എഡിറ്റര്‍
എഡിറ്റര്‍
പത്രങ്ങളില്ലാത്ത കേരളം…
എഡിറ്റര്‍
Friday 30th March 2012 4:21pm

ല്ലാ പത്രങ്ങളും ഉണ്ടായിരിക്കേ പല പത്രങ്ങളും വായനക്കാരുടെ കൈകളില്‍ എത്തിച്ചേരാതിരിക്കുന്നവെന്ന വല്ലാത്തൊരവസ്ഥ ഇന്ന് കേരളീയ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അത്തരമൊരവസ്ഥയിലേക്ക് കേരളീയ സമൂഹത്തെ എത്തിച്ചത് കേരളത്തിലെ സംഘടിത തൊഴിലാളി വര്‍ഗമാണെന്ന പ്രചാരണത്തോട് ഞങ്ങളൊട്ടും യോജിക്കുന്നില്ല. കേരളത്തിലെ ഏറ്റവും പ്രമുഖവും പ്രധാനവുമായ രാഷ്ട്രീയ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന പ്രചാരണത്തില്‍ ഞങ്ങള്‍ക്ക് പങ്കുചേരാനുമാവില്ല.

പാര്‍ട്ടി പത്രം മാത്രം ജനങ്ങള്‍ വായിച്ചാല്‍ മതിയെന്ന ആഗ്രഹമാണ് ഇതിന് പിന്നിലുള്ളതെന്ന പ്രചാരണത്തോടും ഞങ്ങള്‍ക്ക് യോജിപ്പില്ല. ഒരു ജനാധിപത്യക്രമത്തില്‍ വിരുദ്ധാഭിപ്രായങ്ങളെ ഇല്ലാതാക്കാന്‍ ഏതെങ്കിലും പാര്‍ട്ടി ശ്രമിക്കുമെന്നും ഞങ്ങള്‍ കരുതുന്നില്ല. നമ്മുടെ ആശയലോകം ഓളങ്ങളൊന്നുമില്ലാതെ ശാന്തവും നിശ്ചലവുമാവണമെന്ന് ഒരു പാര്‍ട്ടിയും ആഗ്രഹിക്കുന്നുണ്ടാവില്ല. അഭിപ്രായസംഘര്‍ഷം പ്രസ്ഥാനങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നവരാണ് ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളതെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു.

അതുകൊണ്ടുതന്നെ ഇത്തരമൊരവസ്ഥയിലേക്ക് കേരളത്തിലെ വിവരലോകത്തെ എത്തിച്ചത് നമ്മുടെ പത്രലോകം ഭരിക്കുന്ന അമിതലാഭം അവകാശമാക്കിയെടുത്ത പത്രമുതലാളിത്തമാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തര്‍ക്കമില്ല.

അക്ഷരങ്ങളുടെ ആശയലോകത്ത് നിന്ന് ദൃശ്യങ്ങളുടെ ആശയലോകത്തിലേക്ക് നമ്മുടെ ജനമനസുകളേറെയും വിവരവിനിമയങ്ങളേറെയും മാറ്റിപ്പാര്‍പ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഈ സ്ഥാപനങ്ങളൊക്കെത്തന്നെ ഇപ്പോള്‍ ദൃശ്യമാധ്യമരംഗത്ത് സജീവമായിട്ടുണ്ട്. പലരും ദൃശ്യമാധ്യമരംഗത്ത് ചുവടുറപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്.

അക്ഷരങ്ങളുടെ വെളിച്ചത്തില്‍ നിന്നും ദൃശ്യങ്ങളുടെ വര്‍ണവെളിച്ചത്തിലേക്കുള്ള മാറ്റം കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരത ഇല്ലാതാക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ലവലേശം സംശയമില്ല. ദൃശ്യമാധ്യമങ്ങള്‍ക്ക് സെന്‍സേഷന്‍ സൃഷ്ടിച്ചുകൊണ്ട് അര്‍ത്ഥശൂന്യമായ നിത്യവിചാരണ നടത്താനുള്ള ഒന്നല്ല കേരളത്തിന്റെ രാഷ്ട്രീയ ബോധം എന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. പത്രങ്ങളില്ലാത്ത ഒരു കാലത്തെ മലയാളി എങ്ങനെ അഭിമുഖീകരിക്കുന്നുവെന്ന് ഞങ്ങള്‍ അത്ഭുതപ്പെടുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലേയും പോലെ കേരളവും പത്രങ്ങളില്ലാത്ത ഒരു കാലത്തിലേക്കും ലോകത്തിലേക്കുമാണോ ചുവടുമാറ്റം നടത്തുന്നത്? അത്തരമൊരു ലോകം മലയാളിക്ക് വാസയോഗ്യമായിരിക്കില്ല. അതുകൊണ്ട് ഈ വാര്‍ത്താസ്തംഭനം അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുക്കേണ്ടത് പത്രലോകം തന്നെയാണ്.

