Categories

മിളകുകൊടികള്‍

VS. Anilkumar's Keraleeyam Column, on school life

കേരളീയം/വി.എസ് അനില്‍കുമാര്‍

വിഖ്യാത കവിയും നൊബേല്‍ സമ്മാനശുപാര്‍ശിതനുമായ സച്ചിദാനന്ദന്‍ ‘പ്രവാസിശബ്ദം’ മാസികയുടെ ഓണപ്പതിപ്പില്‍ മറുനാടന്‍ മലയാളി എഴുത്തുകാരെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ പേരുകാണാഞ്ഞ് ഞാന്‍ ഗദ്ഗദകണ്ഠനും കോപാകുലനുമായിത്തീര്‍ന്നു. മറുനാട്ടിലൂടെ വിനോദയാത്ര പോയവരെപ്പോലും പരാമര്‍ശിച്ചിട്ടുണ്ട് എന്ന് കണ്ടതോടെ ഗദ്ഗദം പിന്നെ വലിയ വായിലുള്ള നിലവിളിയായി. ആരായാലും കരഞ്ഞുപോകും. സാര്‍,തന്നെ തന്നെ ആദ്യം പ്രതിഷ്ഠിച്ചുകൊണ്ട് വി.കെ.എന്‍,കാക്കനാടന്‍,ഒ.വി. വിജയന്‍,എം.മുകുന്ദന്‍ തുടങ്ങിയ ‘രണ്ടാംനിര’ എഴുത്തുകാരിലൂടെ ഡോണ മയൂര,ദേവസേന, നസീര്‍ എന്നിങ്ങനെയാണ് പട്ടികയുടെ നീളം. വിഖ്യാത മഹാകവിയുടെ ആ ലിസ്റ്റിലാണ് പെടാതെ പോയത്. കണ്ണുകളില്‍ നമ്മള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന കണ്ണുനീരുകള്‍ പിന്നെ എന്തിനാണ്? കലങ്ങിയ കണ്ണുകളോടെ പട്ടിക ഒന്നുകൂടെ നോക്കി. ടി.പി രാജീവന്‍,മാങ്ങാട് രത്‌നാകരന്‍ എന്നിവരെയും കാണാനില്ല. സച്ചി,സച്ചി എന്നുപറഞ്ഞുകൊണ്ട് ദില്ലിയില്‍ കൂടെ കിടന്നവരല്ലേ. അവര്‍ കണ്ട രാപ്പനി അവര്‍ പറയട്ടെ.

സച്ചിദാനന്ദന്‍ SACHITHANANDANസച്ചിദാനന്ദന് എന്നെ അറിയായ്കയൊന്നുമുണ്ടാവില്ല. ഈ ലേഖനം വരുന്നതിന് കുറച്ച് മാസം മുമ്പ് കണ്ണൂര്‍ സര്‍വകലാശാലയുടെ ഒരു പരിപാടിക്ക് നീലേശ്വരം കാമ്പസില്‍ വെച്ചാണ് ജീവിതത്തില്‍ ആദ്യമായി മഹാകവിയെ ഞാന്‍ കാണുന്നത്. പരിചയപ്പെട്ടതോടെ അച്ഛനെക്കുറിച്ച് ചോദിച്ചു. അമ്മ കൊടുങ്ങല്ലൂരുണ്ടോ എന്ന് അന്വേഷിച്ചു. മുപ്പതു കൊല്ലം മുമ്പ് സുകുമാര്‍ അഴീക്കോടും ഇങ്ങനെയായിരുന്നു. ‘വിജയന് സുഖം തന്നെയല്ലേ അന്വേഷണം പറയണം’ എന്നുപറഞ്ഞ്, ഒരു പ്രത്യേകതരം ചിരിയോടെ കോഴിക്കോട് സര്‍വകലാശാലയില്‍ എനിയ്ക്ക് ഗവേഷണം ചെയ്യാന്‍ അനുമതി നിഷേധിച്ചു. ഗവേഷണങ്ങളുടെ ചരിത്രത്തില്‍ അതുവരെയോ അതിനുശേഷമോ ഇല്ലാത്ത ഒരു കാരണവും പറഞ്ഞു. ഗവേഷണത്തിന് അക്കൊല്ലം ഫ്രഷ് എം.എക്കാരെ എടുക്കുന്നില്ലത്രേ! ഇങ്ങനെയെന്തോ ചളിഞ്ഞ കാരണവും പറഞ്ഞ് എം.എ റഹ്മാനെയും സാംസ്‌കാരിക നായകന്‍ പുറത്താക്കി. റഹ്മാന്റെ ആദ്യത്തെ സിനിമ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ കാണിച്ചു. ഞാന്‍ എം.ഫില്‍ ചെയ്യാന്‍ മദിരാശിക്ക് വണ്ടികയറി. കാലിക്കറ്റ് സര്‍വകലാശാല വകുപ്പ് മേധാവിയുടെ തള്ളിക്കളയലാണ് മദിരാശി സര്‍വകലാശാലയില്‍ പഠിക്കാനുള്ള തീരുമാനമെടുത്തതിന് ഒരു കാരണം.

