ഇസ്ലാമാബാദ്:  ഇനിയൊരു യുദ്ധം കാശ്മീരില്‍ നടത്താന്‍ പാക്കിസ്ഥാനില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ‘കാശ്മീര്‍ വിഷയം ഇന്ത്യയുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ഞങ്ങള്‍ക്ക് താത്പര്യം.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പാക്കിസ്ഥാന്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ല. കാശ്മീര്‍ വിഷയത്തില്‍ നാലു യുദ്ധങ്ങള്‍ നടന്നു. ആ യുദ്ധമൊന്നും പാക്കിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതല്ല.

ഇനിയൊരു യുദ്ധത്തിനു കൂടി ഞങ്ങളില്ല. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ് തുടങ്ങിയതാണ്. അത് പരിഹരിക്കേണ്ട വിഷയം തന്നെയാണ്.

ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണം. ഏതു ചര്‍ച്ചയ്ക്കും ഞങ്ങള്‍ തയ്യാറാണ്. ഇരുകൂട്ടര്‍ക്കും അനുയോജ്യമായ ഒരു പരിഹാരമാണ് കാശ്മീരില്‍ കാണേണ്ടത്. ഇന്ത്യയുമായി നല്ല ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണം. ആണവശക്തിയുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇനിയും വളരേണ്ടതുണ്ട്. പാക്കിസ്ഥാനിലെ ജനങ്ങളുടെ മുന്നില്‍ നിരവധി ഉത്തരവാദിത്തങ്ങള്‍ നിറവേറണ്ടതായുണ്ട്.

കാശ്മീരില്‍ താമസിക്കുന്ന പാക്കിസ്ഥാനികള്‍ക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്യാന്‍ ഗവണ്‍മെന്റ് സന്നദ്ധരാണ്. ഇന്ത്യയുമായും ചൈനയുമായും നല്ല ബന്ധം തുടരാന്‍ രാജ്യം ആഗ്രഹിക്കുന്നുണ്ട്’- ഗിലാനി വ്യക്തമാക്കി.

കാശ്മീര്‍ വിഷയം ഗൗരവമായി തന്നെയാണ് എടുത്തിട്ടുള്ളതെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി വക്താവ് സുള്‍ഫിക്കര്‍ അലി ബൂട്ടോ വ്യക്തമാക്കി. കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായി രാജ്യം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News In English