ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിലെ ഖനിയില്‍ കുടുങ്ങിയ 29 തൊഴിലാളികളും മരിച്ചതായി പൊലീസ് അറിയിച്ചു. ഖനിയില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങളുണ്ടായതാണ് അപകടത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു.

ഖനിക്കുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കൂടുതലായത് രക്ഷാപ്രവര്‍ത്തനത്തിന്തടസ്സം സൃഷ്ടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഖനിയിലേക്ക് കടത്തിവിട്ട റോബോട്ടുകള്‍ എടുത്ത ചിത്രങ്ങളില്‍ നിന്നും എല്ലാവരും മരിച്ചതായി വ്യക്തമായിട്ടുണ്ട്.

വെള്ളിയാഴ്ചയുണ്ടായ വാതക സ്‌ഫോടനത്തെത്തുടര്‍ന്നാണ് 29 തൊഴിലാളികള്‍ പൈക്ക് റിവര്‍ ഖനിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ഖനിയില്‍ സ്‌ഫോടന സാധ്യത നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. തുടര്‍ന്നാണ് റോബോട്ടുകളെ ഖനിക്കുള്ളിലേക്ക് കടത്തിവിട്ടത്.