സ്വന്തം കവിത ഉദ്ധരിച്ച് താന്‍ കൊള്ളാവുന്നവനാ എന്ന് സച്ചിദാന്ദന് പറയാമെങ്കില്‍ ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിക്കു തന്നെ വിളിച്ചു പറയാം.  അതില്‍ ഒരു ചമ്മല്‍ തോന്നേണ്ട കാര്യമൊന്നുമില്ല.

അങ്ങനെ ഞാന്‍ മദിരാശിയില്‍ എത്തുന്നു. ആദ്യ മഹാനഗരാനുഭവം ‘നഗരാന്തരം’ എന്ന പേരില്‍ ഒരു കഥയായി. പഠനത്തിന്റെ ഒരു വര്‍ഷം,അധ്യാപനത്തിന്റെ പന്ത്രണ്ടു വര്‍ഷം. രണ്ടും കൂടി പതിമൂന്നു വര്‍ഷം ഞാന്‍ മദിരാശിയിലുണ്ടായിരുന്നു. ഈ കാലത്താണ് ‘മദിരാശിപ്പിത്തലാട്ടം’ മുതല്‍ നമ്മള്‍ സാഹിത്യത്തിലറിയുന്ന നാട് ചെന്നൈയെന്ന പുതിയ പേര് സ്വീകരിച്ചത്. കരുണാനിധിയും ജയലളിതയും മാറി മാറി ഭരിച്ച ചെന്നൈയിലും തമിഴ്‌നാട്ടിലെ പല സ്ഥലങ്ങള്‍ കണ്ടുകൊണ്ടും ഞാന്‍ ഒരു വ്യാഴവട്ടത്തിലധികം അവിടെ ജീവിച്ചു. ശരിക്കും ജീവിച്ചു. എന്റെ ജീവിതത്തിനും കഥയെഴുത്തിനും മഹാനഗരവാസം പുതിയ ദിശാബോധം നല്‍കി.

സ്വന്തം കവിത ഉദ്ധരിച്ച് താന്‍ കൊള്ളാവുന്നവനാ എന്ന് സച്ചിദാന്ദന് പറയാമെങ്കില്‍ ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിക്കു തന്നെ വിളിച്ചു പറയാം. വി.എസ് അനില്‍കുമാര്‍ വലിയൊരു പ്രവാസി എഴുത്തുകാരനാണെന്ന് അയാള്‍ക്കും വിളിച്ചു പറയാം. അതില്‍ ഒരു ചമ്മല്‍ തോന്നേണ്ട കാര്യമൊന്നുമില്ല. കാരണം ഇതൊക്കെ എല്ലാവര്‍ക്കും ബാധകമാണ്.

