പാറ്റ്ന: കസ്റ്റഡിയില്‍ എടുത്ത എട്ടു മാവോവാദികളെ വിട്ടയക്കാനും ഒപ്പറേഷന് ഗ്രീന്‍ഹണ്ട് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടും ബീഹാറിലെ ലാഖിസരായ് ജില്ലയില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയ പോലിസുകാരെ മോചിപ്പിക്കാനുള്ള അന്ത്യശാസനം വ്യാഴാഴ്ച രാവിലെ പത്തിന് അവസാനിച്ചു. ഇതോടെ ഇനിയെന്താണെന്ന് വ്യസനത്തിലാണ് പോലിസുകാരുടെ കുടുംബാംഗങ്ങള്‍.
ബുധനാഴ്ച നാലുമണിയായിരുന്നു മാവോവാദികള്‍ ആദ്യം പറഞ്ഞിരുന്ന സമയം. പിന്നീടത് വ്യാഴാഴ്ച രാവിലത്തേക്കു മാറ്റുകയായിരുന്നു. തട്ടികൊണ്ടുപോകപ്പെട്ട പോലിസുകാരെ മോചിപ്പിക്കാന്‍ അവരുടെ കുടുംബാഗംങ്ങള്‍ മാവോവാദികളോട് അപേക്ഷിക്കുന്നുണ്ട്.
നാലു പോലിസുകാരും സുരക്ഷിതരാണെന്ന് മാവോവാദികള്‍ അറിയിച്ചു. അടുത്ത നടപടി തങ്ങളുടെ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പോലിസുകാരെ കൊല്ലുമെന്നാണ് മാവോവാദികളുടെ ഭീഷണി. എന്നാല്‍ ആവശ്യം പരിഗണിക്കപ്പെടാതെയാണ് രണ്ടു ദിവസവും മാവോവാദികള്‍ നല്കിയ സമയം പൂര്‍ത്തിയായത്.
മുഹമ്മദ് എഹ്സാന്‍, രൂപേഷ് കുമാര്‍ സിന്‍ഹ, അഭയ്പ്രസാദ് യാദവ്, ലോക്കസ് തെത്തെ എന്നിവരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റുമുട്ടലിനിടെ തട്ടിക്കൊണ്ടു പോയത്. ഏറ്റുമുട്ടലില്‍ ഏഴു പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
