Administrator
Administrator
മാലാഖമാരുടെ സമരങ്ങളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്
Administrator
Sunday 4th March 2012 6:30pm

NURSES STRIKES...

എസ്സേയ്‌സ് / ഉമേഷ്ബാബു കെ സി

ഉമേഷ്ബാബു കെ സി, K C UMESHBABUപില്‍ക്കാല മുതലാളിത്തം (late capitalism) എന്ന് മുമ്പറിയപ്പെട്ടിരുന്ന, നവലിബറല്‍ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത, സേവനമേഖലയുടെ ആനുപാതികമല്ലാത്ത ബൃഹദ്‌വളര്‍ച്ചയാണ്. സമ്പദ് വ്യവസ്ഥയുടെ പ്രാഥമികമേഖലയായ കൃഷിയേയും ദ്വിതീയ മേഖലയായ വ്യവസായത്തേയും മറികടക്കുകയാണെന്ന് തോന്നിപ്പിക്കുന്ന നിലയിലൊരു വളര്‍ച്ചയാണ്, പുതിയകാലത്ത്, തൃതീയമേഖലയായ സേവന മേഖലയ്ക്ക് ഉണ്ടായിട്ടുള്ളത്.

വൈജ്ഞാനിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായിത്തീരുന്ന എല്ലാ വികാസവും സേവനമേഖലയുടെ നിരന്തരമായ പരിപോഷണത്തിന്റെ ഉറവിടമായിത്തീരുകകൂടി ചെയ്യുന്നുണ്ട്. എന്തു പുതിയ കണ്ടെത്തലും, മറ്റൊരു പുതിയ സേവനവ്യവസായ സംരഭമായിത്തീരുന്നതിന്റെ ഗതിവേഗം, ആധുനീകരണകാലഘട്ടം മുതല്‍ ഇതുവരേയും സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വസ്തുതാപരമായി പരിഗണിക്കുമ്പോള്‍, ദ്വിതീയ മേഖലയായ വ്യവസായ പ്രവര്‍ത്തനങ്ങളുടെ അനുബന്ധവും അവിഭാജ്യഭാഗവുമാണ് സേവനമേഖല. പഴയകാലത്ത്, വീട്ടങ്കണങ്ങളിലും, പൊതുകൂട്ടായ്മകളിലുമായി പരസ്പര സഹകരണത്തിലൂടെയും സഹായത്തിലൂടെയും നിര്‍വഹിക്കപ്പെട്ടിരുന്ന പലതരം ജീവിത ക്ഷേമാവശ്യങ്ങളുടെ വ്യാവസായികമായ നിര്‍മ്മാണഘടനയാണ് സേവനമേഖലയുടെ ഉള്ളടക്കം. ഉദാഹരണത്തിന് പഴയകാലത്ത് പനിയുടെ ചികിത്സമുതല്‍ പ്രസവശുശ്രൂഷ വരെയുള്ള ശാരീരികമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മനുഷ്യരുടെ പരസ്പരാശ്രിത്വതത്തിലൂടെയുള്ള ഒരു ഗാര്‍ഹിക സേവനവൃത്തിയായിരുന്നുവെങ്കില്‍, ഇപ്പോഴത്, ആശുപത്രിയടിസ്ഥാനത്തിലുള്ള ഒരു സേവനവ്യവസായമായി മാറിയിരിക്കുന്നു.

ഉടമസ്ഥന്മാര്‍ വ്യക്തികളായിരുന്നാലും, കോര്‍പ്പറേറ്റുകളായി രുന്നാലും, മതസംഘടനകളാ യിരുന്നാലും, ആള്‍ദൈവങ്ങളായിരു ന്നാലും, രാഷ്ട്രീയകക്ഷി കളായിരുന്നാലും, തൊഴില്‍ സാഹചര്യങ്ങളില്‍ മാത്രം, ഈ മേഖലയില്‍ വ്യത്യാസങ്ങളൊന്നു മുണ്ടായിരുന്നില്ല.

