എഡിറ്റര്‍
എഡിറ്റര്‍
കലക്ടറുടെ ആരോഗ്യനില മോശമെന്ന് മാവോവാദികള്‍, മധ്യസ്ഥനാവാന്‍ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍
എഡിറ്റര്‍
Tuesday 24th April 2012 11:30am

ന്യൂദല്‍ഹി: രണ്ടുദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഢിലെ സുക്മ ജില്ലാകളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ ആരോഗ്യനില മോശമാണെന്ന് മാവോവാദികള്‍ സര്‍ക്കാരിനെ അറിയിച്ചു. അലക്‌സിനുള്ള മരുന്നുകള്‍ മധ്യസ്ഥര്‍ ഉടന്‍ എത്തിക്കണമെന്നും മാവോവാദികള്‍ ആവശ്യപ്പെട്ടു. മേനോന്‍ ആസ്ത്മരോഗിയാണ്.

മാവോയിസ്റ്റുകളുടെ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നല്‍കിയ മധ്യസ്ഥരുടെ ലിസ്റ്റിലുള്ള കോണ്ട ജില്ലയിലെ എം.എല്‍.എ മനിഷ് കുഞ്ചം മരുന്നുമായി പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ താന്‍ തയ്യാറല്ലെന്ന് മനിഷ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞശനിയാഴ്ചയാണ് മാവോവാദികള്‍ കലക്ടറെ തട്ടിക്കൊണ്ടുപോയത്. ഏപ്രില്‍ 25 കളക്ടറെ മോചിപ്പിക്കാന്‍ നല്‍കിയ സമയപരിധി. മാവോവാദികള്‍ക്കെതിരായ ഹരിതവേട്ട നിര്‍ത്തിവെക്കണമെന്നും ജയിലിലുള്ള എട്ട് സഹപ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നുമാണ് മോചനത്തിന് മാവോവാദികള്‍ മുന്നോട്ടുവെച്ച ഉപാധികള്‍.

ഇതിനിടെ ബസ്തര്‍ മേഖലയിലെ മാവോവാദികള്‍ക്കെതിരായ സൈനികനടപടി നിര്‍ത്തിവെച്ചു. മാവോവാദികള്‍ നല്‍കിയ സമയപരിധിക്ക് മണിക്കൂറുകള്‍ മാത്രമവശേഷിക്കെയാണ് സര്‍ക്കാര്‍ തീവ്രവാദികളുടെ സുപ്രധാന ഉപാധികളിലൊന്ന് അംഗീകരിച്ചത്.

കളക്ടറെ മോചിപ്പിക്കുന്നതുവരെ മാവോവാദികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ സുരക്ഷാസേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കളക്ടറെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മധ്യസ്ഥരെ അയക്കാന്‍ മാവോവാദികള്‍ നിര്‍ദേശിച്ചിരുന്നു. പ്രശാന്ത് ഭൂഷണ്‍, ബി.ഡി. ശര്‍മ്മ, മനിഷ് കുഞ്ചം എന്നിവരെയാണ് മധ്യസ്ഥരായി മാവോവാദികള്‍ നിര്‍ദേശിച്ചത്. ഇതില്‍ പ്രശാന്ത് ഭൂഷണ്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്.

‘ ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ എനിക്കാവില്ല. നിബന്ധനകളില്ലാതെ മാവോയിസ്റ്റുകള്‍ ഉദ്യോഗസ്ഥനെ മോചിപ്പിക്കട്ടെ. ഇവരുടെ ചില ആവശ്യങ്ങളോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ഒരു ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി വിലപറയുന്ന രീതി ശരിയല്ല’ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

കളക്ടറെ സുരക്ഷിതമായി മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുകയാണെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു.

വിഷയം കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ കീഴില്‍ മന്ത്രിതല ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയശേഷം ഒരുവിവരവും പുറത്തുവരാത്തതുകാരണം ആശങ്കയിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യവിവരം അറിയാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും കളക്ടറുടെ ഭാര്യ ആഷ പറഞ്ഞു.

Malayalam News

Kerala News in English

Advertisement