എഡിറ്റര്‍
എഡിറ്റര്‍
പ്രഭുവുമായി വിവാഹം നടക്കില്ല, പാഠം പഠിച്ചു: നയന്‍താര മനസ്സുതുറക്കുന്നു
എഡിറ്റര്‍
Tuesday 3rd April 2012 12:19pm

സിനിമലോകം ഏറെ ആഘോഷിച്ചതാണ് നയന്‍സ് പ്രഭുദേവ പ്രണയം. നയന്‍താരയ്ക്കുവേണ്ടി പ്രഭു ആദ്യഭാര്യയെ ഉപേക്ഷിച്ചതും പ്രഭുവിനുവേണ്ടി നയന്‍സ് മതം മാറിയതുമെല്ലാം വാര്‍ത്തയായിരുന്നു. അടുത്ത് തന്നെ ഇവര്‍ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ആ ബന്ധത്തിന്റെ തകര്‍ച്ചയും വാര്‍ത്തയായത്. മൂന്നര വര്‍ഷത്തെ പ്രണയത്തിനുശേഷം തന്റെ പ്രണയം തകര്‍ന്നതായി നയന്‍താരയും സ്ഥീരീകരിച്ചു.

പ്രഭുദേവയുമായുള്ള ബന്ധത്തെയും അത് തകര്‍ന്നതിനെയും കുറിച്ച് നയന്‍താര പറയുന്നു.

നിങ്ങളും പ്രഭുദേവയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ്. പെട്ടെന്ന് തീരുമാനം മാറ്റി. എന്താണ് സംഭവിച്ചത്?

അത് സംഭവിച്ചു. ഇത് എന്റെ ബന്ധങ്ങളില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല. വിവാഹമല്ല മറ്റേത് ബന്ധങ്ങള്‍ എടുത്താലും വേര്‍പിരിയലുകള്‍ സംഭവിക്കാം. തെറ്റുദ്ധാരണകളും പ്രശ്‌നങ്ങളും എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവാം. ചെറിയ പ്രശ്‌നങ്ങളാണെങ്കില്‍ നമുക്ക് കൈകാര്യം ചെയ്യാം. എന്നാല്‍ അത് പരിധി വിടുമ്പോള്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടാണ്. ആളുകള്‍ മാറും, കാര്യങ്ങള്‍ മാറും, സാഹചര്യം മാറും.  അതിനാല്‍ ബന്ധങ്ങളിലെ വിള്ളലുകളും സാധാരണമാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. കാരണം അത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. അത് ലോകത്തോട് മുഴുവനും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെക്കുറിച്ച് എന്തൊക്കെ കാര്യങ്ങള്‍ എഴുതുകയും പറയുകയും ചെയ്തു, അപ്പോഴൊക്കെ ഞാന്‍ മിണ്ടാതിരിക്കുകയാണ് ചെയ്തത്.

ഇപ്പോള്‍ കാര്യങ്ങള്‍ മാറി. എന്റെ ബന്ധം നടക്കില്ല. അതിനൊരു നൂറ് കാരണങ്ങളുണ്ടാവാം. ചിലപ്പോള്‍ ഒരു കാരണം പോലും ഇല്ലാതാവാം. ഒരാളുമായി അടുപ്പത്തിലാണെങ്കില്‍ 100% ആ ബന്ധത്തോട് ഞാന്‍ നീതിപുലര്‍ത്തും. പക്ഷെ അത് നടക്കില്ലെങ്കില്‍ നമുക്ക് ഒന്നും ചെയ്യാനാവില്ല. നടക്കാത്ത ഒരു കാര്യത്തിന് പിന്നാലെ നമുക്ക് പോകാനാവില്ല.

പ്രഭുദേവയുമായി അടുത്തപ്പോള്‍ ഇത് പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍, അത് ജോലിയായാലും പുതിയ ബന്ധങ്ങളായാലും വിവാഹമായാലും വലിയ പ്രതീക്ഷയോടെയാണ് നമ്മള്‍ അതിന് തയ്യാറാവുക. ചിലപ്പോള്‍ വിധി നമ്മുടെ പ്രതീക്ഷകളെ തകര്‍ക്കും.  നമ്മള്‍ സ്വാഭാവികമായും ആ ബന്ധത്തില്‍ നിന്നും അകലും…

നിങ്ങള്‍ പ്രഭുദേവയുമായി അടുപ്പത്തിലായിരുന്ന സമയത്ത് പ്രഭുവിന്റെ ആദ്യഭാര്യ കാരണവും ചില കാര്യങ്ങളില്‍ നിങ്ങളുടെ വിയോജിപ്പ് കാരണവും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് നിങ്ങളെ വേദനിപ്പിച്ചിരുന്നോ?