മനുഷ്യര്‍ക്കിടയിലെ വെറും പരസ്പരവിനിമയം മുതല്‍ വ്യക്തിജീവിതത്തിലെ ആഘോഷങ്ങളുടെ നടത്തിപ്പുവരെയുള്ള എല്ലാമെല്ലാം, ധനപരമായ വമ്പന്‍ ക്രയവിക്രയങ്ങളിലൂടെ മാത്രം നടക്കുന്ന സേവനവ്യാപാരങ്ങളായിത്തീര്‍ന്നു കഴിഞ്ഞു. മുതലാളിത്ത വ്യവസ്ഥയ്ക്ക് കീഴില്‍ സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങള്‍, ഇങ്ങനെ ചരക്കുവല്ക്കരിക്കപ്പെടുന്നതിന്റെ അപകടത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ മുമ്പുമുതലേ ലോകത്തുണ്ടായിരുന്നു. ക്ലാസ്സിക്കല്‍ മുതലാളിത്ത കാലഘട്ടം, ഇക്കാര്യത്തില്‍ ഉണ്ടാക്കിത്തീര്‍ത്ത വിവരണാതീതമായ ദുരന്തങ്ങള്‍ പിന്നീടു വന്ന മുതലാളിത്ത സൈദ്ധാന്തികന്മാരെപ്പോലും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ച കാര്യം പ്രസിദ്ധമാണ്.

സേവന – ക്ഷേമപ്രവര്‍ത്തനങ്ങളെ വലിയൊരളവ് ഭരണകൂട ഉത്തരവാദിത്തമായി ഉറപ്പിച്ചുപറഞ്ഞ ബൂര്‍ഷ്വാ ജനാധിപത്യകാഴ്ചപ്പാടുകള്‍ ലോകത്ത് വികസിച്ചുവരികയും പ്രായോഗിക രൂപമാര്‍ജ്ജിക്കുകയും ചെയ്തത് അങ്ങനെയാണ്. മനുഷ്യര്‍ക്ക് മുതല്‍ മൃഗങ്ങള്‍ക്ക് വരെയുള്ള ആശുപത്രികളും ആതുര ചികിത്സാ വ്യവസ്ഥകളും രൂപപ്പെടുകയും അവയെല്ലാം പൊതുവില്‍ സര്‍ക്കാരിന്റെ സാമ്പത്തികവും ഭരണപരവുമായ നിയന്ത്രണത്തില്‍ ആയിരിക്കുകയും ചെയ്തതിനു പിറകില്‍ ഇങ്ങനെയൊരു ചരിത്രമുണ്ട്. എന്നാല്‍, നവലിബറല്‍ കാലഘട്ടം കൃത്യമായും ഈയൊരു മാനുഷിക വ്യവസ്ഥയെയാണ് തകര്‍ത്തെറിഞ്ഞത്.

മനുഷ്യരുടെ ആതുര ശുശ്രൂഷാരംഗം പോലെ ജീവത്തായ ഒന്നിനെപ്പോലും അവര്‍ ഹൃദയശൂന്യമായ മൂലധന പ്രവര്‍ത്തനങ്ങളുടെ ദാക്ഷിണ്യത്തിനായി വിട്ടുകൊടുത്തു. ഈ പുതിയകാലത്ത്, സേവന പ്രവര്‍ത്തനങ്ങളുടെ ഈ തൃതീയ മേഖല, ദൈനംദിനം വളര്‍ന്നുവെന്നു മാത്രമല്ല, ഈ വളര്‍ച്ച മുഴുവനും നിയന്ത്രിച്ചത് കമ്പോളശക്തികളും അവരുടെ കഴുത്തറുപ്പനായ ലാഭം കൊയ്യല്‍ യുക്തികളുമായിരുന്നു. തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ചയും വലിയ ലാഭവുമെന്ന മൂലധനലക്ഷ്യമല്ലാതെ മറ്റൊരു മാനുഷികതാല്പര്യവും സേവനമേഖലയില്‍ പിന്നീടൊരിക്കലും കാണുകയുണ്ടായില്ല.

