Categories

പിണറായി സഖാവേ ഇപ്പോള്‍ പാര്‍ട്ടിയാണു ശരി

പി സുരേന്ദ്രന്റെ തുറന്ന കത്ത്

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തില്‍ സ്വത്വവാദവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച സജീവമാണല്ലോ?. സ്വത്വവാദം സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് താങ്കള്‍ വ്യക്തമാക്കുകയും ചെയ്തു. വൈകിയാണെങ്കിലും മുസ്ലിം മതമൗലിക വാദത്തെ ശക്തമായി എതിരിടാന്‍ താങ്കള്‍ ആര്‍ജവം കാണിച്ചു. കേരളത്തിലെ ഒരു എളിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അങ്ങേക്ക് എന്റെ അഭിനന്ദനങ്ങള്‍. മുമ്പും പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ നിശബ്ദരായപ്പോള്‍ മുസ്‌ലിം മത തീവ്രവാദത്തിനെതിരെ ശബ്ദിക്കാന്‍ താങ്കള്‍ ധീരത കാണിച്ചിട്ടുണ്ട്.

താങ്കളെപ്പോലുള്ള ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്ത് കഴിഞ്ഞിട്ടും സാംസ്‌കാരിക രംഗത്ത് സ്വത്വവാദത്തിന്റെയും വംശീയവാദത്തിന്റെയും നിഴലുകള്‍ വീണു കിടക്കുന്ന മുസ്‌ലിം മതമൗലികവാദികളുമായുള്ള തന്റെ ബാന്ധവം കെ ഇ എന്‍ കുഞ്ഞഹമ്മദ് തുടരുകയും ചെയ്യുന്നു. സ്വത്വവാദത്തിന്റെ മറപിടിച്ച് കടുത്ത വംശീയവാദമാണ് കുഞ്ഞഹമ്മദും പോക്കറും ഉയര്‍ത്തിയതെന്ന് താങ്കളുടെ ശ്രദ്ധയിപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. വംശീയ വാദം എന്നത് അപരനോടുള്ള ഒടുങ്ങാത്ത പകയും വിദ്വേഷവും പടര്‍ത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. ആര്‍ എസ് എസ് പോലുള്ള ഹിന്ദു രാഷ്ട്ര വാദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനകളും മുസ്‌ലിം മതമൗലികവാദ സംഘടനകളും വംശീയവാദത്തിന്റെ വക്താക്കളാണ്.

എന്നാല്‍ ഇതേ ആശയങ്ങള്‍ സി പി ഐ എമ്മിലേക്ക് ഒളിച്ചുകടത്തപ്പെട്ടത് എങ്ങിനെയാണ്. കെ ഇ എന്‍ കുഞ്ഞഹമ്മദ് പ്രചരിപ്പിക്കുന്നത് സ്വത്വവാദമേയല്ല, അതിന്റെ ഫാസിസ്റ്റ് പ്രകടനമായ വംശീയവാദമാണ്. മതവിശ്വാസികളും മതപരമായ അനുഷ്ഠാനങ്ങളും മറ്റ് പരമ്പരാഗതമായ ആചാരങ്ങള്‍ നിലനിര്‍ത്തുന്നവരും അതേസമയം മതേതരമായ പൊതു ജീവിതം നിലനില്‍ക്കണമെന്ന് കരുതുന്നവരുമായ മഹാഭൂരിഭാഗം വരുന്ന ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുസ്‌ലിംകളെ വേട്ടയാടുന്നവരായി ചിത്രീകരിച്ചുകൊണ്ട് കെ ഇ എന്‍ നടത്തുന്ന വൃത്തിക്കെട്ട പ്രചാരണങ്ങള്‍ അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ. ഹിന്ദുക്കള്‍ ഫാസിസ്റ്റ് വത്കരിക്കപ്പെടാത്തത് കൊണ്ടാണ് ബി ജെ പിക്ക് ഇപ്പോഴും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്തത്.

