ഒരു ദിവസം രാവിലെ. മുല്ല താടിക്ക് കയ്യും കൊടുത്ത് വീടിന്റെ ഉമ്മറപ്പിടിയിലിരിക്കയാണ്. അപ്പോഴാണ് ഭാര്യ ആമിന അവിടേക്ക് വന്നത്. ” നിങ്ങളെന്ത് മനുഷ്യനാ.. ഇങ്ങനെ വെറുതിയിരുന്ന നേരം കളയുന്ന സമയത്ത് വല്ല ജോയിലും ചെയ്തു കൂടെ”?. “എടീ ആമിനേ നിന്റെ ശല്യം സഹിക്കാതെ ഞാന്‍ പല ജോലിയും ചെയ്തിട്ടില്ലേ. ഇനി ഞാനതിന് ഒരുക്കമല്ല. അല്ലാഹുവിന്റെ ദാസനായ ഞാന്‍ മറ്റൊരു ജോലിയും ചെയ്ത് കൂട”.
മുല്ലയുടെ മറുപടി കേട്ട് ആമിനക്ക് കലി കയറി. ” ഓ അല്ലാഹുവിന്റെ ദാസന്‍… ജീവിക്കാന്‍ പണം വേണ്ടേ.. ദാസപ്പണി ചെയ്യുന്നതിന് അല്ലാഹുവിനോട് തന്നെ പോയി ശമ്പളം വാങ്ങി വാ”- ആമിന ഉച്ചത്തില്‍ പറഞ്ഞു.
ആമിനയുടെ വാക്കുകള്‍ കേട്ട് മുല്ല ഉടന്‍ മുറ്റത്തേക്ക് ചാടിയിറങ്ങി കയ്കള്‍ മേല്‍പോട്ടുയര്‍ത്തി പ്രാര്‍ഥിച്ചു.
അല്ലയോ . അല്ലാഹുവേ… ഈ നാസറുദ്ദീന്‍ നിന്റെ ദാസനാണ്. ഞാന്‍ അങ്ങയെ എത്രയോ കാലമായി സേവിക്കുന്നു. അതിന്റെ പ്രതിഫലമായി അടിയന് നൂറ് സ്വര്‍ണ നാണയം തരണേ”…
ആമിനയെ കളിയാക്കാനുള്ള മുല്ലയുടെ ഈ പ്രവൃത്തി അയല്‍വാസിയായ ധനികന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുല്ല സഹായം ചോദിക്കുമ്പോഴൊന്നും അയാള്‍ കനിയാറില്ല. ദരിദ്രനായ മുല്ലയെ ഒന്ന് കളിയാക്കാന്‍ അയാള്‍ അവസരം പാര്‍ത്തിരിക്കയായിരുന്നു. ഇപ്പോള്‍ പറ്റിയ അവസരമാണെന്ന് അയാള്‍ കരുതി. നൂറു സ്വര്‍ണനാണയങ്ങള്‍ അയാള്‍ കിഴിയിലാക്കി ആരും കാണാതെ മുല്ല ഇരിക്കുന്ന മുറിയുടെ ജനാല വഴി അകത്തേക്ക് ഇട്ടു. പെട്ടെന്ന് അവിടെ നിന്നും പോവുകയും ചെയ്തു.
എന്നാല്‍ അയല്‍വാസിയുടെ പ്രവൃത്തി മുല്ല കാണുന്നുണ്ടായിരുന്നു. മുല്ല ഒന്നുമറിയാത്ത പോലെ ഉടന്‍ പണക്കിഴി എടുത്ത് ഭാര്യയെ വിളിച്ചു. ” എടീ ആമിനേ ഇനിയെങ്കിലും നീ മനസിലാക്കണം നിന്റെ ഭര്‍ത്താവായ ഞാനൊരു ദിവ്യനാണ്. മുറ്റത്തേക്കിറങ്ങിയ മുല്ല പണക്കാരന്‍ കേള്‍ക്കെ തനിക്ക് പ്രാര്‍ഥിച്ച് പണക്കിഴി കിട്ടിയ കാര്യം ഉറക്കെ പറഞ്ഞു. നാണയക്കിഴി കണ്ട് ആമിനയുടെ കണ്ണ് തള്ളി.
