മൂവാറ്റുപുഴ: പ്രഫ.ടി.ജെ. ജോസഫിനെ പ്രവാചക നിന്ദ കലര്‍ന്ന ചോദ്യക്കടലാസ് തയാറാക്കിയതിന് പിരിച്ചുവിട്ടതു ശിക്ഷാനടപടിയായല്ലെന്നും ശിക്ഷണനടപടി മാത്രമായാണന്നും തൊടുപുഴ ന്യൂമാന്‍ കോളജ് മാനേജര്‍ മോണ്‍. തോമസ് മലേക്കുടി. അധ്യാപകന്‍ എന്ന നിലയില്‍ ആവശ്യമായ ഔചിത്യബോധവും സാമാന്യമര്യാദയും പുലര്‍ത്തുന്നതിലുണ്ടായ വീഴ്ച വളരെ ഗുരുതരമായാണ് കോളജ് മാനേജ്‌മെന്റ് കാണുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 23നു നടന്ന ഇന്റേണല്‍ പരീക്ഷയില്‍ വിവാദചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം ഡി ടി പി ഓപ്പറേറ്റര്‍ പ്രസ്തുത അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതു ഗൗരവമായെടുക്കാന്‍ അധ്യാപകന് തയാറായില്ല. വിവാദ ചോദ്യത്തെ സംബന്ധിച്ചു പരീക്ഷ എഴുതിയ വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ജോസഫ് തന്നെ മൂല്യനിര്‍ണയം നടത്തിയിട്ടും ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പ്രശ്‌നപരിഹാരത്തിന് ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അതു സാധിച്ചിരുന്നെങ്കില്‍ 26നുണ്ടായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.
പുസ്തകത്തില്‍നിന്നെടുത്ത ഭാഗങ്ങള്‍ മാത്രമാണ് അപ്പാടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന അധ്യാപകന്റെ വാദം ശരിയല്ല. പുസ്തകത്തില്‍നിന്നു ചില ഭാഗങ്ങള്‍ എടുത്ത് അതില്‍ മാറ്റങ്ങള്‍ വരുത്തി ഒരു സമുദായം ആക്ഷേപിക്കപ്പെടാന്‍ ഇടയാകുന്ന രീതിയിലാണ് ചോദ്യപേപ്പര്‍ തയാറാക്കിയത്. ചോദ്യക്കടലാസ് തയാറാക്കപ്പെട്ടതു വിവാദമായതുവഴി തന്റെ ആവിഷ്‌കാരസ്വാതന്ത്ര്യമാണു ഹനിക്കപ്പെട്ടത് എന്ന പ്രസ്താവനയും മാനേജ്‌മെന്റിനു നീതീകരിക്കാനാവില്ല.
വിവാദ ചോദ്യപേപ്പര്‍ തയാറാക്കപ്പെട്ടതുവഴിയായി കോളജിനും മാനേജ്‌മെന്റിനും ക്രൈസ്തവ വിദ്യാഭ്യാസമേഖലക്കും അപരിഹാര്യമായ മാനഹാനിയുണ്ടായി. സമൂഹത്തില്‍ സാമുദായികസ്പര്‍ധ ഉണ്ടാവുകയും ഗുരുതരമായ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. കോളജ് മാനേജ്‌മെന്റിന്റെ അറിവോടുകൂടിയാണു വിവാദ ചോദ്യക്കടലാസ് തയാറാക്കപ്പെട്ടത് എന്ന പ്രചാരണം ശക്തമാവുകവഴി കോളജിന്റെ വിശ്വാസ്യതയ്ക്കും കോട്ടംതട്ടി. വിവാദ ചോദ്യപേപ്പര്‍ തയാറാക്കപ്പെട്ടതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ ക്ഷമ പറഞ്ഞതിനാലാണ് അധ്യാപകന്‍ സമൂഹമധ്യത്തില്‍ തെറ്റുകാരനാക്കപ്പെട്ടത് എന്ന അദ്ദേഹത്തിന്റെ പ്രസ്താവന മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കി.
