയ ശേഷമാണ് മൂത്രമൊഴിക്കുന്നത്. ഇത് പേടിച്ച് വെള്ളം കുടിക്കാന്‍ വരെ പലര്‍ക്കും പേടിയാണ്.
എല്ലാ ഷോപ്പുകളിലും ടോയ്‌ലെറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഞങ്ങളുടെ പ്രാഥമിക ആവശ്യം. ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ളത് ഈ വിഷയമാണ് അതിന് വേണ്ടിയാണ് പെണ്‍കൂട്ട് ഇപ്പോള്‍ രംഗത്തിറങ്ങിയത്.
ടോയ്‌ലെറ്റ് പ്രശ്‌നം ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ മേയറെയും വ്യാപാരി വ്യവസായ ഏകോപന സമിതിയെയും ഞങ്ങള്‍ സമീപിച്ചു. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ കോര്‍പറേഷന് അധികാരമില്ലെന്ന വിചിത്രവാദമാണ് മേയര്‍ ഉന്നയിച്ചത്. ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യം ഉണ്ടെങ്കില്‍ മാത്രമേ കെട്ടിടങ്ങള്‍ക്ക് കോര്‍പറേഷന്‍ ലൈസന്‍സ് കൊടുക്കാവൂവെന്നാണ് നിയമം. എന്നാല്‍ അത് ഞങ്ങളുടെ അധികാരമല്ലെന്നായിരുന്നു മേയറുടെ മറുപടി. ഷോപ്പുടമകളല്ല, കെട്ടിട ഉടമകളാണ് ടോയ്‌ലെറ്റ് സൗകര്യം ഏര്‍പ്പെടുത്തേണ്ടതെന്ന് വ്യാപാരി വ്യവസായ ഏകോപന സമതിയും പറഞ്ഞു. പല ഘട്ടങ്ങളിലായി ഞങ്ങള്‍ ഇടപെടല്‍ നടത്തിയിട്ടും ഒരു അടി പോലും മുന്നോട്ട് പോവാന്‍ കഴിഞ്ഞില്ല. ഇനി ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച് നിവേദനം നല്‍കും. നടപടിക്ക് നീക്കമില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആവശ്യം അംഗീകരിക്കുന്നത് വരെ സമര രംഗത്തുണ്ടാവും.
ഇതിനിടെ പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ക്ക് ചില മോശം അനുഭവങ്ങളും നേരിടേണ്ടി വന്നു. നിലവില്‍ ടോയ്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന ഒരു ക്ടെടിടത്തില്‍ പണം വാങ്ങിയാണ് ആളുകളെ ടോയ്‌ലെറ്റിലേക്ക് കടത്തി വിടുന്നത്. ഇവിടെ പോയ പെണ്‍കൂട്ട് പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഞങ്ങളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ഏറെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ടാണ് സ്ത്രീ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നത്. രാവിലെ 9.30ന് ജോലിക്കെത്തുന്ന വനിതാ തൊഴിലാളികള്‍ വൈകീട്ട് 7.30നാണ് തിരിച്ച് പോകുന്നത്. പുരുഷന് കൊടുക്കുന്നതിന്റെ പകുതി പോലും കൂലി അവര്‍ക്ക് കൊടുക്കുന്നില്ല. വീട്ടിലെ ജോലി ഭാരങ്ങളെല്ലാം കഴിഞ്ഞാണ് അവര്‍ തൊഴിലിടങ്ങളിലെത്തുന്നത്. പുരുഷന്റെ കൂലി കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയാതെ വരുമ്പോഴാണ് അവള്‍ തൊഴിലിടങ്ങളിലെത്തുന്നത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ തയ്യാാവാത്തതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ മടിക്കുന്നതും അവര്‍ക്ക് തിരിച്ചടിയാകും. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമങ്ങളുടെ മുന്നില്‍ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ വരെ അവര്‍ക്ക് മടിയാണ്. വീട്ടിലും തൊഴിലിടങ്ങളിലും അത് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അവള്‍ ഭയക്കുന്നു. ആവശ്യങ്ങള്‍ തുറന്ന് പറയുന്ന തൊഴിലാളികളോട് വളരെ മോശമായ, ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ വരെ ഉണ്ടാവാറുണ്ട്. സഞ്ചിയുമായി വരാനും പൈപ്പിടാനും വരെ ചില ഷോപ്പുടമകള്‍ പറഞ്ഞു. സഹികെട്ടാണ് ഞങ്ങള്‍ രംഗത്തെത്തിയത്. നിലവില്‍ 1000ത്തോളം സ്ത്രീ തൊഴിലാളികള്‍ മിഠായിത്തെരുവില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 100 ഓളം പേര്‍ ഇപ്പോള്‍ പെണ്‍കൂട്ടില്‍ അംഗങ്ങളാണ്.
ഷോപ്പുകളിലെ ഓരോ വനിതാ തൊഴിലാളികളുടെയും മുഖങ്ങളില്‍ നിന്ന് അവള്‍ അനുഭവിക്കുന്ന വേദന വായിച്ചെടുക്കാനാകും. വൈകുന്നേരമാവുമ്പോഴേക്കും വെള്ളം കുടിക്കാതെ മത്രമൊഴിക്കാനാകാതെ അവളുടെ മുഖം വിളറിയിരിക്കും. ഷോപ്പില്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ പോലും അവള്‍ക്ക് അവസരം ലഭിക്കുന്നില്ല.
സ്ത്രീകളാണ് ഞങ്ങളുടെ രാഷ്ട്രീയം. എന്നാല്‍ ഞങ്ങള്‍ പ്രശ്‌നങ്ങള്‍ തുറന്ന് പറയുമ്പോള്‍ പലരും ശത്രുതയോടെയാണ് കാണുന്നത്. ഇവര്‍ പ്രശ്‌നക്കാരാണെന്ന് മനോഭാവമാണ് പലര്‍ക്കും. ഇപ്പോള്‍ മിഠായിത്തെരുവ് കേന്ദ്രീകരിച്ചാണ് പെണ്‍കൂട്ട് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളിലെ മറ്റിടങ്ങളിലും സ്ത്രീ തൊഴിലാളികള്‍ ഇത്തരം വിവേചനത്തിന് ഇരയാകുന്നുണ്ട്. അവരെയും സംഘടിപ്പിച്ച് പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ അത് അടുത്ത ഘട്ടത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
പുരുഷ തൊഴിലാളികള്‍ നൂറ് ശതമാനം ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ടോയ്‌ലെറ്റ് പോലുള്ള പ്രശ്‌നങ്ങള്‍ അവര്‍ കൂടി അനുഭവിക്കുന്നതാണ്. അവര്‍ക്ക് മറ്റ് സാധ്യതകളുള്ളതാനില്‍ വലിയ പ്രശ്‌നമാവുന്നില്ലെന്നേയുള്ളൂ. തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിച്ചത് കൊണ്ട് മാത്രം സ്ത്രീ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. പുരുഷന്‍മാര്‍ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരട്ടെ.
