കണ്ണൂര്‍: സി.പി.ഐ.എം ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

ഓഫീസുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടിവരുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ വധം അട്ടിമറിക്കാനുളള ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗാന്ധിത്തൊപ്പിവെച്ച കത്തിവേഷമാണ്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്നാണ് സമ്മര്‍ദ്ദമുണ്ടാകുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

സി.പി.ഐ.എമ്മിന് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. അത് ലഭിച്ചില്ലെങ്കില്‍ ഇവിടെ ആരേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല- അദ്ദേഹം വ്യക്തമാക്കി.