ചോദ്യപേപ്പര്‍ തയാറാക്കപ്പെട്ടതിന്റെ പേരില്‍ ദാരുണമായി ആക്രമിക്കപ്പെട്ടതുകൊണ്ട് അധ്യാപകന്‍ ഇതിനകംതന്നെ ശിക്ഷിക്കപ്പെട്ടുവെന്നു പറയുന്നതു യുക്തിഭദ്രമല്ല. മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വിവാദ ചോദ്യപേപ്പര്‍ തയാറാക്കപ്പെട്ടതും അതിന്റെ പേരിലുള്ള ആക്രമണവും രണ്ടും രണ്ടാണ്. ദാരുണമായ ആക്രമണത്തിന്റെ പേരില്‍ ശിക്ഷ വിധിക്കേണ്ടതു രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയാണ്.
സ്ഥാപനത്തിലെ ഒരു അധ്യാപകനു നേരെയുണ്ടായ പൈശാചികമായ ആക്രമണത്തെ മാനേജ്‌മെന്റ് കടുത്ത ഭാക്ഷയില്‍ അപലപിക്കുകയും അധ്യാപകന് ആവശ്യമായ ചികിത്സാ സഹായമെന്ന നിലയില്‍ ആറുലക്ഷത്തോളം രൂപ മാനേജ്‌മെന്റിനു കീഴിലുള്ള രണ്ടു കോളജുകളില്‍നിന്നായി പിരിവെടുത്തും നല്കുകയും ചെയ്തു.
അധ്യാപകനെതിരേയുള്ള നടപടി വ്യക്തിപരമല്ല, മറിച്ച് പ്രശ്‌നാധിഷ്ഠിതമാണ്. സമൂഹത്തിലെ അനേകായിരങ്ങള്‍ക്ക് ഉള്‍ക്കാഴ്ച പകര്‍ന്നുകൊടുക്കേണ്ട അധ്യാപകരുടെ ഭാഗത്തുനിന്നു സാമുദായികമായ വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകാന്‍ പാടില്ല.
മാര്‍ച്ച് 23ന് നടന്ന പരീക്ഷയ്ക്കു ശേഷം 26ന് തൊടുപുഴയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തശേഷമാണ് കോളജ് മാനേജ്‌മെന്റ് സംഭവം അറിയുന്നത്. അന്നുതന്നെ അധ്യാപകനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഒളിവില്‍ പോയ അധ്യാപകനെ പോലീസ് പിടികൂടിയതും ജയിലിലായിരുന്നതും ഏവര്‍ക്കും അറിവുള്ളതാണ്.
പരീക്ഷാ ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരായ മാനേജ്‌മെന്റ് എന്‍ക്വയറി നേരത്തെ ആരംഭിച്ചതാണ്. സസ്‌പെന്‍ഷന്‍ നടപടിയുണ്ടായപ്പോള്‍ അധ്യാപകനെതിരേ അന്വേഷണ കമ്മീഷനെയും നിയമിച്ചിരുന്നു. ഹൈക്കോടതിയിലെ രണ്ട് സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ നല്കിയ റിപ്പോര്‍ട്ട് കോളജ് മാനേജ്‌മെന്റ്‌ബോഡി ചേര്‍ന്നു വിലയിരുത്തിയശേഷം അധ്യാപകനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അധ്യാപകന്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്ന് ഒരവസരം കൂടി നല്കി.
എന്നാല്‍, ഇതിനു നല്കിയ മറുപടിയും പൂര്‍ണവും സ്വീകാര്യവുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ശിക്ഷണ നടപടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, അധ്യാപകന്‍ ചെയ്തതുപോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കുന്നതിനും സ്ഥാപനങ്ങള്‍ സമാധാനപരമായി നടത്തിക്കൊണ്ടുപോകുന്നതിനും അച്ചടക്കം നിലനിര്‍ത്തുന്നതിനും ഈ നടപടി അനിവാര്യമായിരുന്നെന്നും മാനേജര്‍ പറഞ്ഞു.