ധര്‍മ്മടം എന്ന ഗ്രാമത്തിലും മദിരാശി മഹാനഗരത്തിലും അടിസ്ഥാനപരമായി ജീവിതം സമാനമായ അനുഭവങ്ങള്‍ പങ്കിടുന്നുവെങ്കിലും അതിന്റെ പ്രകടനങ്ങളായ കാഴ്ചകളും ശബ്ദങ്ങളും മണങ്ങളുമെല്ലാം വ്യത്യസ്തതകള്‍ ഉണ്ടാക്കിത്തന്നുകൊണ്ടിരുന്നു. മുത്തഴകിയുടെ ഡാവുകള്‍, ടി.നഗറിലെ കൊതുകുകള്‍, കാവല്‍ക്കള്ളന്‍, എണ്ണിയെണ്ണിക്കുറയുന്നത്, വ്യംഗമില്ലാത്ത കാര്യങ്ങള്‍, പൂന്താനം, പ്രയാസപ്പങ്ക്, എന്തിന്റെയോ അഞ്ഞൂറു വര്‍ഷങ്ങള്‍, മറുപടി, മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്… കരുണാമയനേ, സച്ചിദാനന്ദാ, തൃശൂര് ഭാഷയില്‍ പറഞ്ഞാല്‍ എന്തോരം കഥകളാ ഞാനെഴുതിക്കൂട്ട്യേ…! പിന്നെ നഗരതുയരം,നഗരമഴ എന്നിങ്ങനെ ഞാനാദ്യം കവിതയില്‍ കൈ വെച്ചതും ചെന്നൈയില്‍ വെച്ചുതന്നെ. നോവലെറ്റുകള്‍, യാത്രാവിവരണങ്ങള്‍, ലേഖനങ്ങള്‍, അനുവക്കുറിപ്പുകള്‍ ഞങ്ങടെ വടക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഊയ്യെന്റെമ്മേ, ഇദ് തൊപ്പനെ ഇണ്ടല്ലോ എന്നാവും.

ഞാനാരാ മോന്‍! മദിരാശി പ്രവര്‍ത്തനതട്ടകമായ, ഇപ്പോഴത്തെ സി.ഐ.ടി.യു. അഖില്യോ പ്രസിഡന്റ എ.കെ. പത്മനാഭന്‍ എന്ന എ.കെ.പി., ആദ്യം കണ്ടപ്പോള്‍ പറഞ്ഞു. ‘മദിരാശിയുടെചില മുക്കും മൂലയും എഴുതുന്നയാളെ കാണാനിരിക്കുകയായിരുന്നു.’ അതൊരു നല്ല അഭിനന്ദനമായി ഞാന്‍ സൂക്ഷിച്ചുവെച്ചു. പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കും എന്നൊരു ദോഷം എ.കെ.പി.ക്ക് ഉണ്ടായിരുന്നു.

അന്നൊക്കെ നല്ലതണ്ടും തടിയുമുണ്ടായിരുന്നതുകൊണ്ട് ഈ ആണ്ടി വിവര്‍ത്തനത്തിലും സര്‍വ്വശക്തമായി കൈവയ്ക്കുകയുണ്ടായി. ഞാനും കൂട്ടുകാരനായ ബാലു എന്ന ഭാരതീപുത്രനും ചേര്‍ന്ന് കവിതാവിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഇന്ദ്രന്‍, പഴമലൈ, ഭാരതീപുത്രന്‍, മനുഷ്യപുത്രന്‍, കല്ല്യാണ്‍ജി, തുടങ്ങിയ കവികളുടെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. അതുപോലെ മലയാളത്തിലെ പതിനഞ്ചു കവികളുടെ മുപ്പതു കവിതകള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് ‘മിളകുകൊടികള്‍’ എന്ന പേരില്‍ 1991ല്‍ ഒരു പുസ്തകമിറക്കുകയുണ്ടായി.

‘മിളകുകൊടികള്‍’ എന്നാല്‍ കുരുമുളകു വള്ളികള്‍ എന്നര്‍ത്ഥം. മലയാള കവിതയാകുമ്പോള്‍ ഈ പേരാണ് നല്ലത് എന്ന് ബാലുവാണ് പറഞ്ഞത്. തമിഴിലെ മിക ആക്ഷേപഹാസ്യകവിയായ മീരാ എന്ന മി. രാജേന്ദ്രന്റെ അന്നം പതികമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതാ, 2011ല്‍ അതിന് രണ്ടാം പതിപ്പും വന്നു. മുഖിത്രം വരഞ്ഞത് ആദിമൂലം.

