Categories

എന്നെയോര്‍ത്ത് സങ്കടപ്പെടരുത്; പാവപ്പെട്ടവരെ ഓര്‍ക്കുക, എന്ന് സ്വന്തം വര്‍ക്കിച്ചന്‍

line2011 ജനുവരി 23 ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്line

1967ലെ നക്‌സല്‍ബാരി പ്രക്ഷോഭത്തില്‍ നിന്നുമാവേശമുള്‍ക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തില്‍ കേരളത്തിലും വിപ്ലവത്തിന്റെ തീക്കാറ്റുയര്‍ന്നു. 1968-76 കാലയളവില്‍ കേരളത്തില്‍ പലയിടങ്ങളിലും നക്‌സലുകള്‍ സായുധ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. തലശ്ശേരി, പുല്‍പ്പള്ളി, കുറ്റിയാടി, കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങള്‍ , വയനാട്, കാസര്‍കോഡ്, കണ്ണൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ജന്മി വിരുദ്ധ ആക്രമണങ്ങള്‍ .

നക്‌സല്‍ വര്‍ഗീസ്, പോരാട്ടത്തിന്റെ ചോര പുരണ്ട പേര്. വയനാട് തിരുനെല്ലിക്കാട്ടില്‍ നക്‌സല്‍ വര്‍ഗീസ് പോലീസുമായി ഏറ്റുമുട്ടലില്‍ മരിച്ചുവെന്നായിരുന്നു വാര്‍ത്ത. പലരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഭരണകൂടവും പോലീസും അത് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ സത്യം തുറന്ന് പറഞ്ഞു. വര്‍ഗീസിനെ പിടികൂടിയ ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം താന്‍ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ . ഇന്ത്യയില്‍ മാവോവാദികള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കണമെന്ന് പലരും ചൂണ്ടിക്കാണിക്കുമ്പോഴാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പോലീസ് നക്‌സല്‍ നേതാവിനെ വെടിവെച്ച് കൊന്ന കേസില്‍ വിചാരണ തുടങ്ങിയത്.

നക്‌സല്‍ പ്രസ്ഥാനത്തില്‍ എത്തും മുമ്പ് സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു വര്‍ഗീസ്. ആ കാലയളവില്‍ വര്‍ഗീസ് നാട്ടിലേക്കയച്ച കത്തിന്റെ കോപ്പി ഡൂള്‍ന്യൂസിന്‌ ലഭിച്ചു.

vargees-580

എന്റെ സ്‌നേഹവും ആദരവുമുള്ള അപ്പനും അമ്മയും ബാക്കി എല്ലാവരും അറിയുവാന്‍ സ്വന്തം വര്‍ക്കിച്ചന്‍ എഴുതുന്നത്.

തൊമ്മച്ചന്‍ അയച്ച കത്ത് കിട്ടി. അതിനും മുമ്പ് തന്നെ ഞാന്‍ കത്ത് അയച്ചിരുന്നു. കിട്ടിക്കാണുമല്ലോ?. അതുകൊണ്ടാണ് ഞാന്‍ കത്തയക്കാന്‍ താമസിച്ചത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രത്യേക അസുഖങ്ങളൊന്നുമില്ലെന്ന് വിശ്വസിക്കുന്നു. എനിക്ക് സുഖം തന്നെ. കച്ചവടം നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.

Ads By Google

കുഞ്ഞിന്റെയും കുഞ്ഞച്ചന്റെയും-രണ്ടു കച്ചവടമാണല്ലോ. രണ്ടു കൂട്ടരും ഒട്ടും മോശക്കാരല്ലാത്തവരാണ്. നന്നായിട്ട് കൊണ്ടുപോയാല്‍ നല്ലതു തന്നെ. ഞാന്‍ ഇതിന് മുമ്പ് ഒരു കത്ത് കുഞ്ഞിന് അയച്ചിരുന്നു. കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. സ്വന്തക്കാരു തമ്മില്‍ ഇടഞ്ഞാല്‍ എന്തായിരിക്കും നില. മുട്ട നല്ലതല്ലെ, അത് കെട്ടു പോയാലോ. എന്താ സ്ഥിതി. എന്നതു പോലെയാണ്. നാട്ടിലെ മറ്റ് വിവരങ്ങള്‍ എന്തെല്ലാമാണ്. മഴ ഉണ്ടോ.

