എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ മേരി ഒളിംപിക്‌സ് യോഗ്യത നേടി
എഡിറ്റര്‍
Saturday 19th May 2012 9:00am

ക്യുന്‍യാന്‍ഗ്‌ഡോ(ചൈന): ഇന്ത്യയുടെ വനിതാ ബോക്‌സിംഗ് താരം മേരി കോം ലണ്ടന്‍ ഒളിമ്പിക്‌സിനു യോഗ്യത നേടി. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോമിനെതിരെ ക്വാര്‍ട്ടറില്‍ വിജയം കണ്ട ഇംഗ്ലണ്ടിന്റെ നിക്കോള ആദംസ് സെമിയില്‍ റഷ്യയുടെ എലീന സാവെല്‍യേവയ്‌ക്കെതിരെ 11-6ന് വിജയിച്ചതോടെയാണ് മേരികോമിന് 51 കിലോഗ്രാം വിഭാഗത്തില്‍ ലണ്ടനില്‍ മല്‍സരിക്കാന്‍ അവസരമൊരുങ്ങുന്നത്.

ഒളിമ്പിക്‌സിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് മേരികോം.  നികോള ആഡംസ് മേരി കോമിനെ ക്വാര്‍ട്ടറില്‍ 13-11 എന്ന സ്‌കോറിനു തോല്‍പ്പിച്ചിരുന്നു. ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മേരി കോമിനു മെഡല്‍ നേടാതെ മടങ്ങേണ്ടി വരുകയും ചെയ്തിരുന്നു.

ഏഷ്യയ്ക്ക് ഈ വിഭാഗത്തിലുള്ള രണ്ടു ക്വോട്ട സ്ഥാനങ്ങളിലൊന്ന് നേരത്തേതന്നെ ചൈനയുടെ ഏഷ്യന്‍ ഗെയിംസ് ജേതാവ് റെന്‍ കന്‍കന്‍ സ്വന്തമാക്കിയിരുന്നു. മേരിയെ നിക്കോള തോല്‍പ്പിച്ചപ്പോള്‍ ഉത്തരകൊറിയയുടെ ഹൈ കിം റഷ്യയുടെ സാവെല്‍യേവയോട് തോറ്റു. സെമിയില്‍ നിക്കോളയും സാവെല്‍യേവയും തമ്മിലുള്ള പോരാട്ടത്തില്‍ നിക്കോള ജയിച്ചതോടെ ഏഷ്യയില്‍നിന്നുള്ള രണ്ടാം ക്വോട്ട മേരിക്കു സ്വന്തമായി.

60 കിലോ വിഭാഗത്തില്‍ ഒളിമ്പിക് യോഗ്യതാ പ്രതീക്ഷയുണ്ടായിരുന്ന എല്‍. സരിതാ ദേവി നിരാശ ബാക്കിയാക്കി. സരിതാ ദേവിയെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച നതാഷ ജോണാസ് സെമിയില്‍ തോറ്റതാണു തിരിച്ചടിയായത്. 75 കിലോ വിഭാഗത്തില്‍ പൂജാ റാണി ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 51 കിലോ, 60 കിലോ, 75 കിലോ ഇനങ്ങളിലാണ് വനിതാ ബോക്‌സിംഗ് ഒളിമ്പിക് മത്സരങ്ങള്‍. ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായാണ് വനിതാ ബോക്‌സിംഗ് മത്സരയിനമാകുന്നത്.

Advertisement