അതേസമയം മുസ്‌ലിം സമൂഹത്തിന് മേല്‍ക്കൈയുള്ള കേരളത്തില്‍ ആ മതത്തിന്റെ പേരില്‍ സ്വത്വവാദവും വംശീയ വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ഇത് അങ്ങയെപ്പോലുള്ളവര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഭാവിയില്‍ അത് വംശീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. കേരളത്തില്‍ സി പി ഐ എം പോലുള്ള രാഷ്ട്രീയ സംഘടനകളുടെ ഉജ്വലമായ സെക്യുലര്‍ ബോധമാണ് കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെ അടിത്തറ.

തീവ്രവാദത്തെയും ഭീകരവാദത്തെയും ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ ഒരേ നാണയത്തില്‍ കാണാനാണ് സി പി ഐ എം പഠിപ്പിച്ചത്. ഈ നിലപാടില്‍ നിന്ന് ഒരിക്കലും സി പി ഐ എം പിന്നോട്ടു പോവരുത്. കെ ഇ എന്‍ കുഞ്ഞഹമ്മദും പോക്കറും പുരേഗമന കലാസാഹിത്യ സംഘത്തിലൂടെ ഒളിച്ചു കടത്തികൊണ്ടുവന്ന വംശീയ വാദം ഇടതുപക്ഷ വീക്ഷണമായി പാര്‍ട്ടിയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു ഘട്ടത്തില്‍ ഇവര്‍ വിജയം നേടി.

ഇതിന്റെ ആപത്ത് തിരിച്ചറിഞ്ഞുകൊണ്ടാണ് ആറു വര്‍ഷം മുമ്പ് സാംസ്‌കരിക രംഗത്തെ ബിന്‍ലാദന്‍മാര്‍ എന്ന ലേഖനം ഞാന്‍ എഴുതിയത്. പക്ഷെ പാര്‍ട്ടി അത് കാര്യമായെടുത്തില്ല. എന്നാല്‍ കുഞ്ഞഹമദിനെ പോലുള്ളവരുടെ വികലവും അശ്ലീലം നിറഞ്ഞതുമായ വംശീയ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം സാംസ്‌കാരികരംഗത്ത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. എം എന്‍ വിജയന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്നത് കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ ഗൂഢ പദ്ധതികളുടെ ഭാഗമായിരുന്നു.

ഫാഷിസത്തിനെതിരേ എപ്പോഴും ഉണര്‍ന്നിരുന്ന മനസ്സാണ് വിജയന്‍ മാഷിന്റേത്. ഇരവാദികള്‍ക്ക് അവരുടെ വംശീയ പ്രത്യയശാസ്ത്രം പാര്‍ട്ടിയില്‍ പ്രചരിപ്പിക്കാന്‍ വിജയന്‍മാഷിന്റെ സാന്നിധ്യം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കെ ഇ എന്‍ കുഞ്ഞുമുഹമ്മദും പോക്കറും തിരിച്ചറിഞ്ഞു. വിജയന്‍ മാഷെ പുറത്താക്കുകയോ, അല്ലെങ്കില്‍ അദ്ദേഹം പുറത്തു പോവുകയോ ചെയ്യേണ്ടത് അവരുടെ ആവശ്യമായിരുന്നു.

കേരളത്തിലെ മുസ്‌ലിം തീവ്രവാദ സംഘടനയുടെ കനത്ത പിന്തുണ ഇര വാദികള്‍ക്ക് ലഭിച്ചിരുന്നു. വിജയന്‍ മാഷ്‌ക്ക് നേരെ വേട്ടയാടി ഇരവാദികള്‍ വിജയിച്ചു. പിന്നീട് ഇവരുടെ അഴിഞ്ഞാട്ടമാണ് സി പി ഐ എമ്മിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടന്നത്. അതോടെ സാമുദായികവും വംശീയവുമായ അസ്വസ്തകള്‍ പെരുകി.

മലയാളിയുടെ ഓണത്തെ പോലും ഇരവാദികള്‍ ഫാഷിസ്റ്റ് വല്‍ക്കരിച്ചു. പി കുഞ്ഞിരാമന്‍ നായരെയും പൂന്താനത്തെയും ഒക്കെ കേവലമെരു സവര്‍ണ്ണ കാവ്യബോധത്തിന്റെ വക്താക്കള്‍ മാത്രമായി പു ക സയ്ക്കകത്തുനിന്നുകൊണ്ട് കെ ഇ എന്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കപ്പെടരുതായിരുന്നു. ഇത് ഫാഷിസ്റ്റുകളെയാണ് സഹായിക്കുക. സി പി എമ്മിന്റെ ചെലവില്‍ വംശീയത പ്രചരിപ്പിക്കപ്പെട്ടത് ആ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരില്‍ കടുത്ത വേദനയും അമര്‍ഷവുമുണ്ടാക്കി.