വിദ്യാഭ്യാസം, ആതുരസേവനം, പരസ്പരവിനിമയം, പൊതുഗതാഗതം വിനോദ നിര്‍മ്മാണം എന്നുതുടങ്ങിയുള്ള സേവനമേഖലയുടെ എല്ലാതുറകളിലും അപമാനവീകരണത്തിന്റെ കുത്തൊഴുക്ക് മാത്രമാണ് പിന്നീടുണ്ടായത്. സേവനമേഖലയില്‍, കേരളത്തിലും കാര്യങ്ങള്‍ ഈ ഒരൊറ്റ വഴിക്കുതന്നെയാണ് നീങ്ങിയത്. പണം നിയന്ത്രിക്കുകയും, പണം കൊയ്യുകയും ചെയ്യുന്നൊരേകമുഖ പ്രവര്‍ത്തനമായി ഇതെല്ലാം പന്തലിച്ചു.

STUDY ON NURSES SURVAY -A MARXIST STDY OF NYRSES ISSUEഎല്ലാ രാഷ്ട്രീയകക്ഷികളും എല്ലാ സാമൂഹ്യ സംവിധാനങ്ങളും പൊതുവേദികളില്‍ എന്തൊക്കെ പറഞ്ഞാലും, പ്രായോഗികമായി ഈ വ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്ന ഏജന്‍സികളായാണ് കേരളത്തിലും പ്രവര്‍ത്തിച്ചുപോന്നത്. പ്രതിപക്ഷത്തിരിക്കെ ഈയവസ്ഥക്കെതിരെ സമരം ചെയ്ത രാഷ്ട്രീയകക്ഷികളും പിന്നെ ഭരണത്തിലെത്തുമ്പോള്‍ ഇതിന്റെ വിശ്വസ്ത നടത്തിപ്പുകാരായി തീര്‍ന്ന വിപര്യയം, ഒരു പക്ഷെ, ഇക്കാര്യത്തിലെ ഒരു തനത് കേരളീയ മാതൃകയുമായിരിക്കണം.

സേവനമേഖലയുടെ ഈ വിപുലമായ സ്വകാര്യവല്‍ക്കരണം, ഏറ്റവും വലിയ ഇരകളാക്കിയത് ആ മേഖലയിലെ തൊഴിലാളികളെത്തന്നെയായിരുന്നു. സുസംഘടിതമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘചരിത്രമുള്ള പൊതുഗതാഗത മേഖലയേയും മറ്റും ഒഴിച്ചുനിര്‍ത്തിയാല്‍ സേവനമേഖലയിലെ മറ്റെല്ലാം തുറകളിലേയും, ജീവനക്കാര്‍ എന്ന ഓമനപ്പേരുള്ള തൊഴിലാളികള്‍ കൊടിയ ചൂഷണത്തിനാണ് വിധേയരായിത്തീര്‍ന്നത്. സേവനപരവും, വേതനപരവുമായ രണ്ടു നിലകളിലും അവര്‍ അടിമകളാക്കപ്പെട്ടു.

ഏറ്റവും കുറഞ്ഞ വേതനത്തിന് ഏറ്റവുംകൂടുതല്‍ സമയം അദ്ധ്വാനിക്കേണ്ടിവരുന്ന മിണ്ടാപ്രാണികളും അസംഘടിതരുമായ തൊഴിലാളികളുടെ ഒരു വലിയ വിഭാഗമാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത്. ഉടമസ്ഥന്മാര്‍ വ്യക്തികളായിരുന്നാലും, കോര്‍പ്പറേറ്റുകളായിരുന്നാലും, മതസംഘടനകളായിരുന്നാലും, ആള്‍ദൈവങ്ങളായിരുന്നാലും, രാഷ്ട്രീയകക്ഷികളായിരുന്നാലും, തൊഴില്‍ സാഹചര്യങ്ങളില്‍ മാത്രം, ഈ മേഖലയില്‍ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു  തൊഴില്‍ സുരിക്ഷിതത്വുമില്ലാതെ, തരുന്ന കൂലിക്ക് പറയുന്ന സമയം മുഴുവന്‍ അദ്ധ്വാനിക്കേണ്ടി വരുന്ന കൂലിയടിമകളുടെ വന്‍വ്യൂഹം.