മുല്ലയുടെ പ്രഖ്യാപനത്തിനം കേട്ട് അയല്‍വാസി ഒരു പരിഹാസച്ചിരിയോടെ മുല്ലയുടെ അടുത്തേക്ക് വന്നു. ” അപ്പോഴേ മൊല്ലാക്കാ എന്റെ നൂറു സ്വര്‍ണ നാണയങ്ങള്‍ തിരിച്ചു തന്നെ”. മുല്ല വിട്ടില്ല. ” നിങ്ങള്‍ എന്തു ഭ്രാന്താ പറയുന്നത്. പ്രാര്‍ഥിച്ചത് കൊണ്ട് ദൈവം എനിക്ക് നല്‍കിയ സ്വര്‍ണനാണയമാണിത്. ദൈവത്തോട് ചോദിച്ചു വാങ്ങിയതെങ്ങിനെ നിങ്ങളുടെതാകും”.
മൊല്ലാക്കാ.. നിങ്ങള്‍ക്കെന്തറിയാം. നിങ്ങളുടെ പ്രാര്‍ഥന കേട്ട് ഞാനാണ് അത് ജനലഴിലിയൂടെ മുറിയിലേക്ക് ഇട്ടത്. നാണയം എന്റെതാണ്. അതെനിക്ക് തിരിച്ച് തരണം- അയല്‍വാസി പറഞ്ഞു.
മുല്ല ദേഷ്യത്തോടെ പറഞ്ഞു” പോയി വേറെ വല്ല പണിയും നോക്ക്. അല്ലാഹു എനിക്ക് തന്ന പണം ആര്‍ക്കും വിട്ട് കൊടുക്കുന്ന പ്രശ്‌നമില്ല”.
എങ്കില്‍ ന്യായാധിപന്റെ അടുത്ത് പോകാമെന്നായി അയല്‍വാസി.
“ഞാന്‍ റെഡി പക്ഷെ എനിക്ക് തന്റെ കോട്ടും സൂട്ടും പോവാനൊരു കുതിരയും വേണം”- മുല്ല പറഞ്ഞു. അതു ഞാന്‍ കടം തരാമെന്ന് അയല്‍വാസി പറഞ്ഞു. അങ്ങനെ അയല്‍വാസിയുടെ കോട്ടും കുതിയരയും ഉപയോഗിച്ച് മുല്ല യാത്രയായി. ഇരുവരും ന്യായാധിപന്റെ അടുത്തെത്തി സംഭവിച്ചതെല്ലാം പറഞ്ഞു. ന്യായാധിപന്‍ മുല്ലയോട് വല്ലതും പറയാനുണ്ടോയെന്ന് ചോദിച്ചു. അയല്‍ക്കാരന് ഭ്രാന്താണെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂവെന്ന് മുല്ല കോടതിയോട് പറഞ്ഞു. അതിനെന്താ തെളിവെന്ന് ന്യായാധിപന്‍ ചോദിച്ചു. അപ്പോള്‍ മുല്ല പറഞ്ഞു” തെളിവുണ്ട്. എനിക്ക് സ്വന്തമുള്ളതെല്ലാം ഇദ്ദേഹത്തിന്റെതാണെന്നാണ് ഇപ്പോള്‍ പറയുന്നത്. സംശയമുണ്ടെങ്കില്‍ ഞാനിട്ടിരിക്കുന്ന കോട്ടും സഞ്ചരിച്ച കുതിരയും ആരുടെതാണെന്ന് ചോദിച്ച് നോക്കൂ”.
മുല്ലയുടെ വാദം കേട്ട ന്യായാധിപന്‍ അയല്‍വാസിയോട് അതെക്കുറിച്ച് ചോദിച്ചു. ” യജമാനനേ മുല്ല ധരിച്ച കോട്ടും സഞ്ചരിച്ച കുതിരയും എന്റെതാണ്”. “കണ്ടില്ലേ ഇതാണ് ഞാന്‍ പറഞ്ഞ ഭ്രാന്ത”- മുല്ല പറഞ്ഞു. “ആഭരണത്തിന്റെ കാര്യവും ഇത് പോലെയാണ്. സ്വന്തമല്ലാത്ത എല്ലാം സ്വന്തമെന്ന് പറയല്‍ ഇയാളുടെ ശീലമാണ്”.മുല്ലയുടെ വാക്കുകള്‍ കേട്ട് ന്യായാധിപന്‍ അദ്ദേഹത്തിനനുകൂലമായി വിധി പ്രസ്താവിച്ചു.