വന്‍തോതില്‍ എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ ഈ പ്രസ്ഥാനത്തെ ഉപേക്ഷിക്കാന്‍ കാരണമായത് ഇരവാദികളുടെ അസഹിഷ്ണുതയും വെറുപ്പും സഹനീയമല്ലാത്തതുകൊണ്ടുമായിരുന്നു. എം എന്‍ വിജന്‍ പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോയതോടെ സി പി ഐ എമ്മിനുണ്ടായ നഷ്ടത്തിന്റെ ആഴത്തെക്കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? സാംസ്‌ക്കാരിക രംഗത്ത് സി പി ഐ എം നേരിട്ട അപചയങ്ങളുടെ തുടക്കം അവിടെ നിന്നാണ്.

വിജയന്‍മാഷിന്റെ ചിന്താ സ്വാതന്ത്ര്യത്തേയും വിമര്‍ശനാത്മക സ്‌നേഹാര്‍ദതയേയും അംഗീകരിച്ചുകൊണ്ടു അദ്ദേഹത്തെ പ്രസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ അങ്ങേക്ക് സാധിക്കേണ്ടതായിരുന്നു. എങ്കില്‍ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരനെ സാംസ്‌കാരിക കേരളം ആദരിച്ചേനെ. സാംസ്‌ക്കാരിക രംഗത്തു നിന്ന് ഇത്രയേറ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും കൊഴിഞ്ഞു പോക്ക് പാര്‍ട്ടിക്ക് നേരിടേണ്ടി വരികയുമില്ലായിരുന്നു.

ഇടതുപക്ഷ വേഷമണിഞ്ഞ വംശീയവാദികള്‍ അങ്ങയേയും സി പി ഐ എമ്മിനെയും ചതിക്കുകയായിരുന്നു. അങ്ങയെ മുഖസ്തുതികൊണ്ട് പ്രീണിപ്പിക്കുകയും അങ്ങയുടെ മറപറ്റി ഈ കാലഘട്ടത്തിന്റെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രം പാര്‍ട്ടിയില്‍ വേരുപിടിപ്പിക്കുകയാണ് ഇരവാദികള്‍ ചെയ്തത്. മുഖസ്തുതിയില്‍ വീഴുന്നത് കമ്മ്യൂണിസ്റ്റുകളുടെ ദുര്‍ഗതിയാണ്. അതിനാല്‍ കുറേകൂടി ആഴത്തില്‍ ഈ വിഷയം പഠിക്കണം.

ഇരവാദികളെ പാര്‍ട്ടിയില്‍ കയരൂരി വിടരുത്. ഒന്നുകില്‍ അവരെ യഥാര്‍ത്ഥ ഇടതുപക്ഷക്കരായി പരിവര്‍ത്തിപ്പിക്കുക. അല്ലെങ്കില്‍ അവര്‍ക്ക് പുറത്തേക്ക് വഴികാണിക്കുക. ഇപ്പോള്‍ ബാധിച്ച ഇരുട്ടിനെ തോല്‍പ്പിക്കാന്‍ വിജന്‍മാഷിന്റെ വെളിച്ചം സ്വീകരിക്കുക. അങ്ങയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍.6 Responses to “പിണറായി സഖാവേ ഇപ്പോള്‍ പാര്‍ട്ടിയാണു ശരി”

 1. absolute_void();

