മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുംബൈയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഒബമായുടേയും സംഘത്തിന്റേയും മുമ്പില്‍ കു
ട്ടികള്‍ രംഗോലി അവതരിപ്പിച്ചു. ആവേശംപിടിച്ച മിഷേലും ഒബാമയും കുട്ടികള്‍ക്കൊപ്പം ചുവടുവക്കുന്നതിനും ഹോളിനെയിം ഹൈസ്‌കൂള്‍ സാക്ഷ്യം വഹിച്ചു.

അതേസമയം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ത്തന്നെ അമേരിക്കന്‍ കമ്പനികള്‍ 1,000 കോടി യു.എസ്. ഡോളറിന്റെ (ഏകദേശം 44,000 കോടി രൂപ) കരാറുകള്‍ നേടിയതായി സൂചന. ഇതുമൂലം അമേരിക്കയില്‍ സൃഷ്ടിക്കപ്പെടുന്നത് അര ലക്ഷം തൊഴിലവസരങ്ങളാണെന്നാണ് കണക്കാക്കുന്നത്.

2,400 മെഗാവാട്ടിന്റെ വൈദ്യുതി നിലയത്തിനുള്ള ടര്‍ബൈനുകള്‍ വാങ്ങാനായി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍സുമായി റിലയന്‍സ് ഒപ്പുവച്ച 220 കോടി ഡോളറിന്റെയും 33 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനായി സ്‌പൈസ്‌ജെറ്റ് ഒപ്പുവച്ച 270 കോടി ഡോളറിന്റെയും കരാറുകളാണ് ഇന്നലെയുണ്ടായവയില്‍ പ്രധാനം.

ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ അമേരിക്ക സന്നദ്ധമാണെന്ന് ഒബാമ പറഞ്ഞു. കയറ്റുമതിക്കു വന്‍ സാധ്യതയുള്ള ഇന്ത്യയെ ഭാവിയുടെ വിപണിയായാണു കാണുന്നത്. അതിനു വ്യാപാര നികുതികള്‍ ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളില്‍ അയവു വരുത്താന്‍ ഇന്ത്യ തയാറാകണം. കാര്‍ഷികം, അടിസ്ഥാനസൗകര്യ നിര്‍മാണം, ടെലികോം തുടങ്ങിയ രംഗങ്ങളിലെ നിയന്ത്രണങ്ങളാണു പ്രധാനമായും നീക്കേണ്ടത്. അതിന് അനുപൂരകമായ നടപടികള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ജോലികള്‍ തട്ടിയെടുക്കുന്ന കോള്‍ സെന്ററുകളുടെ നാടായാണ് ഇന്ത്യയെ അമേരിക്കന്‍ ജനത വിലയിരുത്തുന്നത്. അതില്‍ യാഥാര്‍ഥ്യമുണ്ട്. ഫാക്ടറികളുടെ അടച്ചുപൂട്ടലും തൊഴിലവസരങ്ങള്‍ വിദേശത്തേക്ക് ഒഴുകുന്നതുമാണ് ആഗോളവത്കരണമെന്ന അനുഭവമാണ് യു.എസ്. ജനതയില്‍ വലിയൊരു വിഭാഗത്തിനുമുള്ളതെന്ന് ഒബാമ ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി ഇപ്പോഴുള്ള 3,650 കോടി ഡോളറിന്റെ വ്യാപാരബന്ധം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുകയാണു ലക്ഷ്യം. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തില്‍ ഇന്ത്യ 12ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഇത് ഒന്നാം സ്ഥാനത്തേക്കെത്തിക്കാന്‍ ഇന്ത്യ വിചാരിച്ചാല്‍ കഴിയും.