ജോലികള്‍ ഇപ്പോള്‍ എന്തെല്ലാമാണ്. എന്തു തന്നെയയാലും ആയിരം കമുങ്ങ് എങ്കിലും ഇക്കൊല്ലം വക്കണം. വയലില്‍ രണ്ട് കരയിലും കൂടി. ഗവമ്മേന്റില്‍ നിന്ന് പണം കിട്ടിയോ. ഇനി കിട്ടാനുള്ള വല്ല സാധ്യതയും ഉണ്ടോ. വിവരം അറിയിക്കുമല്ലോ, അറിയാന്‍ മാത്രമാണ്. ഞാന്‍ അടുത്ത് തന്നെ വരും അപ്പോള്‍ തൊമ്മച്ചന്റെ കാര്യം ശരിയാക്കാമെന്ന് പറയൂ.

മാമ്മി വീട്ടില്‍ തന്നെയാണോ?. അല്ലെങ്കില്‍ അവള്‍ പോയോ?. അവളുടെ രോഗം എങ്ങിനെ ഉണ്ട്. സുഖമായിരിക്കുന്നോ. കുഞ്ഞിനും അയിച്ചനും അമ്മച്ചനും ചിന്നമ്മക്കും എല്ലാം സുഖം തന്നെ അല്ലെ. ഇപ്പോള്‍ പിന്നെ പണിയെടുക്കാന്‍ ആരും തന്നെയില്ലല്ലോ. പണിയെടുപ്പിക്കാനും വലിയ സാധ്യതയില്ല.

എത്രയോ പേര്‍ പട്ടണി കിടന്ന് മരിക്കുന്നു. അവരെ പറ്റി  ഓര്‍ക്കുക. തന്നില്‍ താണവന്റെ ശബ്ദവും കേള്‍ക്കുക. അങ്ങിനെ വരുമ്പോള്‍ കഷ്ടങ്ങളുണ്ടാകും. അത് സാരമില്ല. ഒരുനാള്‍ നല്ലത് കേള്‍ക്കാം

അയല്‍പക്കത്ത് ഉള്ളവര്‍ക്കെല്ലാം സുഖം തന്നെയല്ലെ. കാക്കരക്കുന്നേല്‍ക്കാര്‍, പുന്നോമിക്കാര്‍, മാനിക്കല്‍ക്കാര്‍, നീലനാക്കാര്‍, പുത്തന്‍പുരക്കാര്‍, തെറ്റിപ്പോയി വീട്ട് പേര് പറഞ്ഞാല്‍ ഒഴുക്കന്‍മൂലയില്‍ ഉള്ളവരുടെ എല്ലാം പറയണം. അതിന്ന് പറ്റുകയില്ലല്ലോ. അതിന് ഒരു വഴി ഉണ്ട്. എന്താണത്. വീട്ടില്‍ വരുന്നവരോടും കാണുന്നവരോടും എന്റെ എളിയ അന്വേഷണം പറയുക. പറയാതിരിക്കരുത്. ഒരു കാര്യം നിങ്ങള്‍ ശത്രുക്കളായി കാണുന്ന അവരോട് എനിക്ക് ബഹുമാനമുണ്ട്. എനിക്ക് ശത്രുക്കളില്ല. എനിക്ക് തന്നെ ശത്രുക്കളായി വല്ലവരും ഉണ്ടെങ്കില്‍ അവരോട് പ്രത്യേകമായി അന്വേഷണം പറയണം. നമ്മള്‍ തമ്മില്‍ സ്‌നേഹമില്ലാതെ ജീവിച്ചത് കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ല, കൂടുതല്‍ ദോഷമാണുള്ളത്. അത് തന്നെ നമ്മള്‍ വിശ്വസിക്കുന്ന ദൈവം പറഞ്ഞതിനെതിരാണ്. പിന്നെ എന്തിന് അറിഞ്ഞ് കൊണ്ട് പാപം ചെയ്യണം. അന്വോന്യം പറഞ്ഞ് തീര്‍ക്കുക. അതാണ് വേണ്ടത്. അതുകൊണ്ട് അടിമപ്പെടുകയല്ല, അതിന് നില്‍ക്കുകയുമരുത്. കഴിയുമെങ്കില്‍ ഒരാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. കഷ്ടപ്പെടുന്നവരെ അല്‍പമെങ്കിലും ആശ്വസിപ്പിക്കുക.