  ലേഖനം മംഗളത്തില്‍ കണ്ടിരുന്നു. ഒരന്തവുംകുന്തവുമില്ലാത്ത വിവരക്കേടാണു സുരേന്ദ്രന്‍ വച്ചുകാച്ചുന്നതു്. ഒരേ സമയം ദേശാഭിമാനിയുടെയും പാഠത്തിന്റെയും പത്രാധിപസ്ഥാനം വഹിക്കുക എന്ന കൂതറ പരിപാടി കാട്ടിയിട്ടും വിജയന്‍മാഷിനെ എത്രനാള്‍ സിപിഎം അതേ സ്ഥാനത്തുതന്നെ തുടര്‍ന്നും ഇരുത്തി? ഒടുവില്‍ സാക്ഷാല്‍ വൈറസ് മജീദിനെ പോലും ന്യായീകരിക്കുന്ന ദുരന്തത്തിലേക്കാണു് അദ്ദേഹം നടന്നുനീങ്ങിയതു്. അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇരവാദി ഇരവാദി എന്നാവര്‍ത്തിച്ചു് കെഇഎന്നിനെയും പോക്കറേയും ആക്ഷേപിക്കുന്നവര്‍ ഇവരെഴുതിയ പുസ്തകങ്ങളില്‍ നിന്നു്, ലേഖനങ്ങളില്‍ നിന്നു്, നടത്തിയ പ്രസംഗങ്ങളില്‍ നിന്നു്, ജീവിക്കുന്ന രീതിയില്‍ നിന്നു്, ഇസ്ലാമിക വര്‍ഗ്ഗീയതയെ ന്യായീകരിക്കുന്ന വരികള്‍ എടുത്തുകാട്ടാനുള്ള ആര്‍ജ്ജവം പാലിക്കണം. വേറൊന്നും ചോദിക്കുന്നില്ല. തെളിവുസഹിതം ക്വോട്ട് ചെയ്യട്ടെ. എന്താ കഴിയില്ലേ? വിവരക്കേടെഴുന്നള്ളിക്കുംമുമ്പു് കേവലം ഒരു തവണ – ഒരേയൊരു തവണ – ഇരകളുടെ മാനിഫെസ്റ്റോ വായിച്ചുനോക്കിയിട്ടു് ഈ പുലയാട്ടുനടത്തട്ടെ. കഴിയില്ലേ? മാരീചന്റെ ഈ ലേഖനം ദയവായി പി സുരേന്ദ്രനു വായിക്കാന്‍ കൊടുക്കുക. പറ്റുമെങ്കില്‍ സംഘപരിവാറിന്റെ പ്രിയതോഴന്‍ ഹമീദ് ചേന്ദമംഗലത്തിനും അയച്ചുകൊടുക്കുക.

 2. MANU WAYANAD

  kollam

 3. deepak

  nalla nekanam

 4. പാവപ്പെട്ടവന്‍

  ഈ പീ സുരേന്ദ്രന്‍ ആരാണന്നും എന്താണന്നും അറിയാത്തവര്‍ ഇതിനെ പ്രതികരിക്കും …സുഹൃത്തെ താങ്ങള്‍ക്ക്‌ സുഖമാണോ ?

 5. Alikoya KK

  1. ‘താങ്കള്‍ മാംസഭുക്കാണോ?’ അയാള്‍ ചോദിച്ചു.
  ‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു.
  ‘താങ്കളോ?’ ഞാന്‍ ചോദിച്ചു.
  ‘ഞങ്ങള്‍ വൈഷ്ണവ ജനത ശുദ്ധ സസ്യ ഭുക്കുകളാണ്‌.’ തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
  ‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ വയറുകീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടിനുറുക്കിത്തിന്നതോ, തള്ളയേയും?’ ഞാന്‍ പെട്ടെന്ന് ചോദിച്ചുപോയി.
  ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍ കൊലപ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലുകള്‍ കുലച്ചുകൊണ്ട് എന്‍റെ നേരെ മുരണ്ടു: ‘ക്യാ?’
  (കടമ്മനിട്ട)

  2. ഇല്ല, ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ
  ചിതയിലേക്ക് പെറ്റിട്ടിട്ടുണ്ടാവില്ല
  ഒരു നിലവിളിയും ഇങ്ങനെ
  ഉയരും മുമ്പേ ചാരമായിട്ടുണ്ടാവില്ല
  വിട, നിന്നെ പിറക്കാനയക്കാത്ത ലോകത്തില്‍
  എനിക്കും ഇനി പിറക്കേണ്ട
  ഇന്ത്യയിലെ അമ്മമാരേ,
  നിങ്ങളിനി പ്രസവിക്കുകയും വേണ്ടാ.
  (സച്ചിദാനന്ദന്‍)

