അലിഗഡ്: പ്രശസ്ത ഉറുദു കവിയും ജ്ഞാനപീഠ ജേതാവുമായ അഖ്‌ലഖ് മുഹമ്മദ് ഖാന്‍ എന്ന ഷഹരിയാര്‍ (76) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ഉറുദു ഭാഷയില്‍ ഏറ്റവും പ്രശസ്തരായ ഗസല്‍, നസ്മ് രചയ്താക്കളില്‍ പെടുന്ന ഷഹരിയാര്‍ 1936ല്‍ ഉത്തര്‍പ്രദേശിലാണ് ജനിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. 1956 ല്‍ ആദ്യ കവിതാ സമാഹാരം ‘ഇസം ഇ അസം’ പുറത്തിറങ്ങി. ‘സാത്വന്‍ ദര്‍’, ‘ഹിജ്ര്! കെ മോസം’, ‘ക്വാബ് കി ദര്‍ബന്ധ് ഹെ’, ‘നീന്ത് കി കിര്‍ച്ചേയ്ന്‍’ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഉംറാവോ ജാന്‍, ഗമന്‍, അന്‍ജുമന്‍ തുടങ്ങിയ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ഉര്‍ദു ഡിപാര്‍ട്ട്‌മെന്റ് ചെയര്‍മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് ഷേര്‍-ഓ-ഹിക്മത് എന്ന സാഹിത്യ മാസികയുടെ എഡിറ്ററായി കുറേ കാലം പ്രവര്‍ത്തിച്ചിരുന്നു.

ഷഹരിയാര്‍ എന്നത് തൂലികാ നാമത്തില്‍ അറിയപ്പെട്ട അദ്ദേഹം 1987 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഉര്‍ദു ഭാഷയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് 2008 ലാണ് ജ്ഞാനപീഠം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ഉറുദു ഭാഷയില്‍ ജ്ഞാനപീഠം നേടുന്ന നാലാമത്തെ ആളായിരുന്നു ഷഹരിയാര്‍.

Malayalam News

Kerala News In English