നോക്കുകൂലി അറസ്റ്റ് : തൊഴില്‍ വകുപ്പിന് ബന്ധമില്ലെന്ന് ഷിബു ബേബി ജോണ്‍
കൊല്ലം: ഇന്നലെ ആലപ്പുഴയില്‍ നോക്കുകൂലി വാങ്ങിയതിന് നാല് എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ തൊഴില്‍ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. അന്വേഷണം നടത്തി പ്രശ്‌നം രമ്യമായി പരിഹാരത്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ അറസ്റ്റില്‍ തൊഴില്‍ വകുപ്പ് മന്ത്രിക്ക് പങ്കുണ്ടെന്ന് സി.പി.ഐ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ല. ഈ പ്രചരണങ്ങളുടെ ഉറവിടം എവിടെയെന്ന് അറിയില്ല. ആലപ്പുഴയിലെ നോക്കുകൂലി പ്രശ്‌നം പരിഹരിച്ചതാണ്. പരിഹരിച്ച വിഷയത്തില്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ ഗൂഡാലോചനയുണ്ട്. മന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ് അന്താരാഷ്ട്ര കയര്‍മേളയില്‍ നോക്കുകൂലി വാങ്ങിയതിന് നാലു തൊഴിലാളികളെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ആദ്യമായാണ് നോക്കുകൂലിയുടെ പേരില്‍ അറസ്റ്റ്‌ചെയ്തവരെ റിമാന്‍ഡ് ചെയ്യുന്നത്. അറസ്റ്റ് ചെയ്തവരില്‍ മൂന്ന് പേര്‍ എ.ഐ.ടി.യു.സി യില്‍ പ്പെട്ടവരും ഒരാള്‍ ഐ.എന്‍.ടി.യു.സി ക്കാരനുമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അറ്സ്റ്റ് ചെയ്തവരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ അഞ്ചിന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ ആരംഭിച്ച കയര്‍കേരള അന്താരാഷ്ട്ര മേളയ്ക്കായി മൂന്നാം തീയതി കയര്‍ റിസര്‍ച്ച് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടും തമിഴ്‌നാട്ടിലെ കുമാര്‍ എക്‌സ്‌പോര്‍ട്ടും എത്തിച്ച സാമഗ്രികള്‍ ഇറക്കിയതിന് നോക്കുകൂലി വാങ്ങിയതിനാണ് കേസെടുത്തത്. അതത് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തന്നെയാണ് സാധനങ്ങള്‍ ഇറക്കിയത്. ഇരുകൂട്ടരില്‍ നിന്നും 1500 രൂപ വാങ്ങിയതായി കയര്‍ബോര്‍ഡ് അധികൃതര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവം വിവാദമായതോടെ മന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ട് അന്വേഷണം നടത്താന്‍ സൗത്ത് പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരേ ഐ.പി.സി 384, 392 വകുപ്പുകളാണ് ചുമത്തിയത്. പിടിച്ചുപറി നടത്തിയതായാണ് കേസ്. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. അതേസമയം പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ രംഗത്തെത്തിയിട്ടുണ്ട്.
തൊഴില്‍ പ്രശ്‌നത്തില്‍ പോലീസ് ഇടപെടുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ചര്‍ച്ച ചെയ്ത് പരിഹരിച്ച പ്രശ്‌നത്തിന്റെ പേരിലാണ് നിയമനടപടിയെന്നും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരുടെ സാനിധ്യത്തില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും ഇതിനുശേഷം ഡി.എല്‍.ഒ അംഗീകൃത കൂലി തൊഴിലാളികള്‍ക്ക് വാങ്ങി നല്‍കുകയായിരുന്നുമെന്നുമാണ് വിശദീകരണം.