Azheekode, സുകുമാര്‍ അഴീക്കോടു എ. അയ്യപ്പന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാവുണ്ണി, ഉമേഷ് ബാബു.കെസി., സാവിത്രി രാജീവന്‍, കുരീപ്പുഴ ശ്രീകുമാര്‍,ടി.പി. രാജീവന്‍, വിജയലക്ഷ്മി, ജോസ് വെമ്മേലി, അനിതാ തമ്പി, അന്‍വര്‍ അലി, മണമ്പൂര്‍ രാജന്‍ ബാബു, മാങ്ങാട് രത്‌നാകരന്‍, നാലപ്പാടം പത്മനാഭന്‍, സനില്‍ദാസ് ഐ.സി. എന്നിവരുടെ രണ്ടുവീതം കവിതകള്‍ മുഴുവന്‍ വിവര്‍ത്തനം ചെയ്യാന്‍ രണ്ടു വര്‍ഷം വേണ്ടി വന്നു. ഇത്രയും നീണ്ടുപോയതിനു പലകാരണങ്ങള്‍ ഉണ്ട്. ഇടയിലുള്ള ദീര്‍ഘവും ഹ്രസ്വവുമായ ഒഴിവുകാലങ്ങള്‍, മൂന്നു മാസം നീണ്ടു നിന്നു ഒരു അധ്യാപക സമരം, വിവര്‍ത്തനത്തിനിടയിലെ അസ്വാരസ്യങ്ങള്‍ അങ്ങനെ പലതും. സമരത്തില്‍ ഞാന്‍ സമരക്കാരനും ബാലു സമര വിരുദ്ധനുമായിരുന്നു. അതുകൊണ്ട് ആ കാലങ്ങളില്‍ കൂടിച്ചേരാന്‍ കഴിഞ്ഞില്ല.

വിവര്‍ത്തനത്തിലെ അനേകമായ പൊല്ലാപ്പുകളെ നേരിട്ടറിഞ്ഞ ദിവസങ്ങളാണവ. ഓരോ വാക്കും പറഞ്ഞ് വിശദീകരിച്ച് തത്തുല്യമായ തമിഴ് വാക്ക് കണ്ടുപിടിച്ചുകൊണ്ടാണ് മുന്നോട്ടു പോയിരുന്നത്.ചില നേരങ്ങളില്‍ ചില വാക്കുകളില്‍ ഞങ്ങള്‍ ഉടക്കും. ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും രണ്ടു പേരും തയ്യാറാവില്ല. പണി നിലയ്ക്കും. ചിലപ്പോള്‍ മൊഴിമാറ്റം നിര്‍ത്തി ചര്‍ച്ചയാവും, ജീവിതത്തെക്കുറി്ച്ച്,സാഹിത്യത്തെക്കുറിച്ച്. മലയാളത്തേയും കേരളത്തേയും ബാലു വല്ലാതെ സ്‌നേഹിച്ചു.

സമാനമായ വാക്കുകള്‍ വ്യത്യസ്തമായ അര്‍ത്ഥത്തെക്കുറിക്കുന്നതു ശ്രദ്ധിക്കണം. വ്യവസായം തമിഴില്‍ കൃഷിയാണ്. അട്ടഹാസമായി കൊണ്ടാടി എന്നാല്‍ കോലാഹലമായി എന്നോ ഗംഭീരമായി എന്നോ അര്‍ത്ഥം. തമിഴില്‍ തിരിസൊല്‍, ഇയര്‍സൊല്‍ എന്ന് രണ്ടുവിധം വാക്കുകള്‍ ഉണ്ട്. എല്ലാവര്‍ക്കും മനസ്സിലാവുന്നത് ഇയര്‍സൊല്‍. കവിതയിലും സാഹിത്യത്തിലും മാത്രം കാണാവുന്നത് തിരിസൊല്‍. തമിഴില്‍ കിളിയെന്നാല്‍ തത്തയാണ്. കിളി എല്ലാവര്‍ക്കും മനസ്സിലാവും. തത്ത കവിതയിലേകാണൂ. അതുപോലെ കടല്‍ ഇയര്‍സൊല്ലും ആഴി തിരിസൊല്ലുമാണ്. വേലിയിറക്കം എന്ന വാക്ക് അതുപോലെ തമിഴില്‍ ഉപയോഗിക്കാം. പക്ഷെ എല്ലാവര്‍ക്കും മനസ്സിലാവില്ല. കാരണം വേലി (സമുദ്രം)എന്ന വാക്ക് പഴയ തമിഴില്‍ ഉള്ളതും ഇപ്പോള്‍ അധികം പേര്‍ക്ക് അറിയാത്തതുമായ വാക്കാണ്. തമിഴും മലയാളവും വളരെ അടുത്തു കിടക്കുന്നെങ്കിലും വിവര്‍ത്തനത്തില്‍ ഒരുപാട് തടസ്സങ്ങള്‍ കിടക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു. എങ്കിലും മൃച്ഛകടികത്തിലെ കള്ളന്‍ ബ്രാഹ്മണന്‍ പറഞ്ഞപോലെ ‘പുലരുമ്പോള്‍ ആരും കുറ്റം പറയാത്ത രീതിയില്‍’ ഞാനും ബാലുവും പുസ്തകമിറക്കി.

