ഹുവാ ഹിന്‍ (തായ്‌ലന്‍ഡ്): ഇന്ത്യന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിശ്വാസ്യതയും പരസ്പര ബന്ധവും ഊട്ടിയുറപ്പിക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തി. ആസിയാന്‍ സമ്മേളനം നടക്കുന്ന ദസിത് താനി ഹോട്ടലില്‍ വെച്ച് രാവിലെ 10.30 ഓടെയായിരുന്നു കൂടിക്കാഴ്ച. വിവാദമായ അരുണാചല്‍ തര്‍ക്കം സംബന്ധിച്ച വിഷയം ചര്‍ച്ചയില്‍ വന്നില്ലെന്നാണ് അറിയുന്നത്. കൂടിക്കഴാച ഫലപ്രദമായിരുന്നെന്ന് മന്‍മോഹന്‍സിങ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ചൈനയുടെ അറുപതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ വെന്‍ ജിയാബോയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിനന്ദിച്ചു.

കൂടിക്കാഴ് ചൈനയും തമ്മില്‍ ആരോഗ്യകരവും ദൃഢവുമായ ബന്ധം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടിക്കഴ്ചക്ക് മുമ്പായി വെന്‍ ജിയാബോ പറഞ്ഞു. മന്‍മോഹന്‍ സിങ്ങുമായി അടുത്തു തന്നെ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായമന്ത്രി ആനന്ദ് ശര്‍മ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അന്താരാഷ്ട്ര വിഷയങ്ങളും മേഖലാപ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമായെന്നാണ് സൂചന. എന്നാല്‍ ദലൈലാമ വിഷയം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് അറിയുന്നു.

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് മന്‍മോഹന്‍സിങ് തായ്‌ലന്‍ഡില്‍ എത്തിയത്. അരുണാചല്‍ പ്രദേശ് സംബന്ധിച്ച ചൈനയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ ഇരു രാജ്യത്തെയും നേതാക്കള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് വന്‍ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

ഒ­ക്ടോ­ബര്‍ 24 2009 11.10 am IST