വാതുവെപ്പ് : ഐ.പി.എല്‍ മത്സരങ്ങള്‍ റദ്ദാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
India
വാതുവെപ്പ് : ഐ.പി.എല്‍ മത്സരങ്ങള്‍ റദ്ദാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2013, 4:06 pm

[]ന്യൂദല്‍ഹി: വാതുവെപ്പിന്റെയും ഒത്തുകളിയുടെയും പിടിയില്‍ കുരുങ്ങിയെങ്കിലും ഐ.പി.എല്‍ മത്സരങ്ങള്‍ റദ്ദാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.

ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. []

ഒത്തുകളിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലക്‌നൗ സ്വദേശി സുദര്‍ശ് അവസ്തിയാണു ഹരജി നല്‍കിയത്.

എന്നാല്‍ ഏതാനും ചില കളിക്കാര്‍ നടത്തിയ തെറ്റിന് എല്ലാ മത്സരങ്ങളും റദ്ദാക്കാനാവില്ലന്ന് കോടതി പറഞ്ഞു. ഒത്തുകളി അന്വേഷിക്കുന്ന കമ്മിഷന്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ബി.സി.സി.ഐയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ നിശിതമായി വിമര്‍ശിച്ച കോടതി 125 വര്‍ഷം പഴക്കമുള്ള ഒരു കളിയുടെ അന്തസത്ത കാത്തു സൂക്ഷിക്കുന്നതില്‍ ബി.സി.സി.ഐ താത്പര്യം കാണിച്ചില്ലെന്നും കുറ്റപ്പെടുത്തി.

വാതുവെപ്പ് വിഷയത്തില്‍ ബി.സി.സി.ഐ ശക്തമായി ഇടപെടണമെന്നും  ക്രമക്കേടുകള്‍ തടയാന്‍ ബി.സി.സി.ഐ ആത്മാര്‍ഥമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.