കെ. സി. നാരായണന്‍ ഒരു കഥ പറയും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു വിഖ്യാതന്റെ ആത്മകഥ വരുന്നു. ഇന്നത്തെപ്പോലെ ഡി.ടി.പിയൊന്നുമല്ല. അു നിരത്തലാണ്. ഒന്നാം അദ്ധ്യായത്തിന്റെ നാലാം പേജ് ആയപ്പോഴേക്കും കമ്പോസിറ്റര്‍ ചേട്ടന്‍ വന്നു പറഞ്ഞുവത്രെ.: ‘സര്‍, ‘ഞ’ തീര്‍ന്നു പോയി.’ അത്രയധികം ‘ഞാന്‍’ വാചകങ്ങളിലുണ്ടായിരുന്നു എന്നര്‍ത്ഥം. ഇവിടെയും ഡി.ടി.പി. അല്ലെങ്കില്‍ ‘ഞ’ തീര്‍ന്നു പോയേനെ. അതില്‍ വലിയ കുറ്റവും കുറവും കാണേണ്ടതില്ല.

വെറുതെ ഒരാള്‍ കയറി നമ്മളെയൊക്കെ ചരിത്രത്തില്‍ നിന്ന് പുറത്താക്കാന്‍ നോക്കുമ്പോഴാണല്ലോ, ഈ ‘ഞ’ എഴുന്നേറ്റു നിന്ന് അതിനെ തടുക്കുക. അതുവേണം. തടുക്കണം, വേണമെങ്കില്‍ തല തിരിച്ചിടണം, തകര്‍ക്കണം. അല്ലെങ്കില്‍ പിന്നെ ഭാഷയിലെന്തിനാണൊരു ‘ഞ’?

Related article:

അഞ്ച് കാലുള്ള അദ്ധ്യാപകന്‍

കടപ്പാട്: മലയാളനാട്‌

Key Words: Milakukodikal VS Anilkumars article Keraleeyam, Sachithanandan,Sachi mash, Azheekode, Sukumar Azhikode, Cultural Criticism, V S Anilkumar

Malayalam News

Kerala News in English

Tagged with:

6 Responses to “മിളകുകൊടികള്‍”

 1. Parethan

  പൈങ്കിളി കഥാകാരാ ഇത് മാസികയില്‍ സച്ചി വിശദീകരിച്ചിരുന്നല്ലോ. താന്‍ നാണമില്ലാത് പുസ്തകവും അയച്ചു കൊടുത്ത്. എന്നിട് ഇപ്പോള്‍ ഇങ്ങനെയും ഒരു കരച്ചില്‍. നര വീണിട്ടും ബഹുമാനം കിട്ടാത്തതിന്റെ വിഷമം ആണോ?

 2. jayan

  പ്രവാസി എഴുത്തുകാര നല്ല നമസ്കാരം …..വെറുതെ അസൂയയ പെട്ടിട്ടു കാര്യമില്ല ..പുതിയ എഴുത്തുകാരുടെ കവിതകള്‍ക്ക് പ്രൊമോഷന്‍ കൊടുക്കാന്‍ സച്ചിദാനന്ദന്‍ കാണിക്കുന്ന താത്പര്യം തനിക്കറിയില്ലേ? അയാള്‍ നല്ല കവിയനെന്നതിനു എന്റെയും നിന്റെയും സര്ട്ടിഫിക്കട്റ്റ് ആവശ്യമില്ല ..നിന്റെ പിതാവ് മഹാനായ വ്യക്തിയും എഴുത്തുകാരനും ആണ്. അത് നിനക്കും ഉണ്ട് എന്ന് ധരിക്കരുത് …അച്ഛന്‍ ആനപ്പുറത് ഇരുന്നാല്‍ …….തഴമ്പ് തപ്പി നോക്കണ്ട ….

 3. shalini padma

  ഒരു കവിയ്ക്കു പാര്‍ട്ടിയെ തകര്‍ക്കാന്‍ സാധിക്കില്ല- പക്ഷെ പാര്‍ട്ടി സെക്രട്ടറിയ്ക്ക് സാധിയ്ക്കും -(കെ സി ഉമേഷ്‌ ബാബു )
  പാര്‍ട്ടിയ്ക്ക് എം എന്‍ വിജയനെ തകര്‍ക്കാന്‍ സാധിക്കില്ല- മകന് സാധിയ്ക്കും.
  ——————————
  ചെയ്യാതിരിയ്ക്കുക.

