എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്
എഡിറ്റര്‍
Friday 27th April 2012 6:38pm

അഹമ്മദാബാദ്: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടലില്‍ വീണ്ടും വെടിവെയ്പ്പ്. ഗുജറാത്തിലെ പോര്‍ബന്തര്‍ സ്വദേശിയായ ദയാ ഭായ് എന്ന മത്സതൊഴിലാളിക്ക് നേരെയാണ് പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സ് വെടിവെച്ചത്. ഗുജറാത്തിലെ ജഖു തീരത്തിനടുത്തുള്ള സമുദ്രാതിര്‍ഥിയിലാണ് വെടിവെപ്പുണ്ടായത്. ദയാ ഭായ് അടക്കം ആറുപേര്‍ ഇന്നലെ രാത്രി മത്സബന്ധനത്തിനിറങ്ങിയതായിരുന്നു. മറ്റുള്ളവര്‍ക്ക് പരിക്കുള്ളതായ് സൂചനയില്ല. വെടിയുണ്ട കൊണ്ടു പരിക്കേറ്റ ദയാ ഭായിയെ ഓഖയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓഖ മറൈന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമാനമായ വെടിവെപ്പ് ഗുജറാത്ത തീരത്തുമുണ്ടായിരിക്കുന്നത്. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സി എന്ന കപ്പലിലെ നാവികരാണ് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ക്രിമിനല്‍ കേസ് തുടരുന്നുണ്ടെങ്കിലും ഇറ്റാലിയന്‍ സര്‍ക്കാര്‍ പണം നല്‍കിയതിനെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ കേസില്‍ നിന്ന് പിന്‍മാറിയിരിക്കയാണ്.

കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് കഴിഞ്ഞ ദിവസം പ്രതികള്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടി രൂപയും നഷ്ടപരിഹാരമായി നല്‍കിയിരുന്നു. പണം ലഭിച്ചതിന് ശേഷം കേസ് ഇല്ലാതാക്കാന്‍ ഇറ്റലി നാവകര്‍ക്ക് ഒത്താശ ചെയ്ത മത്സ്യതൊഴിലാളികളോട് സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നോയെന്നായിരുന്നു ഹൈക്കോടതി ഇന്ന് ചോദിച്ചിരുന്നത്.

കേരളത്തിലെ സംഭവത്തിനെ തുടര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വിദേശ കപ്പലുകള്‍ പ്രവേശിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Advertisement