എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍വി
എഡിറ്റര്‍
Thursday 17th May 2012 8:35am

മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 32 റണ്‍സിന്റെ മിന്നുന്ന ജയം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 140 റണ്‍സെടുത്തപ്പോള്‍ മുംബൈ അഞ്ചു പന്തു ബാക്കിയിരിക്കേ 108 റണ്‍സിന് പുറത്തായി.

24 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സുമടക്കം 27 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

15 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്‌ന്റെ മികച്ച ബോളിങ്ങാണ് അപ്രതീക്ഷിതമെന്നു കരുതിയ ജയത്തിലേക്ക് കൊല്‍ക്കത്തയെ നയിച്ചത്.  കാലിസും ബാലാജിയും രണ്ടു വിക്കറ്റ് വീഴ്ത്തി. ഇതോടെ പോയിന്റു പട്ടികയില്‍ മുംബൈയെ മറികടന്ന കൊല്‍ക്കത്ത രണ്ടാംസ്ഥാനത്തേക്കു കയറി.നാലിന് 84 എന്ന നിലയില്‍നിന്നാണ് മുംബൈ 108 ന് ഓള്‍ഔട്ടായത്.  ദിനേഷ് കാര്‍ത്തിക് 21 റണ്‍സെടുത്തു.

ഹെര്‍ഷല്‍ ഗിബ്‌സ് (24 പന്തില്‍ 13), രോഹിത് ശര്‍മ (14 പന്തില്‍ 12), അമ്പാട്ടി റായുഡു (എട്ടു പന്തില്‍ 11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. അവസാന ഏഴു വിക്കറ്റുകള്‍ കേവലം 25 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് മുംബൈക്ക് നഷ്ടമായത്. അടുത്തടുത്ത പന്തുകളില്‍ കാലിസ് കീറോണ്‍ പൊള്ളാര്‍ഡിനെയും (എട്ട്) ഡ്വെയ്ന്‍ സ്മിത്തിനെയും റണ്‍സൊന്നുമെടുക്കാതെ തിരിച്ചയച്ചു.

രണ്ടാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ആര്‍.പി. സിങ് ബ്രണ്ടന്‍ മക്കെല്ലത്തെയും കാലിസിനെയും മടക്കി അയച്ചതോടെ കൊല്‍ക്കത്തയുടെ സ്‌കോറിംഗിന് തിരിച്ചടി നേരിട്ടു. രണ്ട് ഓവറില്‍ രണ്ടിന് ആറു റണ്‍സെന്ന നിലയിലായിരുന്നു ഗംഭീറിന്റെ സംഘം.

നാലാമനായി വന്ന മനോജ് തിവാരിയാണു വന്‍തകര്‍ച്ചയില്‍ നിന്നു കൊല്‍ക്കത്തയ്ക്കു പിടിവള്ളി നീട്ടിയത്. 28 റണ്‍സോടെ ഗംഭീര്‍ പോയപ്പോള്‍ ടീം സ്‌കോര്‍ 8.3 ഓവറില്‍ മൂന്നിനു 44 മാത്രമായിരുന്നു. ഇനി അവസാന മത്സരത്തില്‍ തോറ്റാലും ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് ഈ ജയത്തോടെ നൈറ്റ്‌റൈഡേഴ്‌സിന് ഉറപ്പായി.

Advertisement