 4. prakashan kp

  പ്രതിഭയുള്ളവര്‍ നല്ല കഥകള്‍ എഴുതി പേര് കേള്‍പ്പിക്കും ,അതില്ലാത്തവര്‍ മനസ്സിനുള്ളിലെ കാളകൂട വിഷം ചര്‍ദ്ടിച്ചും ,പെരുവഴിയില്‍ മല വിസര്‍ജ്ജനം നടത്തിയും പേര് കേള്‍പ്പിക്കാന്‍ ശ്രമിക്കും !രണ്ടാമത്തെ ഇനങ്ങളെ പേറി നടക്കാന്‍ നാട്ടില്‍ കുറെ വേറിട്ട മാധ്യമങ്ങളും ,കാക്കതൊള്ളായിരം ‘അച്ഛന്‍’ ഫാന്സുകളും നിരന്നു നില്‍ക്കുമ്പോള്‍ പിന്നെ പുന്നാര മക്കള്‍ എന്തിനു ഭയപ്പെടണം ! പുലയാട്ടുകള്‍ തുടരട്ടെ … കേരളീയം വളരട്ടെ …………

 5. umerkutty

  സച്ചിദാനന്ദന്‍ നല്ലകവിയാണ് എന്നതുപോലെ തന്നെ വി എസ് അനില്‍കുമാര്‍ നല്ല കഥ എഴുതുന്ന ആളും ആണ് ,കവിത ഞാന്‍ അങ്ങിനെ ശ്രദ്ധിക്കുക ഉണ്ടായിട്ടില്ല ,ഈ കുറിപ്പില്‍ പോലും എഴുത്തിന്റെ രസ രാസത്വരകങ്ങള്‍ കാണാന്‍ ഉണ്ട് , ആണ്ടി നല്ല അടിക്കാരന്‍ ആണ് എന്ന് ആണ്ടി തന്നെ പറയുന്നത് , ആലത്മ വിശ്വാസത്തിന്റെ പ്രകടനം അല്ലാതെ മറ്റൊന്നായി കരുതുക വേണ്ട ,അങ്ങിനെ പറയാന്‍ രണ്ടുപേര്‍ക്കും അവകാശവും ഉണ്ട് ,അതുവായനക്കാര്‍ വകവച്ച്ചുത്രം എന്നെ ഉള്ളൂ …

 6. challiyan veettil padmanabhan

  പാര്‍ട്ടി സെക്രട്ടറിയെയും അതിലൂടെ പാര്‍ട്ടിയെയും തകര്‍ക്കാമെന്ന് വ്യാമോഹിച്ച കവിയും , അച്ഛനും, മകനും ഒക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു ചുക്കും സംഭവിച്ചില്ല ,കുറച്ചു പേരെ കോണ്‍ഗ്രസ്സാക്കി എന്നതൊഴിച് ,കുറച്ചു പുത്തി ജീവികള്‍ക്ക് ബൂര്‍ഷ്വാമാധ്യമങ്ങളുടെ അടുക്കളയില്‍ പണി കിട്ടി എന്നതൊഴിച് ,ഒരു പുണ്ണാക്കും സംഭവിച്ചില്ല… .! ആള്‍ ദയിവങ്ങളും ഫാന്‍സ്‌ ക്ലബ്ബുകളും ഉണ്ടാക്കി ‘പയ്ന്കിളി ബദല്‍’ തീര്‍ത്ത മഹാ വിപ്ലവകാരികളുടെ മേല്‍വിലാസം തന്നെ ഇല്ലാതായിരിക്കുന്നു ഇപ്പോള്‍! പാഠം മാസികയും അധിനിവേഷ പ്രതിരോധ സമിതിയും ,ഇടതുപക്ഷ ഏകോപന സമിതിയും , ഒഞ്ചിയം റവലൂഷനും ,ഒക്കെ ഉണ്ടാക്കിയവരുടെ അസ്തിത്വം തന്നെ ഇല്ലാതായിരിക്കുന്നു ! ഇതൊന്നും തകര്‍ത്തത് പാര്‍ട്ടി സെക്രടറി അല്ല ,കേരളത്തിലെ ഇടതുപക്ഷ മനസ്സുള്ള ജനത തന്നെയാണ് എന്നോര്‍ക്കുക ………….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.