  3. ഞാന്‍ സമ്പൂര്‍ണ്ണ സസ്യഭുക്കല്ല. എന്നാലും ഞാന്‍ അന്യ മതസ്ഥകളെ ബലാല്‍സംഗം ചെയ്യുകയോ അമ്മ വയറ്റില്‍ ഉറങ്ങിയ കണ്ണുതുറക്കാം കണ്‍മണിയെ ശൂലത്തില്‍ കുത്തി തീയിലെറിഞ്ഞാടുകയോ ചെയ്തിട്ടില്ല. അപ്പോള്‍ ചങ്ങാതീ യഥാര്‍ത്ഥ ദുശ്ശിലം എന്താണ്‌? (കുരീപ്പുഴ ശ്രീകുമാര്‍)

  4. ‘നിരന്തരമായ ആക്രമണങ്ങളും വര്‍ഗീയ ലഹളകളും നേരിടേണ്ടി വന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഭരണകൂടത്തിലും ഭരണനിയന്ത്രണത്തിലും നിഷ്പക്ഷവും മതനിരപേക്ഷവും എന്ന നിലക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം മുസ്ലിം വര്‍ഗീയതക്ക് എതിരാണെങ്കിലും ഒരു വിഭാഗം യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന നൈരാശ്യത്തില്‍ നിന്ന് മതമൌലികവാദികള്‍ മുതലെടുക്കുകയാണ്‌. (സി.പി.ഐ.എം. 17-ആം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. ഭാഗം 2/10)

  5. ‘ദലിതരും ന്യൂനപക്ഷങ്ങളും ഇരകളാക്കപ്പെടുന്ന ഒരു കാലത്ത് അവരുടെ സാമ്പത്തികവും സാംസ്കാരികവുമായ ‘തനതുപ്രശ്നങ്ങള്‍’ ഉയര്‍ത്തിക്കൊണ്ട്‌ വരേണ്ടത് ഇടതുപക്ഷം തന്നെയാണ്‌. സൂക്ഷ്മാര്‍ത്ഥത്തില്‍ ഈ ദൌത്യം ഇടതുപക്ഷം നിര്‍വഹിക്കുമ്പോള്‍ അന്യവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ നൈരാശ്യത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്ന വിഭാഗീയ തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ അന്ത്യവിശ്രമം കൊള്ളേണ്ടിവരും.
  (ഗുലാബ്ജാന്‍)

  ഈ ഉദ്ധരണികളത്രയും ഇരകളുടെ മാനിഫെസ്റ്റോ എന്ന കൃതിയില്‍ നിന്നുള്ളതാണ്‌; ഒന്നും കെ.ഇ.എന്നിന്‍റെതല്ലെങ്കിലും! നേര്‍ക്ക് നേരെ ചിന്തിക്കുന്നവര്‍ക്ക് എപ്പോഴും കാണാന്‍ കഴിയുന്ന യാഥര്‍ത്ഥ്യമാണ്‌ മേല്‍ പറഞ്ഞവ ഉള്‍ക്കൊള്ളുന്നത്. ഇതിലെവിടെയും വംശീയതയോ വര്‍ഗീയതയോ ഇല്ല. മാത്രമല്ല; വര്‍ഗീയതയും വംശീയതയും തകര്‍ക്കപ്പെടണമെന്ന് ഉണ്ട് താനും. എനാല്‍ ഇതൊന്നും കാണാന്‍ കൂട്ടാക്കാതിരിക്കുകയാണ്‌ സുരേന്ദ്രന്‍ ചെയ്യുന്നത്. കെ.ഇ.എന്നിന്‍റെ ‘ഇരകളുടെ മാനിഫെസ്റ്റോ’ എന്ന കൃതി ഇപ്പോള്‍ ‘ചിന്ത’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  ആ കൃതിയെ ചിന്തയുടെ പുസ്തക വാര്‍ത്ത പരിചയപ്പെടുത്തുന്നതിങ്ങനെ: ‘ഹിന്ദുത്വ ബുദ്ധിജീവികളെയും മൃദുഹിന്ദുത്വവാദികളെയും വിറളിപിടിപ്പിച്ച സ്ഫോടനാത്മകമായ രഷ്ട്രീയ സാംസ്കാരിക ഇടപെടല്‍. നവകൊളോണിയല്‍-നവഫാസിസ്റ്റ് ഇന്ത്യനവസ്ഥയുടെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പരിപ്രേക്‌ഷ്യം.’
  ഭൂരിപക്ഷ വര്‍ഗ്ഗിയ്തയെയും ന്യൂനപക്ഷ വര്‍ഗീയതെയും ഒരെ നണയത്തില്‍ കാണാനല്ല സി.പി.ഐ.എം. ഈ വാക്കുകളില്‍ പഠിപ്പിക്കുന്നത്. അത് ഇപ്പോള്‍ പുതുതായി തുടങ്ങിയതാണ്‌. മുമ്പ് 1987-ല്‍ ഇതേ കാര്‍ഡ് കളിച്ചിരുന്നു. രണ്ടും തുല്യമായല്ല; ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ്‌ പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് സുരേന്ദ്രന്ന് വളരെ ഇഷ്ടമാണെന്നറിയാം. അതാണല്ലോ തുറന്ന കത്തിന്‍റെ പ്രസക്തി.
  ക്കെ.ഇ.എന്നിനോട് സുരേന്ദ്രന്നുള്ള പകയും പരസ്യമായ കാര്യമാണല്ലോ. കോഴിക്കോട്ട് എം.എസ്.എം. ഓഡിറ്റോറിയത്തില്‍ 2010 ജൂണ്‍ 9ന്‌ നടന്ന, ഒലീവ് സംഘടിപ്പിച്ച, ഒരു പുസ്തക ചര്‍ച്ചയില്‍ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. ‘ജമാഅത്തെ ഇസ്‌ലാമി അകവും പുറവും’ എന്നതായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകം.

