പാലക്കാട്: ഇടതുപക്ഷ ഏകോപന സമിതി നേതാവ് എം.ആര്‍ മുരളിയെ സംഘടനയില്‍ നിന്ന് പുറത്താക്കി. സംഘനയുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിച്ച് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. അവസരവാദ രാഷ്ട്രീയം ഇടതുപക്ഷ ഏകോപന സമിതി തള്ളിക്കളയുന്നതായി നേതാക്കള്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണ്ണൂരില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയതിന്റെ പേരില്‍ ഏകോപന സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുരളിയെ നേരത്തെ നീക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പുറത്താക്കല്‍ നടപടിയുണ്ടായത്.

ഇടത് പക്ഷ ഏകോപന സമിയുടെ യു.ഡി.എഫ് ബന്ധത്തെച്ചൊല്ലി സംഘടനക്കകത്തുയര്‍ന്ന രൂക്ഷമായ അഭിപ്രായ വ്യത്യസമാണ് എം.ആര്‍ മുരളിയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ മുരളി വിഭാഗം യു.ഡി.എഫുമായി ചേര്‍ന്ന് അധികാരം പങ്കിട്ടതിനെതിരെ നേരത്തെ തന്നെ സംഘടനക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കുന്നംകുളം സംസ്ഥാന കണ്‍വെന്‍ഷനില്‍ തന്നെ മുരളിയെ നീക്കുവാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും മുരളി അനുകൂലികളുടെ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ബന്ധത്തിനെതിരെ സംഘടനയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കണമെന്നാണ് എം.ആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള ഷൊര്‍ണ്ണൂര്‍ വിഭാഗത്തിന്റെയും കെ.എം ഷാജഹാന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം വിഭാഗത്തിന്റെയും ആവശ്യം.

എന്നാല്‍ സി.പി.ഐ.എമ്മിന്റെ വലതുവത്കരണത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടവര്‍ വലതു കൂടാരത്തിലേക്ക് തന്നെ പോകുന്നത് ശരിയായ നിലപാടല്ലെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. ഈ വാദത്തിന് മുന്‍തൂക്കം ലഭിച്ചുവെന്നാണ് മുരളിക്കെതിരെയുള്ള നടപടി സൂചിപ്പിക്കുന്നത്.

ഷൊര്‍ണ്ണൂരില്‍ ഏകോപന സമിതി സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന മുരളിയെ പിന്തുണക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. സംഘടനയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ മുരളി ഏകോപന സമിതി സ്ഥാനാര്‍ഥിയല്ലാതായിരിക്കയാണ്.

അതേസമയം തന്നെ പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് എം.ആര്‍ മുരളി വ്യക്തമാക്കി. സി.പി.ഐ.എമ്മിന്റെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയാണ് ഏകോപന സമിതിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.