എഡിറ്റര്‍
എഡിറ്റര്‍
ബോഫോഴ്‌സ്: ക്വത്‌റോച്ചിയെ രാജീവ് ഗാന്ധി സംരക്ഷിച്ചെന്ന് വെളിപ്പെടുത്തല്‍
എഡിറ്റര്‍
Wednesday 25th April 2012 11:32am

ന്യൂദല്‍ഹി: ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇടനിലക്കാരനായ ഇറ്റാലിയന്‍ പൗരന്‍ ഒക്ടോവിയ ക്വത്‌റോച്ചിയെ രാജീവ്ഗാന്ധി സംരക്ഷിച്ചെന്ന് വെളിപ്പെടുത്തല്‍. സ്വീഡന്‍ മുന്‍ പോലീസ് മേധാവി സ്‌റ്റെന്‍ ലിങ്‌സ്‌റ്റോമിന്റേതാണ് പുതിയ വെളിപ്പെടുത്തല്‍. കേസിലേക്ക് നടന്‍ അമിതാഭ് ബച്ചനെ വലിച്ചിഴച്ചത് ഇന്ത്യന്‍ അന്വേഷണസംഘമാണ്. ഇന്ത്യന്‍ അന്വേഷണ സംഘത്തിനുവേണ്ടിയാണ് ബച്ചന്‍ കുടുംബത്തിന് പങ്കുണ്ടെന്ന തരത്തില്‍ സ്വീഡീഷ് പത്രങ്ങളില്‍ വാര്‍ത്തവന്നതെന്നും ലിങ്‌സ്റ്റോം പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലിങ്‌സ്റ്റോറം ഇക്കാര്യം വെളിപ്പെടുത്തിയത്.

കൈക്കൂലി വാങ്ങിയതിന് രാജീവ്ഗാന്ധിയ്ക്കും മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി ഒളോഫ് പാമയ്ക്കും എതിരെ യാതൊരു തെളിവുമില്ല. എന്നാല്‍ ഇന്ത്യയ്ക്കും സ്വീഡനും ഇടയില്‍ നടന്ന ഈ ഇടപാടുകളിലെ കള്ളക്കളികളെല്ലാം ശ്രദ്ധയില്‍പ്പെട്ടിട്ടും രാജീവ് ഗാന്ധി അതിനെതിരെ ഒന്നും ചെയ്തില്ല. സ്വീഡിഷ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ആയുധ ഇടപാട് നടന്നത്.

ക്വത്‌റോച്ചിയ്‌ക്കെതിരായ തെളിവുകളെല്ലാം ശക്തമാണ്.  ബോഫോഴ്‌സ് ഇടപാടിലെ കൈക്കൂലിയെല്ലാം എത്തിയത് ക്വത്‌റോച്ചിയുടെ അക്കൗണ്ടിലാണെന്നത് വ്യക്തമാണ്. നിരപരാധികളെ വലിച്ചിഴച്ച കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ രാജീവ്ഗാന്ധി സാഹചര്യമൊരുക്കിയെന്നും ലിങ്‌സോം വെളിപ്പെടുത്തി. കേസിലെ നിര്‍ണായ രേഖകള്‍ മുന്‍പും ലിങ്‌സ്റ്റോം മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

‘ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തറിയുന്നത് ബോഫോഴ്‌സ് മാനേജിംങ് ഡയറക്ടര്‍ ആര്‍ഡ്‌ബോ ഭയന്നിരുന്നു. അവരുടെ തന്നെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഹാന്‍സ് എക്‌ബ്ലോമില്‍ നിന്നുപോലും അയാള്‍ ഇക്കാര്യം മറച്ചുവെച്ചു. തന്റെയും രാജീവ് ഗാന്ധിയുടെയും പേരുകള്‍ ഒരിടത്തും വരാന്‍ പാടില്ലെന്ന അരുണ്‍  നെഹ്‌റുവിന്റെ നിര്‍ദേശം ആര്‍ഡ്‌ബോയെ ആശങ്കയിലാഴ്ത്തിയിരുന്നു. പിന്നീട് കാര്യങ്ങള്‍ കുറേശ്ശ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ അരുണ്‍ നെറ്ഹുവിന്റെ പേര് പുറത്തായാലും പ്രശ്‌നമില്ല ക്വത്‌റോച്ചിയുടെ പേര് പുറത്തുവരരുതെന്ന് അയാള്‍ അയാളുടെ നോട്ടില്‍ കുറിച്ചുവച്ചിരുന്നു. ക്വത്‌റോച്ചിയുടെ പേര് പുറത്തായാല്‍ അദ്ദേഹത്തിന് രാജീവ് ഗാന്ധിയുമായുള്ള ബന്ധം ലോകമറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീതി’ ലിങ്‌സോം വ്യക്തമാക്കി.

Advertisement