എഡിറ്റര്‍
എഡിറ്റര്‍
എനിക്കൊരു സ്വപ്‌നമുണ്ട്
എഡിറ്റര്‍
Tuesday 3rd April 2012 11:01pm

എഡിറ്റോ-റിയല്‍/ ബാബുഭരദ്വാജ്

ഇന്ന് ഏപ്രില്‍ 4.  ഇന്നേയ്ക്ക് കൃത്യം 44 കൊല്ലം മുന്‍പാണ് മെംഫിസ് നഗരത്തിലെ ഒരു ഹോട്ടലിന്റെ വരാന്തയില്‍വെച്ച് വംശവെറി മൂത്ത ഒരു വെള്ളക്കാരന്റെ വെടിയേറ്റ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് രക്തസാക്ഷിയായത്. 1929 ജനുവരി 15ന് ജനിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രായം അന്ന് നാല്‍പത് തികഞ്ഞിരുന്നില്ല. രക്തസാക്ഷിയാവുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് 1963 ആഗസ്റ്റ് 28നാണ് ലോകചരിത്രത്തിലെ ഏറ്റവും ജ്വലിക്കുന്ന പ്രസംഗങ്ങളിലൊന്നായ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ‘എനിക്കൊരു സ്വപ്‌നമുണ്ട്’  എന്ന പ്രസംഗം  ലോകം കേട്ടത്. അമേരിക്കന്‍ ഐക്യ സംസ്ഥാനങ്ങളുടെ അധികാരകേന്ദ്രത്തിലേക്ക്, വാഷിങ്ടണ്ണിലേക്ക്, വാഷിങ്ടണ്‍ ഡിസിയിലേക്ക്, വാഷിങ്ടണ്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലേക്ക് അരലക്ഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്താണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് (ജൂനിയര്‍)  ഈ ചരിത്രപ്രഖ്യാപനം നടത്തിയത്.

എല്ലാവരും ഊന്നിപ്പറയുന്നതുപോലെ കറുത്തവരുടെ മാര്‍ച്ച് ആയിരുന്നില്ല അത്. കറുത്തവരും വെളുത്തവരും ചുവന്നവരും  മഞ്ഞ നിറക്കാരുമൊക്കെയടങ്ങുന്ന ഒരു ജനസഞ്ചയമായിരുന്നു അത്. അമേരിക്കന്‍ പൗരാവലിയുടെ ഒരു ക്രോസ് സെക്ഷന്‍. 1965 ഡിസംബര്‍ ഒന്നാം തീയ്യതി കറുത്ത വംശജയും അമേരിക്കന്‍ വംശവെറിക്കെതിരെ ആദ്യത്തെ തീപ്പന്തം കൊളുത്തിയവളുമായ റോസ പാര്‍ക്‌സിന്റെ സമരത്തിന്റെ പടത്തലവനായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്.

ബസ്സില്‍ ഒരു വെള്ളക്കാരന് സീറ്റ് ഒഴിച്ച് കൊടുക്കാത്തതിന്റെ പേരില്‍ റോസ്പാര്‍ക്‌സിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഇതേതുടര്‍ന്ന് മോണ്‍ട് ഗോമറിയിലെ ജനങ്ങള്‍ ബസ്സുകള്‍ ബഹിഷ്‌കരിച്ചു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ അറസ്റ്റുചെയ്ത് കാരാഗൃഹത്തിലടച്ചു. അമേരിക്കക്കാര്‍ ഏറ്റവും കേട്ടതും പുകഴ്ത്തിയാടിയ ജോണ്‍ എഫ് കെന്നഡിയുടെ കാലത്താണ് നീഗ്രോകള്‍ പുഴുക്കളെപ്പോലെ ജീവിച്ചത്. ചരിത്രം  അത്രയേറെ വാഴ്ത്താതെ ലിണ്ടന്‍ ഡി ജോണ്‍ഡണ്‍ എന്ന അമേരിക്കന്‍ പ്രസിഡന്റാണ് നീഗ്രോകള്‍ക്ക് തുല്യാവകാശം നല്‍കുന്ന നിയമത്തില്‍ തുല്യം ചാര്‍ച്ചിയത്.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ബലിതര്‍പ്പണം കഴിഞ്ഞ് കൃത്യം നാല്‍പത് കൊല്ലം കഴിഞ്ഞപ്പോഴാണ് കറുത്ത വംശജനായ ഒബാമ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു ബസ്സില്‍ ഇരിക്കാന്‍പോലും അധികാരവും അവകാശവും ഇല്ലാതിരുന്ന ഒരു വംശത്തിലെ  ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റാവുന്നതും ലോകത്തിന്റെ അധികാരത്തിന്റെ ചെങ്കോലേന്തുന്നതും 1968 ഏപ്രില്‍ നാലിന് ചാറ്റല്‍ മഴ പെയ്തുകൊണ്ടിരുന്ന ടെന്നസ്സിയിലെ മെംഫിസ് നഗരത്തിലൊഴുകിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ രക്തം ഒരുനാള്‍ അധീശ വര്‍ഗത്തോട് കണക്ക് ചോദിച്ചതിനാലാണ്.

നിരാശയുടെ പര്‍വതത്തില്‍ നിന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കുഴിച്ചെടുത്ത ‘ പ്രതീക്ഷയുടെ ഒരു ശില’യായിരുന്ന കറുത്ത പ്രസിഡന്റിന്റെ അധികാരാരോഹണം അതെത്രത്തോളം സഫലമായി എന്നത് പരിശോധിക്കേണ്ട സമയവും ആയിക്കഴിഞ്ഞു. വ്യക്തിപരമായ ഒരു നേട്ടത്തിനപ്പുറത്താണ് ഒരു ജനതയുടെ പ്രതീക്ഷയും നേട്ടവും സാഫല്യവുമായി അതിനെ ഉയര്‍ത്താനും മാറ്റങ്ങള്‍ക്കൊരു ഊര്‍ജജ്വാലയാക്കി അതിനെ മാറ്റാന്‍ കഴിയുമോ എന്ന കാര്യവും വിശകലനം ചെയ്യേണ്ടതുണ്ട്.