അപ്പനും അമ്മക്കും സുഖം തന്നെയാണെന്ന് വിശ്വസിക്കുന്നു. എന്നോട് വലിയ ദേഷ്യവും മറ്റുമുണ്ടാകുമല്ലെ?. എനിക്കറിയാം ഉണ്ടാകുമെന്ന്. ഇത്രയധികം കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്തിട്ട് യാതൊരു ഉപകാരവുമില്ലാതെ നശിച്ചുപോയല്ലോയെന്ന് ചിന്തിച്ച് വേദനിക്കുന്നുണ്ടാവും. ശരിയാണ്. നമ്മള്‍ക്ക് ഒരു വിധം ജീവിക്കാന്‍ ദൈവം സഹായിച്ചിട്ടോ പണി എടുത്തിട്ടോ ഉണ്ടല്ലോ. അത്രവരെ ഇല്ലാത്ത എത്രയോ പേര്‍ പട്ടണി കിടന്ന് മരിക്കുന്നു. അവരെ പറ്റി ഒന്ന് ഓര്‍ക്കുക. അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സുഖമായ ജീവിതം- സാരമില്ല അതു പോകട്ടെ. മറ്റാരുടെയും അടിമയായി ജീവിക്കരുത് സത്യമായി- ന്യായത്തിന് മാത്രം തലകുനിച്ച് ജീവിക്കുക. തന്നില്‍ താണവന്റെ ശബ്ദവും കേള്‍ക്കുക. അങ്ങിനെ വരുമ്പോള്‍ കഷ്ടങ്ങളുണ്ടാകും. അത് സാരമില്ല. എന്നെ അങ്ങിനെ വിടൂ. ഒരുനാള്‍ നല്ലത് കേള്‍ക്കാം. വീട്ടില്‍ പരിപൂര്‍ണ സമാധാനവും യോജിപ്പുമുണ്ടാവുമ്പോള്‍ ഒരു കത്ത് അക്കുക. അപ്പോള്‍ വരാം.

സ്‌നേഹപൂര്‍വ്വം

വര്‍ക്കിച്ചന്‍

14 Responses to “എന്നെയോര്‍ത്ത് സങ്കടപ്പെടരുത്; പാവപ്പെട്ടവരെ ഓര്‍ക്കുക, എന്ന് സ്വന്തം വര്‍ക്കിച്ചന്‍”

 1. Lal Atholi

  Lal salam comrade…

 2. Rafi Cheruvath

  Eventhough his path was different,,,his destination was equality packed with goodness and love..

 3. shaneesh

  lal salam ..

 4. jacob

  We are proud of you comrade. You had in you both the facets of christ…the one who willfully whipped away the thugs in the church and the other one who died for humanity on the cross. Varghese, what you deserve is sainthood …………

 5. abbas

  sakavey , lal salam

 6. aswanth madappally

  അടിയോരുടെ പെരുമന്‍
  സഖാവ് വര്‍ഗീസ് സിന്ദാബാദ് ……………….

 7. ഷിനു.അവോലം

  ലാല്‍ സലാം ..

 8. Bibin Kallumkal

  ലാല്‍ സലാം ..

 9. Muhammed Kafeel

  ലാല്‍ സലാം സഗാവേ …..

 10. Ahamed

  ഇത്ര വലിയ മനുഷ്യ സ്നേഹിയ എവിടയും കണ്ണാന്‍ കഴിയില്ല.
  I am thinking how much we are selfish,
  Please publish full his hand written copy

 11. zubin

  🙂

 12. Mammen Mathew

  ലാല്‍ സലാം ..

 13. Bhaskar

  Priya Saghave RedSalute…..

 14. Satan

  ദയവായി വരുഗീസിന്റെ ജീവ ചര്ത്രം ജന്മനാട് തുടങ്ങിയവ പ്രസിദ്ധീകരിക്കുമോ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.