പത്രമുതലാളിമാര്‍ ആലോചിക്കേണ്ട പലകാര്യങ്ങളില്‍ ചിലത് ഞങ്ങളവരെ ഓര്‍മിപ്പിക്കുകയാണ്. കേരളത്തിന്റെ പത്രവായനശീലം ഒരുനൂറ്റാണ്ടുകൊണ്ട് ഒരുപാട് പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും കഠിനശ്രമം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. നമ്മുടെ പല രാഷ്ട്രീയ വിധേയത്വവും പത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണ്. രണ്ട്, പത്രവായന ഒരു ശീലമാണ്. ഒരാഴ്ച പത്രം വായന മുടങ്ങുന്നതോടെ ആ ശീലം ഇല്ലാതാവുന്നു. ഇന്നത്തെ കാലത്ത് പണ്ടത്തെപ്പോലെ ആ ശീലം തിരിച്ചുപിടിക്കല്‍ എളുപ്പമല്ല. പത്രം വായിക്കാത്തതുകൊണ്ട് ഈ ദിവസങ്ങളില്‍ ഒന്നും സംഭവിക്കാത്തതുകൊണ്ട് ഇനി പണംകൊടുത്ത് പത്രം വാങ്ങണമോയെന്ന കാര്യത്തില്‍ പലരുമൊരു വീണ്ടുവിചാരത്തിനൊരുങ്ങും. അത് നമ്മുടെ ജനാധിപത്യസമൂഹത്തിനുണ്ടാക്കുന്ന ‘ അഭാവം’  നാശകരമായിരിക്കും. അഭിപ്രായരൂപീകരണരംഗത്തേക്ക് ഛിദ്രശക്തികള്‍ക്ക് കടന്നുവരാനുള്ള അവസരമായിരിക്കും അതുണ്ടാക്കുന്നത്. മൂന്ന് പത്രവിതരണത്തിനായി ജനകീയ കൂട്ടായ്മകള്‍ ഉണ്ടായിവരുന്നുവെന്നും ശക്തമാവുന്നുവെന്നുമൊക്കെയുള്ള മനോരാജ്യം ‘ മലര്‍പ്പൊടിക്കാരന്റേതാണ്’ അത് തകരാന്‍ അധികനേരം വേണ്ട. നാല് സമരം നീണ്ടുപോകുന്തോറും പത്രവായനക്കാരുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കും. അവരൊരിക്കലും വായനനിന്നുപോയ ഒരു പത്രത്തിലേക്ക് തിരിച്ചുവരില്ല.

അതുകൊണ്ട് പത്രവിതരണരംഗത്തെ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാന്‍ പത്രങ്ങള്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ലാഭത്തിന്റെ ഒരു ഓഹരി പത്രങ്ങള്‍ അതിരാവിലെ ജനങ്ങളുടെ കയ്യിലെത്തിക്കുന്ന പത്രഏജന്റുമാര്‍ക്ക് പകുത്ത് നല്‍കാന്‍ പത്രമുതലാളിമാര്‍ തയ്യാറാവണം.

പത്രങ്ങളില്ലാത്ത ഒരു രാജ്യത്തെ ജനജീവിതം ദു:സ്സഹമായിരിക്കുന്നുവെന്നാണ് ഞങ്ങള്‍ കരുതുന്നു. നീതികേടുകള്‍ ലോകത്തെ വിളിച്ചറിയിക്കാന്‍ ആരുമില്ലാത്തിടത്തെ ജീവിതം മൃഗസമാനമാണ്. അറിയാനുള്ള അവകാശം നിഷേധിക്കുന്നത് ഏജന്റുമാരല്ല പത്രമുതലാളിമാര്‍ തന്നെയാണ്.

Malayalam News

Kerala News in English

Advertisement