അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എസ് െഎടി ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ്. മോഡി രാജിവയ്‌ക്കേണ്ടതില്ലെന്നും കോണ്‍ഗ്രസിന്റെ വിലാപം വനരോദനമാണെന്നും സിഖ് കലാപത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്തു ചെയ്തു എന്ന് ആദ്യം പറയണമെന്നും ബി ജെ പി തിരിച്ചടിച്ചു.

ധാര്‍മികതയുടെ പേരില്‍ മോഡി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നു സംസ്ഥാന ചുമതലയുളള കോണ്‍ഗ്രസ് നേതാവ് പി സുധാകര്‍ റെഡ്ഡിയാണ് ആവശ്യപ്പെട്ടത്. മോഡി ഗുജറാത്ത് ജനതയ്ക്കു അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നരേന്ദ്ര മോഡി രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ ബി ജെ പി നേതൃത്വം പരിഹസിച്ചു. നിയമങ്ങള്‍ക്കു മുന്നില്‍ എന്നും ബിജെപിയും മോഡിയും സഹകരിച്ചിട്ടുണ്ട്. ഇനിയും അതു തുടരുമെന്നു സര്‍ക്കാര്‍ വക്താവ് ജയനാരായണ്‍ വ്യാസ് അറിയിച്ചു. മോഡിക്ക് സമന്‍സ് അയച്ച നടപടിയില്‍ നിയമോപദേശം തേടുമെന്നും ഇതു സംബന്ധിച്ചു എല്ലാ നിയമസാധ്യതകളും പരിശോധിക്കുമെന്നും ചെയ്യേണ്ടതെല്ലാം ബി ജെ പി നേതൃത്വം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപക്കേസില്‍ മോഡി ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുന്നത് ആദ്യമായാണ്. കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിറ ജാഫ്രിയുടെ പരാതിപ്രകാരമാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പ്രത്യേക അന്വേഷണ സംഘം മോഡിയോട് ഈ മാസം 21ന് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചത്.

ഗോധ്ര സംഭവത്തിന് ശേഷം മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ അടക്കം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറാന്‍ സുപ്രീം കോടതി നേരത്തെ ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.