എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞു. എന്തൊക്കെയോ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും പാര്‍ട്ടി നവീകരിക്കപ്പെടുമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. ഒരുപാട് മേളകള്‍ കണ്ട കോഴിക്കോടിന് മേളകളുടെ മേളകൂടി കാണാന്‍ ഭാഗ്യം ലഭിച്ചുവെന്നതില്‍കവിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തെങ്കിലും രചനാത്മകമായ ദൈത്യം നിര്‍വഹിക്കാന്‍ ഈ മാമാങ്കത്തിന് കഴിഞ്ഞുവെന്ന് ഞങ്ങള്‍ കരുതുന്നില്ല.

മാമാങ്കത്തിന് എക്കാലത്തും ഒരുനിലപാട് തറ ഉണ്ടായിരുന്നു. അതില്‍ നിലയുറച്ചുനിന്നായിരുന്നു അങ്കംവെട്ടല്‍. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് അത്തരമൊരു നിലപാട് തറ ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സംഘടനാ പ്രമേയവും പ്രത്യയശാസ്ത്ര പ്രമേയവും വായിച്ചാല്‍ ബോധ്യമാവും. അടിമുതല്‍ മുടിവരെ വിശുദ്ധോക്തികള്‍ നിറഞ്ഞവയാണ് പ്രമേയങ്ങളെല്ലാം. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുവേണ്ട മിനിമം യോഗ്യത അതെന്നും ജനപക്ഷത്ത് നിലയുറപ്പിക്കേണ്ടതും അത് ജനങ്ങളെ അറിയുന്ന പാര്‍ട്ടി ആയിരിക്കണമെന്നുമാണ്. അത് മാത്രം പോര. അത് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതുപോലെ ജനങ്ങളെ മുന്നോട്ട് നയിക്കുന്നതും ജനകീയസമരങ്ങളെ നയിക്കുന്നതുമായിരിക്കണമെന്നതാണ്.ആത്യന്തികമായി ആ പാര്‍ട്ടിതൊഴിലാളി വര്‍ഗത്തെ ഏകോപിപ്പിച്ചു മുന്നോട്ടുനയിക്കുന്ന ഒന്നായിരിക്കണം.

Ads By Google

മായാവതിയുമായും മുലായാംസിഗ് യാദവുമായും ജയലളിതയുമായും കരുണാനിധിയുമായൊക്കെ കൂട്ട്‌കെട്ടുണ്ടാക്കി ബദല്‍ശക്തിയായി ഉയരാന്‍ ആഗ്രഹിക്കുന്ന ഒരു പാര്‍ട്ടിയ്ക്ക് അതെങ്ങിനെ കഴിയും എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരം നല്‍കാനാവില്ല. കുമ്പസാരക്കൂട്ടിലെ കാപട്യം നിറഞ്ഞ മാനസിക വിവേചനമാണ് അവതരിപ്പിച്ചുപാസാക്കിയെടുത്ത പ്രമേയങ്ങളെല്ലാം. സര്‍വകലാശാലകളില്‍ പഠിച്ച കുറേ വിവരദോഷികള്‍ എഴുതിയുണ്ടാക്കിയ ഈ രേഖകള്‍ക്കെതിരെ വിമതശബ്ദം ഉണ്ടാ വരുതെന്ന കാര്യത്തില്‍ സംസ്ഥാനകേന്ദ്ര നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. അതൊക്കെ വിശദമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ട ഒന്നായതിനാല്‍ ഞങ്ങള്‍ അതിലേക്കൊന്നും കടയ്ക്കുന്നില്ല. ഇത്തരം എന്തെങ്കിലും വിശകലനങ്ങള്‍കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടെന്നും ഞങ്ങള്‍ കരുതുന്നില്ല. ഈ പാര്‍ട്ടി പഠിച്ചതേ പാടൂ എന്നും ഇതിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും ഞങ്ങള്‍ക്കറിയാം.

