തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറപടി അവ്യക്തമാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ശൂന്യവേളയില്‍ പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് 12.30 ഓടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച നടന്നു.

ചര്‍ച്ചക്ക് മറുപടിയായി മുഖ്യമന്ത്രി ഹ്രസ്വമായ പ്രസംഗമാണ് നടത്തിയത്. മൂന്നാര്‍ കയ്യേറ്റക്കാരെക്കുറിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യു ഡി എഫുകാരുടെ ആരുടെയും പേരില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ വ്യക്തമായ അന്വേഷണം നടത്തി പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് വീണ്ടും സമര്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭിയില്‍ നിന്ന് ഇറങ്ങിപ്പോയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യു ഡി എഫ് നേതാവും മൂന്നാറില്‍ കയ്യേറ്റം നടത്തിയതായി കലക്ടറുടെ റിപ്പോര്‍ട്ടിലില്ല. എന്നിട്ടും യു ഡി എഫ് നേതാക്കള്‍ കയ്യേറ്റം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

നേരത്തെ സഭയില്‍ നടന്ന ചര്‍ച്ചയില്‍ മൂന്നാറില്‍ മാഫിയാ വിളയാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഡസന്‍ കണക്കിന് അനധികൃത റിസോര്‍ട്ടുകളാണു മൂന്നാറില്‍ നിര്‍മിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ പറഞ്ഞു.

ടാറ്റയില്‍ നിന്ന് 13 വര്‍ഷമായി പാട്ടകുടിശ്ശിക പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിട്ടും മൂന്നാറില്‍ കയ്യേറ്റം തുടരുകയാണ്. സര്‍ക്കാര്‍ ആടുന്നത് അസംബന്ധ നാടകമാണ്. മൂന്നാര്‍ മേഖലയില്‍ സി പി ഐ എം നേതാക്കള്‍ കയ്യേറ്റം നടത്തിയതിന് കലക്ടറുടെ റിപ്പോര്‍ട്ട് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

യു ഡി എഫിന്റെ കാലത്താണ് മൂന്നാറില്‍ കയ്യേറ്റം നടന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു.എല്‍ ഡി എഫ് അധികാരത്തില്‍ വന്നിട്ട് ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ല. വസ്തുകള്‍ വളച്ചൊടിച്ചു കൊണ്ടുള്ള ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേത്. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പേരില്‍ 800 ഏക്കര്‍ ഭൂമിയുണ്ടെന്ന് കെ കെ ജയചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരും ഭൂമി കയ്യേറിയെന്നും ജയചന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ തങ്കച്ചന്‍ ഭൂമി കയ്യേറിയിട്ടണ്ടെങ്കില്‍ എന്ത്‌കൊണ്ട് തിരിച്ച പിടിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരാഞ്ഞു.