ദുബായ്: ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റും ജയിച്ച് പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യമായിട്ടാണ് പാക്കിസ്ഥാന്‍ പരമ്പര സമ്പൂര്‍ണ്ണ വിജയം നേടുന്നത്.

അവസാന ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 99 റണ്‍സിന് പുറത്തായ പാക്കിസ്ഥാന്‍ ശക്തമായി തിരിച്ചു വരികയായിരുന്നു. ഇംഗ്ലണ്ടിനെ 141 റണ്‍സിന് പുറത്താക്കിയ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 365 റണ്‍സ് നേടി കരുത്ത് തെളിയിച്ചു.

പിന്നീട് 324 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 252 ന് പുറത്തായതോടെ പാക്കിസ്ഥാന്‍ 71 റണ്‍സിന് വിജയം കാണുകയായിരുന്നു. സെഞ്ച്വറി നേടിയ അസ്ഹര്‍ അലി (157) ആണ് മാന്‍ ഓഫ് ദ മാച്ച്. പാക്ക് നിരയില്‍ യൂനിസ് ഖാനും (127) സെഞ്ച്വറി നേടി.

നാല് വിക്കറ്റുകള്‍ വീതം നേടി ഉമര്‍ഗുലും സയീദ് അജ്മലും ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് തകര്‍ത്തു. ഇംഗ്ലണ്ട് ടീമിലെ ഒരംഗത്തെ പോലും അര്‍ധ ശതകം തികയ്ക്കാന്‍ കഴിഞ്ഞില്ല.

ഈ തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ പദവിയ്ക്ക് ഭീഷണിയുയര്‍ന്നിട്ടുണ്ട്. ഇനി ന്യൂസിലന്റിനെ 3-0 ന് തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റിലെ ലോക  ഒന്നാം നമ്പര്‍ പദവിയിലെത്താം.

കഴിഞ്ഞ വര്‍ഷം ഒന്നാം നമ്പര്‍ ടീമായിരുന്ന ഇന്ത്യയെ നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ തൂത്തുവാരിയാണ് 4-0 ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ എല്ലാം തകിടം മറിച്ചു.

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മുഹമ്മദ് അമീറും മുഹമ്മദ് ആസിഫും മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ടും ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് ആരും കരുതിയതല്ല. എന്നാല്‍ മിസ്ബാ ഉള്‍ഹഖിന്റെ നേതൃത്വത്തില്‍ ടീം അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്.

Malayalam News

Kerala News In English