
ഓക്‌ലാന്‍ഡ്: കിവീസ പേസ് ബൗളര്‍ കെയ്ല്‍ മില്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സഹതാരമായ ഡാനിയല്‍ വെട്ടോറി വിരമിച്ചതിന് പിന്നാലെയാണ് മില്‍സും ക്രിക്കറ്റിനോട് വിട പറയുന്നത്.
നീണ്ട 14 വര്‍ഷത്തെ കരിയറിനിടയില്‍ 170 ഏകദിനങ്ങളില്‍ നിന്നായി 240 വിക്കറ്റുകളാണ് മില്‍സ് നേടിയത്. വെട്ടോറിക്ക് ശേഷം ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരമാണ് മില്‍സ്. ന്യൂസിലാന്‍ഡിന് വേണ്ടി 19 ടെസ്റ്റുകളും 42 ട്വന്റി20 മത്‌സരങ്ങളും മില്‍സ് കളിച്ചിട്ടുണ്ട്.
2001ല്‍ ഷാര്‍ജയില്‍ വെച്ച് പാകിസ്ഥാനെതിരായിട്ടാണ് മില്‍സ് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ന്യൂസിലാന്‍ഡിന് വേണ്ടി 3 ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള മില്‍സ് ഇക്കഴിഞ്ഞ ലോകകപ്പ് ടീമിലും സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ ടീം ഫൈനല്‍ വരെ എത്തിയിരുന്നെങ്കിലും ഒറ്റ മത്സരത്തില്‍ പോലും അദ്ദേഹത്തിന് കളിക്കാനായിരുന്നില്ല.
ഈ ലോകകപ്പോട് കൂടെ നിരവധി താരങ്ങളാണ് മൈതാനത്തോട് വിട ചൊല്ലിയിരുന്നത്. ഷാഹിദ് അഫ്രീദി, മിസ്ബാഹുല്‍ ഹഖ്, സംഗക്കാര, മഹേല ജയവര്‍ധന, മൈക്കല്‍ ക്ലാര്‍ക്ക്, തുടങ്ങിയ താരങ്ങളായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നത്.