കേരളത്തിലെ ആശുപത്രി വ്യവസായമായിരുന്നു ഈ വിഷമയവ്യവസ്ഥയുടെ ഏറ്റവും വലുതും സമഗ്രവുമായ ഉദാഹരണം. ഇവിടുത്തെ അധികാരവ്യവസ്ഥയുമായി പലനിലയില്‍ ബന്ധപ്പെട്ടിരിക്കുന്ന സകലരുമാണ് ഈ ആശുപ്രതികളുടെ നടത്തിപ്പുകാര്‍. മതസംഘടനകള്‍ മുതല്‍ രാഷ്ട്രീയകക്ഷികള്‍ വരെയുള്ള സകലബൂര്‍ഷ്വാ അധികാരക്കോമരങ്ങളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നുണ്ട്. എന്നുമാത്രമല്ല, കേരളത്തിലെ ഏതു മതസംഘടനയും ആള്‍ദൈവവും സൃഷ്ടിക്കപ്പെട്ടാല്‍ അവര്‍ ഏറ്റവുമാദ്യം ചെയ്യുന്ന കാര്യം വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിക്കുകയാണെന്നായിട്ട് കാലം കുറെയായി.

NURSES STRIKE A MARXIST SUDY BY UMESHBABU KC

സാമൂഹ്യസേവനത്തിലേര്‍പ്പെടുകയാണെന്നു നടിച്ചുകൊണ്ട്, സമൂഹത്തെ കൊള്ളയടിക്കുന്ന വെറും മൂലധനപ്രവര്‍ത്തനമാണ് അതുവഴി അവര്‍ നടത്തിപ്പോരുന്നതും. വ്യവസ്ഥാപിതമായ ഈ സാമൂഹ്യചൂഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നവരും, സ്വയം ഇതില്‍ ഏര്‍പ്പെടുന്നവരുമാണ്, കേരളത്തിലെ പ്രധാനരാഷ്ട്രീയ കക്ഷികളെല്ലാമെന്നതിനാല്‍ ഈ ചൂഷണങ്ങള്‍ക്കെതിരായ ശക്തമായ പൊതുവിമര്‍ശനങ്ങളൊന്നും കേരളത്തില്‍ കെട്ടിപ്പടുക്കപ്പെടുകയുണ്ടായില്ല. അതുകൊണ്ട്, കൊടിയ സാമ്പത്തിക-സേവന ചൂഷണത്തിനു വിധേയരാകുന്ന പൊതുസമൂഹവും, ഈ മേഖലയിലെ തൊഴിലാളി വിഭാഗങ്ങളും വിധിവിഹിതം പോലെ ഈയവസ്ഥയെ സഹിക്കുകയാണ് ഇതുവരെ ചെയ്തത്.

എന്നാല്‍, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അക്ഷരാര്‍ത്ഥത്തില്‍ ജീവദായകവുമായ ഈ തൊഴില്‍ മേഖലയിലെ നിര്‍ലജ്ജമായ തൊഴില്‍ ചൂഷണത്തിന്റെ ഈ ആസൂത്രിതമായ ശാന്തി ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും ചൂഷിതരും അസംഘടിതരുമായ നേഴ്‌സുമാര്‍, യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ തുടങ്ങിയ പുതിയ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്കുകയും സമരം ചെയ്യുകയും പലേടത്തും അല്പമെങ്കിലും അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന, ആശാപൂര്‍ണ്ണവും ആവേശകരവുമായ ഈ പുതിയ സംഭവവികാസം, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തിലെ സാമൂഹ്യജീവിതത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയമായൊരു ചലനമാണെന്ന് ഈ ലേഖകന്‍ കരുതുന്നു.