 

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇന്നാവശ്യം കേരള രാഷ്ട്രീയത്തില്‍ നിന്ന വി.എസിനെ പുറത്തുചാടിക്കലാണ്. അതിന് ഇരുവരും കൈകോര്‍ത്തു പിടിച്ചിരിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ ഇരവരും തുടങ്ങിക്കഴിഞ്ഞു

 

സ്വയം നവീകരിക്കാന്‍ കഴിയാത്ത ഒരു പ്രസ്ഥാനത്തെ ആര്‍ക്കും നവീകരിക്കാനാവില്ല. തെറ്റിയെന്ന് ചിലപ്പോഴൊക്കെ അവര്‍ തന്നെ ഏറ്റുപറഞ്ഞ നേതൃത്വത്തെ പി.ബിയേയും കേന്ദ്രകമ്മിറ്റിയെയും ഏറെക്കുറെ അതുപോലെ തന്നെ നിലനിര്‍ത്തിയാണ് സമ്മേളനം പിരിഞ്ഞത്. ഇനി മൂന്നുകൊല്ലം കൂടി ഈ മാഫിയാ സൗഹൃദ സംഘത്തെ നിലനിര്‍ത്താനാണ് പദ്ധതി. ചില കടുംകൈകള്‍ ചെയ്യാന്‍ കഴിവുള്ള ചിലരെ തന്ത്രപൂര്‍വ്വം അകത്തുചെന്നിരുത്തി വാഴിക്കാനും കോണ്‍ഗ്രസ്സിന് കഴിഞ്ഞിരിക്കുന്നു. ‘ എല്ലാം ശുഭമായി എന്നതിന്റെ ബഷീറിയന്‍ പരിഭാഷയായ ‘ എല്ലാം ശുംഭമായി’ കലാശിച്ചിരിക്കുന്നു. ജനങ്ങള്‍ പ്രതീക്ഷിച്ചതുപോലെ അച്യുതാനന്ദനെ വീണ്ടും പി.ബിയിലേക്കെടുത്തില്ല. അങ്ങനെ സംഭവിക്കാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എം.എ ബേബിയൊക്കെയുള്ള ഒരു പോളിറ്റ് ബ്യൂറോയില്‍ വി.എസ്. അച്യുതാനന്ദന്‍ കയറിയിരിക്കുന്നതിന്റെ മാനഹാനിയെക്കുറിച്ച് ഞങ്ങള്‍ വേവലാതിപ്പെട്ടിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞതിനുശേഷം ചില നേതാക്കള്‍ നടത്തുന്ന ചില വായ്ത്താരികള്‍ അലോസരപ്പെടുത്തുന്നതാണ്. അച്യുതാനന്ദന്‍ എന്ന വെറും കേന്ദ്ര കമ്മിറ്റി മെമ്പര്‍ നേതാവായിരിക്കുന്ന സഭയില്‍ രണ്ട് പി.ബി മെമ്പര്‍മ്മാര്‍ക്ക് എങ്ങിനെ അനുസരണയോടെ ഇരിക്കാന്‍ കഴിയും എന്ന കാര്യത്തിലും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അമ്പരപ്പിക്കുന്ന ഒരു അനൗചിത്യം അതിനുണ്ട്. അത് പരിഹരിക്കാനുളള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് ഞങ്ങളറിയുന്നത്. അതിന് പിന്തുണ നല്‍കാന്‍ ഭരണപക്ഷവും തയ്യാറാണ്. ഇരുപക്ഷവും ഒരേ പക്ഷമായി മാറുന്ന കൗതുകകരമായ കാഴ്ചയ്ക്കാണ് കേരള രാഷ്ട്രീയം ഇന്ന് കാത്തിരിക്കുന്നത്. അതിലേക്ക് കടക്കുന്നതിന് മുമ്പ് വേറെ ചില കാര്യങ്ങള്‍ പറയാതിരിയ്ക്കാന്‍ വയ്യ.

വി.എസ്സിന് പ്രത്യേക പരിഗണന നല്‍കിയതുകൊണ്ടാണ് വി.എസ്സിനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തിയതെന്നാണ് പ്രകാശ്കാരാട്ട് പറഞ്ഞത്. പ്രകാശ് കാരാടിനത് പറയാം. പ്രത്യേക പരിഗണനകൊണ്ടുമാത്രം ‘ കേന്ദ്ര സെക്രട്ടറിയേറ്റ്’ എന്നൊരു അത്ഭുത സംഘടനാതലത്തില്‍ കയറിപ്പറ്റുകയും പ്രത്യേക പരിഗണന വെച്ചുകൊണ്ട് പോളിറ്റ്ബ്യൂറോയില്‍ കയറിപ്പറ്റുകയും ചെയ്ത പ്രകാശ് കാരാട്ടിന് അറിയുന്ന  ഏകകാര്യം പരിഗണനകളും താല്‍പര്യങ്ങളും മാത്രമാണ്. ജനങ്ങളോടൊപ്പം ഉറച്ചുനിന്ന് പൊരുതി മുന്നേറുന്നതിന്റെ രസതന്ത്രം കാരാട്ടിനറിയില്ല.

