സിഡ്‌നി: ഇന്ത്യന്‍ ടീമിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതും അത് ഇത്രത്തോളം എത്തിച്ചതും മാധ്യമങ്ങളാണെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇപ്പോഴത്തെ ന്യായം. ടീമില്‍ പ്രശ്‌നമൊന്നുമില്ല. അങ്ങനെയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അത് വെറും തെറ്റിദ്ധാരണയാണ്. തനിക്കും സെവാഗിനുമിടയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ഇത് സംബന്ധലിച്ച വാര്‍ത്തകള്‍ ശരിയല്ലെന്നും സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധോണി വ്യക്തമാക്കി.

‘പ്രശ്‌നം പരിഹരിക്കണമെന്നാണ് എല്ലാവരും പറയുന്നത്. ഇല്ലാത്ത പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കും, ഈ വാര്‍ത്തകള്‍ എല്ലാം ടീമിനെ സംബന്ധിച്ച് ക്ഷീണമാണ്. ടീമംഗങ്ങള്‍ക്കിടയില്‍ പ്രയാസമുണ്ടാക്കാന്‍ മാത്രമേ ഇത് സഹായിക്കു. താന്‍ നടത്തിയ വാര്‍ത്താസമ്മേളനം വളച്ചൊടിക്കുകയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ദിവസേന വരുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ തമാശയായി എടുത്തത്. മാധ്യമങ്ങള്‍ പൊലിപ്പിച്ചെഴുതുന്ന വാര്‍ത്തകള്‍ പലതും ഡ്രസ്സിങ് റൂമില്‍ ചിരി പടര്‍ത്തുകയാണുണ്ടായത്’.-ധോണി വ്യക്തമാക്കി.

‘നിങ്ങള്‍ ആ വാര്‍ത്താ സമ്മേളനം ഒന്നു കൂടി കേട്ടു നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും, ഞാന്‍ യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞതെന്നും എന്താണ് ഉദ്ദേശിച്ചതെന്നും’ ക്യാപ്റ്റന്‍ പറഞ്ഞു.

ധോണി നടപ്പാക്കിയ റൊട്ടേഷന്‍ പോളിസിയില്‍ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നീ സീനിയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുള്ളതായും ഇവരും ക്യാപ്റ്റനും തമ്മില്‍ ഭിന്നതയുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് ടീമില്‍ ഐക്യം ഉറപ്പു വരുത്താണ്‍ ധോണിക്കും സെവാഗിനും വ്യാഴാഴ്ച ബി.സി.സി.ഐ നിര്‍ദേശം നല്‍കിയിരുന്നു.

താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനെ തുടര്‍ന്നാണ് ടീമിലെ റൊട്ടേഷന്‍ സംവിധാനമെന്ന ധോണിയുടെ വാദത്തെ വീരേന്ദര്‍ സെവാഗ് ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ടീമിലെ പ്രശ്‌നങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നമൊന്നും ഇല്ലെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്നുമാണ് ധോണിയുടെ വാദം.

Malayalam News

Kerala News In English