കാരണം, ഒന്നാമതായി, പൂര്‍ണ്ണമായും ജീര്‍ണ്ണിച്ചു കഴിഞ്ഞ ഇവിടുത്തെ രാഷ്ട്രീയകക്ഷികളെ മറികടന്നുകൊണ്ടുള്ളൊരു സാമൂഹ്യ നീക്കമായിത്തീരാന്‍ ഈ സമരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാമതായി, നിലച്ചുപോയെന്ന് സാമ്പ്രദായിക കമ്മ്യൂണിസ്റ്റുകളുള്‍പ്പെടെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വര്‍ഗ്ഗസമരപ്രക്രിയ എങ്ങനെയാണ് നമ്മുടെ സമൂഹത്തില്‍പ്പോലും ഒരു ചാലകശക്തിയായി ഇപ്പോഴും വര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ അസാധാരണ സമരത്തിന് കഴിഞ്ഞു.

മൂന്നാമതായി, നീതിക്കുവേണ്ടി പൊരുതാനുള്ള വീര്യത്തിന്റെ കേരളീയ പാരമ്പര്യം മുഴുവനും തകര്‍ന്നുപോയിട്ടില്ലെന്ന് ഇവിടുത്തെ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ വെളുത്ത യൂണിഫോമിട്ട ഈ കുട്ടികളുടെ ത്യാഗബുദ്ധിക്കും സാഹസികതയ്ക്കും ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, രാഷ്ട്രീയമായി മുഴുവനായും ജീര്‍ണ്ണിച്ചുകഴിഞ്ഞ സമകാലിക കേരളത്തിന്റെ ആഘോഷത്തിമിര്‍പ്പുകള്‍ക്കും പൊങ്ങച്ചപ്രകടനങ്ങള്‍ക്കും നടുവില്‍ നിന്നുയരുന്ന വേദനയുടെയും രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും ഈ ചെറിയ ശബ്ദത്തിന് കാതുകൊടുക്കാനുള്ള വലിയ ഉത്തരവാദിത്തം ഇപ്പോള്‍ ഇവിടുത്തെ മനുഷ്യസ്‌നേഹികള്‍ക്കെല്ലാമുണ്ട്.

എന്തുകൊണ്ടെന്നാല്‍, വേദനിക്കുകയും കഷ്ടപ്പെടുകയും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രോഗികള്‍ക്കെല്ലാം ആശ്വാസത്തിന്റേയും ഔഷധത്തിന്റെയും സാന്ത്വനത്തിന്റെയും സ്പര്‍ശവുമായി ഓടി നടക്കുന്ന നഴ്‌സിങ്ങ് തൊഴിലാളികളെപ്പോലും കൊള്ള ചെയ്യാന്‍ മടിക്കാത്ത ഹീനവും മനുഷ്യത്വവിരുദ്ധവുമായ നവലിബറല്‍ മുതലാളിത്തമാണ് ഇപ്പോള്‍, കേരളത്തെയും നിയന്ത്രിക്കുന്നതെന്ന് ഈ സമരം, നമ്മെ പഠിപ്പിക്കുന്നു.

തൊണ്ണൂറ്റൊമ്പത് ശതമാനം മനുഷ്യരേയും ജീവിക്കാനനുവദിക്കാത്ത, ഒരു ശതമാനം പേരുടെ അതിരില്ലാത്ത ആര്‍ത്തിയാണ്, ഇപ്പോഴത്തെ ലോകത്തിന്റെ യഥാര്‍ത്ഥമായ പ്രശ്‌നമെന്ന്, വാള്‍സ്ട്രീറ്റ് കൈയടക്കല്‍ പ്രക്ഷോഭകാരികളെപ്പോലെ ഈ ചെറുപ്പക്കാരികളും ചെറുപ്പക്കാരും നമ്മെ ശക്തമായി ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

Key Words: NURSES ISSUE, NURSES STRIKE, STUDY ON NURSES STRIKE, MARXIST STUDY OF NURSES STRIKES IN INDIA AND KERALA, K C UMESHBABU

Malayalam Article

Kerala News in English

Advertisement