വാതുവെപ്പ്: ശ്രീശാന്തിന്റെ കൂടെയുണ്ടായിരുന്നത് സിനിമാ നടിയല്ല; പോലീസ്
India
വാതുവെപ്പ്: ശ്രീശാന്തിന്റെ കൂടെയുണ്ടായിരുന്നത് സിനിമാ നടിയല്ല; പോലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2013, 9:56 am

sreeee

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ സിനിമാ നടിയല്ലെന്നും പെണ്‍സുഹൃത്താണെന്നും ദല്‍ഹി പോലീസ്.

നേരത്തേ ശ്രീശാന്തിന്റെ കൂടെ മറാഠി നടികൂടി ഉണ്ടെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഈ നടിയും കൂടെ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അറിയുന്നു. ഇവര്‍ക്ക് വാതുവെയ്പ്പുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. ശ്രീശാന്തിന്റെ മുംബൈയിലെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ പണവും ലാപ്‌ടോപും പിടിച്ചെടുത്തതായി മുംബൈ പൊലീസ് അറിയിച്ചിരുന്നു.[]

വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ആശയവിനിമയം നടത്തിയി്ട്ടില്ലെങ്കിലും ഒത്തുകളിയില്‍ ശ്രീക്ക് വ്യക്തമായ പങ്കുണ്ടെന്നും പോലീസ് പറയുന്നു. 40 ലക്ഷത്തില്‍ 10 ലക്ഷം മാത്രമാണ് ശ്രീശാന്തിന് ലഭിച്ചത്. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് സംസാരിച്ചിട്ടില്ല. ഇടപാടുകള്‍ എല്ലാം ഉറപ്പിച്ചത് ജിജു ജനാര്‍ദ്ദനന്‍ വഴിയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയില്‍ വെച്ചാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെയും 11 വാതുവെപ്പുകാരെയും ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

ഇവരെ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് വ്യാഴാഴ്ച അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അതേസമയം, ഐ.പി.എല്‍ വാതുവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ ബി.സി.സി.ഐ ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്. ചെന്നൈയില്‍ വെച്ചാണ് യോഗം. വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരങ്ങള്‍ക്കെതിരെയുള്ള നടപടി യോഗത്തില്‍ ചര്‍ച്ച ചെയ്യും. മൂന്നുപേര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.