1963 ആഗസ്റ്റ് 28ാം തീയ്യതി വാഷിങ്ടണ്ണിലെ ലിങ്കണ്‍ സ്മാരകത്തിന്റെ വലിയ നിഴലിന് ചുവട്ടില്‍ നിന്ന്‌ മാര്‍ട്ടിന്‍ലൂഥര്‍കിങ് ‘ നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഏറ്റവും മഹത്തായ പോരാട്ടമായി ചരിത്രത്തില്‍ ഈ ദിവസം അറിയപ്പെടുന്നുവെന്ന് പറഞ്ഞതായിരുന്നു തുടക്കം. അബ്രഹാംലിങ്കണ്‍ അടിമകളെ വിമോചിപ്പിച്ച്‌കൊണ്ട് ഒപ്പുവെച്ച ചരിത്രപ്രഖ്യാപനത്തിന് ശേഷം നൂറുവര്‍ഷം കഴിഞ്ഞിട്ടും നീഗ്രോകള്‍ വിമോചിതരായില്ല. സമ്പന്നതയുടെ നടുവില്‍ ദരിദ്രരും അവഹേളിച്ചും ഒറ്റപ്പെട്ടവരുമായി അവര്‍ കഴിച്ചൂകൂടി. അത്തരം നാണംകെട്ട അവസ്ഥയെ തര്‍ത്തെറിയാനാണ് നമ്മളിവിടെ അണിനിരന്നിരിക്കുന്നത് ‘ എന്നാണ് മാര്‍ട്ടിന്‍ ലൂഥര്‍ പ്രഖ്യാപിച്ചത്.

അമേരിക്കന്‍ ഭരണഘടന എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും ജീവിതവും സ്വാതന്ത്രവും സന്തോഷം വരിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അമേരിക്കന്‍ പൗരന്മാരായ നീഗ്രോകള്‍ ഇതില്‍നിന്നൊഴിവാണ്.

ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള വാക്കുകള്‍ സംഗീതമാവുന്ന ആ പ്രസംഗത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ഒരു ചരിത്ര ദൗത്യം തന്റെ ജനതയെ ഓര്‍മിച്ചിരുന്നു.

‘ നീഗ്രോജനതയെ ഇന്ന് ആവേശിച്ചിരിക്കുന്ന അതിഗംഭീരമായ പോരാട്ടവീര്യം എല്ലാ വെളുത്തവരേയും അവിശ്വസിക്കുന്ന രീതിയിലേക്ക് നമ്മളെ നയിച്ചുകൂട. നമ്മുടെ ഒരുപാടു വെളുത്ത സഹോദരന്മാര്‍ അവരുടെ ഭാഗധേയം നമ്മുടെ ഭാഗധേയവുമായി ബന്ധിതമാണെന്ന് തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്, ഇവിടെ അവരുടെ സ്വാതന്ത്ര്യം നമ്മുടെ സ്വാതന്ത്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ തിരിച്ചറിയുന്നു.

‘ ഇന്നത്തേയും നാളത്തേയും ദുരന്തങ്ങളേറെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നതെങ്കിലും എനിക്കിന്നും ഒരു സ്വപ്‌നമുണ്ട്. അമേരിക്കന്‍ സ്വപ്‌നത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സ്വപ്‌നമാണത്.’

എല്ലാ മനുഷ്യരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണമെന്നാണ് കിങ് ആഹ്വാനം ചെയ്തത്.

‘ ഒരു നാള്‍ ജോര്‍ജിയയിലെ ചെമ്പന്‍ കുന്നുകള്‍ക്ക് മോളില്‍ മുന്‍പത്തെ അടിമകളുടെ സന്തതികളും മുന്‍പത്തെ ഉടമകളുടെ സന്തതികളും സാഹോദര്യത്തിന്റെ മേശയ്ക്കരികില്‍ ഒരുമിച്ചിരിക്കും’

‘ എനിക്കൊരു സ്വപ്‌നമുണ്ട്. ഒരുനാള്‍ എന്റെ നാല് പിഞ്ചോമനകുഞ്ഞുങ്ങളും ജീവിയ്ക്കുന്ന രാജ്യത്തില്‍ അവരുടെ തൊലിയുടെ നിറത്തിലല്ല അവരുടെ സ്വഭാവത്തിന്റെ കാതല്‍കൊണ്ടാണ് വിലയിരുത്തപ്പെടുക എന്ന്’

പ്രസംഗം അവസാനിക്കുന്നത് ഒരു പ്രവചനത്തിന്റെ ഉന്മാദത്തോടെയാണ്.

‘ അവസാനം നമ്മള്‍ സ്വതന്ത്രരായി

അവസാനം സ്വതന്ത്രരായി

ദൈവമേ നന്ദി, അവസാനം നമ്മളെല്ലാവരും സ്വതന്ത്രരായി’
ഡൂള്‍ ന്യൂസ് പ്രവചകതുല്യനായ ഈ മനുഷ്യവിമോചകന്റെ ധീരരക്തസാക്ഷിത്വത്തിന് മുന്‍പില്‍ ആദരവോടെ തലകുനിയ്ക്കുന്നു. അതോടൊപ്പം പടക്കളത്തില്‍ പോരാടിവീണ എല്ലാ മനുഷ്യസ്‌നേഹികളേയും ഞങ്ങള്‍ അനുസ്മരിക്കുന്നു.

Advertisement