എഴുപത് വര്‍ഷത്തിലേറെക്കാലം ജനങ്ങള്‍ക്കൊപ്പം നിന്ന ഒരു ജനകീയ നേതാവിന് എന്തിനാണൊരു പ്രത്യേക പരിഗണനയുടെ ആവശ്യം. അത്തരം പരിഗണനകളുടെ ആവശ്യമില്ലെന്ന് വി.എസ് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്കേറ്റവും  പ്രിയപ്പെട്ട നേതാവിനെ തിരസ്‌കരിക്കുന്നതുവഴി പാര്‍ട്ടി ജനങ്ങളെയാണ് തിരസ്‌കരിച്ചിരിക്കുന്നത്. സമ്മേളന നഗരിയില്‍ വി.എസ്സിന്റെ പേര് കേട്ടപ്പോള്‍ ഇളകിമറിഞ്ഞ ജനസാഗരത്തിന്റെ അര്‍ഥം കാരാട്ട് മനസ്സിലാക്കണം. ജനങ്ങളുമായി പരിചയമില്ലാത്ത കാരാട്ടിനത് മനസ്സിലാവില്ല. മാത്രമല്ല പ്രകാശിന്റെ നിലനില്പുതന്നെ പിണറായി വിജയനേയും സംഘത്തെയും ആശ്രയിച്ചായിരിക്കുമ്പോള്‍ അത് മനസ്സിലാക്കാനുള്ള താല്‍പര്യവും കാരാട്ട് കാട്ടില്ല. അത് മനസ്സിലാക്കിയാല്‍ കാരാട്ടിനും പാര്‍ട്ടിക്കും നല്ലതാണ്. കാരാട്ടിനും പിണറായി വിജയനും വി.എസ്സിനെ എഴുതിതള്ളാന്‍ കഴിയും. എന്നാല്‍ കേരളത്തിന്റെ ഇടതുപക്ഷ മനസ്സിന് ജന്മമനസ്സിന്, ജനമനസ്സിന് അതാവില്ല.

ഇരുപക്ഷവും  ഒരുപക്ഷമാവുന്നതിനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു. അത് പാര്‍ട്ടിയ്ക്കുള്ളിലെ രണ്ട്  പക്ഷമല്ല- ഭരണപക്ഷവും പ്രതിപക്ഷവും തന്നെയാണ്. രണ്ടുകൂട്ടര്‍ക്കും ഇന്നാവശ്യം കേരളരാഷ്ട്രീയത്തില്‍ നിന്ന് വി.എസ്സിനെ പുറത്തുചാടിക്കലാണ്. അതിന് രണ്ടുപക്ഷവും ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നു പാര്‍ട്ടിയ്ക്ക് വേണ്ടാത്ത വി.എസ് എങ്ങിനെ പ്രതിപക്ഷ നേതാവായിരിക്കും എന്നാണ് ചെന്നിത്തലയുടെ ചോദ്യം. അത് ശരിയുമാണ്. ആ അപാകത തീര്‍ക്കാന്‍ രണ്ടുപക്ഷവും ഇറങ്ങിയിരിക്കുകയാണ്. അച്യുതാനന്ദനെതിരെയുള്ള ഭൂമിദാനക്കേസില്‍ നിന്ന് ഹൈക്കോടതി വി.എസ്സിനെ ഒഴിവാക്കാനാണ് സാധ്യത. അങ്ങിനെ വിജയശ്രീ ലാളിതനാവുന്ന വി.എസ്സിനെ നേരിടാന്‍ രണ്ട് കൂട്ടര്‍ക്കും കഴിയില്ല. അതിന് മുമ്പ് വി.എസ്സിനെതിരെ ചാര്‍ജ്ഷീറ്റ് നല്‍കി വി.എസ്സിനെക്കൊണ്ട് രാജിവെപ്പിക്കാനുള്ള ഒത്താശകള്‍ ഭരണകൂടം നല്‍കും. ആ സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് കടന്നിരിക്കാം. അതിനെ പാര്‍ട്ടി സമവാക്യത്തിന്റെ അസംതുലിതാവസ്ഥയെ മറികടക്കാം. തനിക്കെതിരെ ചാര്‍ജ്ഷീറ്റ് ഇറങ്ങിയാല്‍ താന്‍ രാജിവെക്കുമെന്ന വി.എസ്സിന്റെ പ്രസ്താവന സംഗതികള്‍ എളുപ്പമാക്കുന്നു.

എം.എന്‍ വിജയന്‍മാഷ് പറഞ്ഞതുപോലെ ‘ പരാജയം ഭക്ഷിച്ചു’ വിജയിക്കുന്ന വി.എസ് അതിന് തയ്യാറാവരുതെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്.