  ആ ചര്‍ച്ചയില്‍ പങ്കെടുക്കവേ സുരേന്രന്‍ ചോദിച്ചു: ‘കെ.ഇ.എന്‍. ജമാഅത്തിനെ വിമര്‍ശിക്കുന്ന ഒരു വരിയെങ്കിലും എഴുതിയത് കാണിക്കാമോ’ എന്ന്. സദസ്സില്‍, ‘ജമാഅത്തെ ഇസ്‌ലാമി അകവും പുറവും’ എന്നകൃതിയുടെ പ്രസാധകനായ ഡോ. എം.കെ. മുനീറുണ്ട്. സ്റ്റേജില്‍ പ്രസ്തുത പുസ്തകത്തിന്‍റെ എഡിറ്ററായ എം.എ. കാരപ്പഞ്ചേരിയുണ്ട്. ഇവരാരും കെ.ഇ.എന്നിനെ സംരക്ഷിക്കാന്‍ മുതിര്‍ന്നില്ല. ഏറെ ക്രൂരമായിപ്പോയി ഇത്. കാരണം മറ്റൊന്നുമല്ല.
  ഏതൊരു പുസ്തകമാണോ ചര്‍ച്ചാവിധേയമായിട്ടുള്ളത് ആ പുസ്തകത്തില്‍ ജമാഅത്തിനെ വിമര്‍ശിക്കുന്ന ഒരു ലേഖനം കെ.ഇ.എന്നിന്‍റെതായി ഉണ്ട്. ‘മതരാഷ്ട്രീയത്തിന്‍റെ ബലതന്ത്രം.’ രണ്ടാം ഭാഗത്തിലെ എട്ടാമത്തെ ലേഖനം. ഒരുപക്‌ഷെ സുരേന്ദ്രന്‍ പുസ്തകം വായിക്കാതെയാകാം ചര്‍ച്ചക്ക് വന്നത്. എന്നാല്‍ എഡിറ്ററോ പ്രസാധകനോ ഇത് ചൂണ്ടിക്കാണിക്കുകയും ഈ നന്ദികേടില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെളിയിക്കുകയും ചെയ്യേണ്ടിയിരുന്നു. അതൊന്നുമുണ്ടായില്ല.

 6. Jeevan

  vijayan maash munnottu vacha aashayangal innum sajeevamaanu..KEN eyum Pokkerineyum pole bhuddhijeevi naatyangalalla..janangalumaayulla bandhavum janapaksha prathikaranavum vittu veezhchayillaatha raashtreeya vimarshanangalaanu maashe..innum nammil jeevippikkunnathu..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.