നേരത്തെ ഞാന്‍ പറഞ്ഞതുപോലെ അതെന്റെ പേഴ്‌സണല്‍ കാര്യമാണ്. നിങ്ങള്‍ നടിയോ മോഡലോ ആണെന്നതിനര്‍ത്ഥം നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വസ്തുവാണെന്നതല്ല. ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്. എപ്പോഴെങ്കിലും ഏതെങ്കിലും വാര്‍ത്ത പുറത്തായെങ്കില്‍ അത് മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടുന്നു. എന്നെക്കുറിച്ചെഴുതുന്ന മോശം കാര്യങ്ങള്‍ എന്നെ ബാധിക്കാറുണ്ട്. പിന്നീട് ഞാന്‍ അതുമായി പൊരുത്തപ്പെട്ട് പോകാന്‍ ശീലിച്ചു. ചിലകാര്യങ്ങളില്‍ മൗനം പാലിക്കാനും ഞാന്‍ പഠിച്ചു. ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് പിന്നീട് അവന്‍ പറഞ്ഞു, അവള്‍ പറഞ്ഞു, അവര് പറഞ്ഞു എന്നിങ്ങനെ പോയി ഒരിക്കലും അവസാനിക്കാത്ത കഥയായി മാറും.

ഈ റൂമറുകള്‍ പ്രഭുവുമായുള്ള നിങ്ങളുടെ ബന്ധത്തെ ബാധിച്ചുവോ?

ഇല്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം എത്രകാലം ഉണ്ടായിരുന്നുവോ അതുവരെ എന്റെ ബന്ധം ദൃഢമായിരുന്നു. ചിലസമയത്ത് മാധ്യമവാര്‍ത്തകള്‍ ഞങ്ങള്‍ക്ക് പ്രശ്‌നമായിട്ടുണ്ട്.

പിന്നീട് ബന്ധം വേര്‍പിരിഞ്ഞു. എങ്ങനെയാണ് ആ അവസ്ഥയെ നേരിട്ടത്?

അത് വിശദാംശങ്ങള്‍ വ്യക്തിപരമാണ്. ആരുമായെങ്കിലും വേര്‍പിരിയുകയെന്നത് ജീവിതത്തില്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. പരസ്പരം സ്‌നേഹിച്ച ഒരാളില്‍ നിന്ന് പിരിയുമ്പോള്‍, എന്തു കാരണം കൊണ്ടായാലും ഇത് ജീവിതത്തെ ഇളക്കിക്കളയും. പക്ഷെ എങ്ങനെ ആ സാഹചര്യത്തെ നാം നേരിടുന്നു എന്നതാണ് പ്രധാനം. എങ്ങനെയാണ് ഞാന്‍ ആ സാഹചര്യം നേരിട്ടത് എന്നത് സംബന്ധിച്ച് വിശദാംശങ്ങളിലേക്ക് പോകാന്‍ എനിക്കാവില്ല. പക്ഷെ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ എനിക്കത് ആവശ്യമായിരുന്നു.

മൂന്നര വര്‍ഷം ഈ ബന്ധം തുടര്‍ന്നല്ലോ. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടായോ?

ഉണ്ടായി. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഒരുപാട് മാറിപ്പോയി. അത് നല്ലതിനുവേണ്ടിയോ ദോഷത്തിനുവേണ്ടിയോ എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ മാറി. (ചിരിക്കുന്നു) അത് സാധാരണയായി സംഭവിക്കുന്നതാണ്. നിങ്ങള്‍ ഒരാളുമായി അടുപ്പത്തിലാകുമ്പോള്‍ അയാള്‍ക്ക് വേണ്ടി നമ്മള്‍ മാറും. എല്ലാവരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാനും വ്യത്യസ്തയല്ല.

വീണ്ടും ഒറ്റയ്ക്കായപ്പോള്‍ എന്താണ് തോന്നുന്നത്?

ഞാനനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് കുറേ നേരത്തെ പറയുന്നതുപോലെയാവും. മൂന്നര വര്‍ഷം ഞാന്‍ ഒരാളുമായി അടുപ്പത്തിലായിരുന്നു. ആ ബന്ധത്തില്‍ നിന്നും പൂര്‍ണമായി ഞാന്‍ പുറത്തുവരേണ്ടതുണ്ട്. അതിന് ഒരുപാട് സമയമെടുക്കും.

ഈ കാര്യങ്ങളില്‍ നിന്നെല്ലാം എന്തെങ്കിലും പാഠം പഠിച്ചോ?

പഠിച്ചു. പക്ഷെ എന്താണെന്ന് ചോദിക്കരുത്.

ഈ തകര്‍ന്ന ബന്ധം പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റംവരുത്തിയോ?

ഇപ്പോള്‍ പ്രണയത്തെക്കുറിച്ചൊന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. അത് പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോള്‍.

തെന്നിന്ത്യയില്‍ താരറാണിയായിരിക്കുന്ന സമയത്താണ് നിങ്ങള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. വലിയൊരു തീരുമാനമാണ് താനെടുക്കുന്നതെന്ന് തോന്നിയിരുന്നോ?

എന്നെ സംബന്ധിച്ച് ജീവിതത്തിലെ വലിയ കാര്യമായിരുന്നു അത്. പ്രണയത്തിന് വേണ്ടി ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. പ്രണയത്തിനുവേണ്ടി ഞാന്‍ എന്തും ചെയ്യുമായിരുന്നു.

ഇന്ന് കുറ്റബോധം തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല.

കയ്യില്‍ നിന്നും പ്രഭുദേവയുടെ പേര് പച്ചകുത്തിയത് മായ്‌ചോ?

ഇല്ല. ആ സ്ഥാനത്തുതന്നെ അതുണ്ട്. ഇപ്പോള്‍ അത് അവിടെ തന്നെ നില്‍ക്കട്ടെയെന്നാണ് എന്റെ തീരുമാനം.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Advertisement